കിഷ്‌കിന്ധ

നീ കടലില്‍ ഇറങ്ങി നിന്നിട്ടുണ്ടോ  ?
അരയോളം..
നെഞ്ചോളം..
കഴുത്തോളം..
അങ്ങനെ കഴുത്തോളം കടലില്‍ മുങ്ങി നില്‍ക്കുമ്പോള്‍ തിര വന്നു നമ്മളെ കശക്കിയെറിയും.. നേരെ നില്‍ക്കാന്‍ നമ്മള്‍ കഷ്ടപ്പെടും. നേരെ നില്‍ക്കാന്‍ പറ്റിയവര്‍ നിന്നു പിഴച്ചു പോകും. അല്ലാത്തവരുടെ ശ്വാസം കടലെടുത്തു കാണും..
കടലാണ് പ്രണയം. !
അതിനു നിങ്ങള്‍ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ?  ആദ്യമായി കണ്ട ഒരാള്‍ തന്നോട് എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന സംശയം പോലുമില്ലാതെ താര ചോദിച്ചു.
ഇല്ല.
പിന്നെങ്ങെനെ നിങ്ങള്‍ക്കിതൊക്കെയറിയാം?
കടലിനെ എനിക്ക് പേടിയായിരുന്നു. പണ്ടൊരുനാള്‍ കടപ്പുറത്ത് പോയപ്പോള്‍ അച്ഛന്‍ എന്നെയും കൊണ്ട് കടല്‍ നനയാനിറങ്ങി. പേടി കാരണം മാറി നിന്ന എന്റെ കയ്യില്‍ പിടിച്ച്, മുന്നില്‍  മുട്ടുകുത്തി നിന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ എന്നോടുള്ള സ്‌നേഹം കണ്ടു. എനിക്കൊന്നും വരാന്‍ സമ്മതിക്കില്ല എന്ന വാശി കണ്ടു. പിന്നെ ഞാന്‍ പേടിച്ചില്ല. അച്ഛന്റെ കൈ പിടിച്ച് ഞാന്‍ കടലിലേക്കിറങ്ങി.
അരയോളം..
നെഞ്ചോളം…
കഴുത്തോളം…
അവസാനം ഞാന്‍ കടലില്‍ പൂര്‍ണമായ് മുങ്ങി. തിരമാലകള്‍ എന്നെ മുക്കി കൊണ്ടേയിരുന്നു. കടലിനടിയില്‍ എന്നെ രക്ഷിക്കാന്‍ അച്ഛന്‍ വരുന്നത് ഞാന്‍ അടഞ്ഞ കണ്ണുകളാല്‍ കണ്ടു. കണ്ണു തുറപ്പോള്‍ ചുറ്റും വെള്ളം മാത്രം. ശ്വാസം മുട്ടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അവസാനം മണലില്‍ നനഞ്ഞു കുതിര്‍ന്നു ബോധമില്ലാതെ ഞാന്‍ കിടന്നു . അച്ഛന്‍ വന്നില്ല. ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ അമ്മയുടെ മടിത്തട്ടും  എന്നെ തേടി വന്നില്ല. അവസാനം ഞാനറിഞ്ഞു, അമ്മയോടുള്ള തീരാത്ത പ്രണയത്തിലാണ് അച്ഛന്‍ മുങ്ങിയതെന്നു . വറ്റിയ കടലായിരുന്നു അമ്മയെന്നു.
നിര്‍ജ്ജീവമായ ആ കണ്ണുകള്‍ താരയെ അസ്വസ്ഥയാക്കി. ജനലിലൂടെ വീശുന്ന തണുത്ത കാറ്റ് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുക്കി. മനസ്സിനെ പ്രശ്‌നത്തിലാഴ്ത്തിക്കൊണ്ട് ഉത്തരങ്ങള്‍ പെറ്റുക്കൂട്ടുന്ന  കടംകഥയുടെ ശാന്തത അയാളില്‍ അവള്‍ കണ്ടു.
അടക്കിയിരുത്താന്‍ പറ്റാത്ത ഒരു ചോദ്യം അവളില്‍ നിന്നുമുയര്‍ന്നു.
നിങ്ങള്‍ എന്തിനിങ്ങനെ കൃത്രിമമായ് സംസാരിക്കുന്നു?
എന്നെ എവിടെയെങ്കിലും വെച്ച് കണ്ട ഓര്‍മ്മയുണ്ടോ?
മറുപടി ഒരു ചോദ്യത്തില്‍ കുടുക്കിക്കൊണ്ട് അയാള്‍ ചിരിച്ചു.
നര ഒളിച്ചുകളി നടത്തുന്ന താടിരോമങ്ങളിലും കുഴിഞ്ഞ കണ്ണുകളിലും പരിചിതമുഖങ്ങള്‍ ആരും തന്നെ പെട്ടുപോയിട്ടില്ലെന്നു  ഉറപ്പു വരുത്തിക്കൊണ്ടവള്‍ ഇല്ലെന്നു പറഞ്ഞു.
മുന്‍പൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ കൃത്രിമമായാണ് സംസാരിക്കുതെന്നു എങ്ങനെ നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുന്നു.? ഓരോ മനുഷ്യരും സംസാരിക്കുന്നത് വ്യത്യസ്തമായ രീതിയിലല്ലേ!
ശരിയാണ്. തന്റെ തെറ്റ് താരക്ക് മനസിലായതപ്പോളാണ്. കാലേക്കൂട്ടി അറിയാത്തൊരുവന്റെ സംസാരം കൃത്രിമമാണെ് വിധിച്ചതില്‍ അവള്‍ വിഷമിച്ചു കൊണ്ട് പറഞ്ഞു, സാധാരണ ആരും ഇത്ര വടിവൊത്ത ഭാഷയില്‍….
മുന്‍വിധി.
അവളുടെ വാക്യത്തെ ഒറ്റവാക്കില്‍ നിഷ്‌കരുണം വധിച്ചു കൊണ്ടയാള്‍ നേരെയിരുന്നു. ഒന്നും മിണ്ടാനാകാതെ, പുറത്തേക്ക്  നോക്കി താരയിരുന്നു. ബസ് കാട് കയറാന്‍ തുടങ്ങിയിരുന്നു. ഓരോ മരത്തിലും ഓരോ ഇലയിലും ചുറ്റിപിണഞ്ഞു വരുന്ന തണുത്ത കാറ്റ് അവളെ അലോസരപ്പെടുത്തി.
നിറഞ്ഞു നിന്ന നിശബ്ദതയെ മുറിച്ചു കൊണ്ട് അല്‍പസമയത്തിനു ശേഷം അയാള്‍ തനിക്ക് ഇറങ്ങാനുള്ള സ്ഥലമായെന്നു പറഞ്ഞു. ബസ് അപ്പോഴും കാടിനു പുറത്തെത്തിയിരുന്നില്ല.
നേരം വെളുക്കാതെ ഈ കാടിനു നടുവില്‍ ഇറങ്ങാന്‍ നിങ്ങള്‍ക്ക് പേടിയില്ലേ? അതും ഒറ്റക്ക്.
ഈ സമയത്ത് എങ്ങോട്ട് പോകും നിങ്ങള്‍?
ചോദ്യങ്ങളെ വക വെക്കാതെ അയാള്‍ ഇറങ്ങി പോയി. അകന്നു പോയ ബസിന്റെ ശബ്ദത്തോടൊപ്പം അടുത്ത് വരുന്ന മറ്റൊരു ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി. കൊലുസണിഞ്ഞ രണ്ടു കാലുകള്‍ പിന്തുടരുന്നത് മനസിലാക്കിയപ്പോഴേക്കും തിരിചു വിളിക്കാനാത്ത ദൂരത്തിലേക്ക് ബസ് എത്തിയിരുന്നു.
നീ എന്തിനിവിടിറങ്ങി? നിന്നെ കാത്തിരിക്കുവര്‍ക്ക് പേടിയാവില്ലേ നിന്നെ കാണാഞ്ഞ്.. അതെന്താ നീ ഓര്ക്കാത്തത്.. നീ പോകുതാണ് നല്ലത്.. അയാള്‍ ദേഷ്യപെട്ടു.
പറഞ്ഞത് മുഴുവിപ്പിക്കാതെ ബസ് ഇറങ്ങിയത് നിങ്ങളല്ലേ.. എനിക്കാണെങ്കില്‍ ഒന്നും മനസിലായുമില്ല. പിന്നെ എന്നെ കാത്തിരിക്കുന്നവരെയോര്ത് ഇയാള്‍ വിഷമിക്കേണ്ട, അങ്ങനെ ആരും എനിക്കില്ല.
മറുപടി കേട്ട് അയാള്‍ ഞെട്ടി. ബസില്‍ കണ്ട ഏതോ ഒരു മനുഷ്യന്റെ വാകുകളുടെ അര്‍ത്ഥം കിട്ടാന്‍ വേണ്ടി നട്ടപാതിരക്ക് അയാളുടെ കൂടെ പോകുന്ന ഒരു പെണ്ണ്.! എന്ത് പെണാണിത്.
ഈ രാത്രിയില്‍ ഒരു മനുഷ്യനെ ഒറ്റക്കാക്കി പോകാന്‍ പറ്റിയ സ്ഥലമല്ല ഈ കാട്. അടുത്ത ബസ് വരുന്നത് വരെ കാത്തിരിക്കാനുള്ള സമയവും എനിക്കില്ല. എന്റെ കൂടെ വരൂ. രാവിലെ ഞാന്‍ ബസ് കയറ്റി വിടാം. അയാള്‍ താരയോട് പറഞ്ഞു.
എന്നാലും എന്ത് കണ്ടിട്ടാണ് ഒരു പെണ്ണ് രാത്രിയില്‍ അപരിചിതന്റെ കൂടെ നടക്കാന്‍ ധൈര്യപെടുക.? ഇലകളും ചെടികളും വകഞ്ഞു മാറ്റി നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു.
ചിലപ്പോളൊക്കെ അങ്ങനെയാണ്, ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാകില്ല. അവളുടെ മറുപടി കേട്ട് അയാള്‍ ആശ്ചര്യപെട്ടു.
നീ എന്നെ പോലെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. നരച്ച താടിരോമങ്ങള്‍ ഇളക്കികൊണ്ടയാള്‍ ചിരിച്ചു. കാടറിയാതെ ചിരിക്കാനുള്ള അയാളുടെ പ്രവീണ്യം അവളില്‍ അത്ഭുതമുണ്ടാക്കി.
കാടും രാവും മുറിച് നടക്കുമ്പോള്‍ താര പലതും ചോദിച്ചു കൊണ്ടേയിരുന്നു. ഒന്നിനും അയാള്‍ മറുപടി പറഞ്ഞില്ല. മറുപടി കിട്ടാത്തതിന്റെ ദേഷ്യം അവളുടെ നടത്തത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തിരിഞ്ഞു നിന്ന് അവളോടായി പറഞ്ഞു.
കാടിന്റെ ശബ്ദം സംഹാരതിന്റെത് കൂടിയാണ്. അതിനെ നിശബ്ധമായിരിക്കാന്‍ അനുവധികൂ.
അവരുടെ വഴി ചെന്നു കയറിയത് കാടിനുള്ളിലെ ഏതോ ഒരു ഊരിലെക്കാന്. ചുള്ളികള്‍ കൂ ട്ടി തീയിട്ട് ചൂട് കായുന്ന ഒരു പറ്റം മനുഷ്യരെ അവള്‍ കണ്ടു. മുഷിഞ്ഞതും മുരിഞ്ഞതുമായ വസ്ത്രങ്ങളണിഞ്ഞു, ശോഷിച്ച ശരീരമുള്ള കുറച്ചു പേര്‍. അയാളെ കണ്ടതും അവര്‍ അടുത്തേക്ക് വന്നു. അവരുടെ നില്പിലും നടപ്പിലും അയാളോടുള്ള ബഹുമാനം നിറഞ്ഞു നിന്നിരുന്നു. പരിഭവം നിറഞ്ഞു നിന്ന ചില കുഞ്ഞുമുഖങ്ങളെയും അവള്‍ അവിടെ കണ്ടു. വരാന്‍ വൈകിയതിന്റെ പരിഭാവമാണതെന്ന് അവരുടെ സംസാരത്തിലൂടെ അവള്‍ക്ക് മനസിലായി. മാഷ്ടര്‍ എന്ന ആ വിളിയില്‍ അവര്‍ അയാളെ പ്രതിഷ്ടിച്ചിരിക്കുന്ന സ്ഥാനവും അവള്‍ക്ക് തിരിച്ചരിയാനാവുന്നതായിരുന്നു. ഓളമടങ്ങിയപ്പോള്‍ അവള്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ ഇവിടെ എന്ത് ചെയ്യുന്നു?
അക്ഷരങ്ങളോടൊപ്പം ഇവരെ ചിന്തിക്കാന്‍ കൂടി പഠിപ്പിക്കുന്നതാണെന്റെ പണി. അയാള്‍ പറഞ്ഞു.
കൂട്ടത്തില്‍ നിന്നും ഒരാളെ വിളിച്ചു അയാള്‍ എന്തോക്കെയോ നിര്‍ദേശങ്ങള്‍ കൊടുത്തു.
രാവിലെ വാഹനം കയറ്റി വിടാം. ഇപ്പോള്‍ ഉറങ്ങിക്കോളൂ. അയാളുടെ കൂരയില്‍ സുഖമായി കിടക്കാം നിനക്ക്. അയാള്‍ താരയെ നോക്കി പറഞ്ഞു.
മുന്‍പേ നട ഊരുവാസിയുടെ കൂടെ താര നടന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുറേ കുട്ടികല്കിടയില്‍ ഇരുന്നു സംസാരിക്കുന്ന താടിയുള്ള ഒരു കുഞ്ഞിനെ ആണ് അവള്‍ക്ക് കാണാന്‍ സാധിച്ചത്.
തോലിക്കുള്ളിലെക്ക് കുത്തിയിറങ്ങുന്ന തണുപ്പ് കാരണം അധികനേരം കിടക്കാനോ ഉറങ്ങാനോ അവള്‍ക്ക് സാധിച്ചിരുിന്നില്ല. അയാളുടെ കൂടെ തിരിച്ചു റോഡിലേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു. നിങ്ങള്‍ ഇന്നലെ പറഞ്ഞ കഥകളൊന്നും എനിക്ക് മനസിലായില്ല.
വലിയ കഥകള്‍ ഒന്നുമില്ല എനിക്ക്. വിവാഹശേഷം അമ്മക്ക് മറ്റൊരു പ്രണയബന്ധമുണ്ടായി. ആ ബന്ധതോടൊപ്പം അമ്മയും പോയതിന്റെ വിഷമത്തിലും അപമാനതിലുമാകാം അച്ഛന്‍ എയെും കൂട്ടി ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിതിരിച്ചത്. അവസാനം ഞാന്‍ മാത്രമായി. അയാള്‍ സ്വന്തം കഥ വിശദീകരിച്ചു.
നിങ്ങള്‍ക്ക് അമ്മയോട് എന്നിട്ട് ദേഷ്യമൊന്നുമില്ലേ?
എന്തിനു? അമ്മക്ക് ശരിയെന്നു തോന്നിയതാണവര്‍ ചെയതത്. അത് തെറ്റാണെന്നു ചാപ്പ കുത്താന്‍ ഞാന്‍ ആരാ.. അയാളുടെ മറുപടി കേട്ട് തൊണ്ട വരളുന്നത് അവള്‍ തിരിച്ചറിഞ്ഞു.
അത് കൊണ്ടാണോ നിങ്ങള്‍ മാവോയിസ്റ്റായത്?
ആ ചോദ്യം കേട്ടിട്ടു അയാള്‍ ഉറക്കെ ചിരിച്ചു. കാട് അതിനൊത്ത് കൂടെ ചിരിച്ചു.
എന്റെ കഥ മനസിലായില്ലെങ്കില്ലെന്താ സ്‌റേറ്റ് പറയുന്ന കഥകള്‍ നന്നായി മനസിലാകുന്നുണ്ടല്ലോ തനിക്ക്. ചിരിച്ചു കൊണ്ടയാള്‍ പറഞ്ഞു.
തന്റെ പേരെന്താനെന്നു ഞാനിത് വരെ ചോദിച്ചില്ല.
അച്ഛന്റെയും അമ്മയുടെയും കൂടെ ആ പേരും കടല് കൊണ്ട് പോയതാണ്. പണ്ട്.. അയാള്‍ അവളെ നോക്കി വീണ്ടും വീണ്ടും ചിരിച്ചു. മുന്നോട്ടൊന്നേന്തി അയാളുടെ കഴുത്തിന് കുറുകേ കൈകള്‍ പിടിച്ചുകൊണ്ടു അവള്‍ പറഞ്ഞു,
എനിക്ക് അറിയാം തന്റെ പേര്. വാലി.. അതാണ് നീ..
ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകളില്‍ നിന്നും ഒഴുകി വരുന്ന പ്രണയത്തിന്റെ കടലില്‍ താന്‍ മുങ്ങി താഴുന്നത് അയാള്‍ തിരിച്ചറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *