ഭൂപടങ്ങള്‍ തിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

മറീന അബ്രാമോവിചിനെ പറ്റി കേട്ടിട്ടുണ്ടോ നീ?
ഗാര്‍ഗിയില്‍ നിന്നും വന്ന ആ ചോദ്യം അടിഞ്ഞു കൂടിയ പാട  പോലെ സ്വന്തം അഭിമാനത്തിനു മുകളില്‍ അലോസരമുണ്ടാക്കുന്നതായിരുന്നെങ്കിലും, നിസംഗഭാവത്തില്‍ അറിയാമെന്നു മാത്രം പറഞ്ഞ് അതിനെ ഊതിയകറ്റി ചായ കുടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധിച്ച് അവനിരുന്നു. ഒരു ദിവസത്തിന്റെ മുഴുവന്‍ ക്ഷീണം കുടിച്ചിറക്കിതീര്‍ക്കുന്ന സായാഹ്നങ്ങളിലൊന്നിലും അവള്‍ രാജീവിന്റെ മനസ്സ് അങ്ങനെ മുറിച്ചിട്ടില്ല.
കൊച്ചിയിലെ അറിയപെടുന്ന ഒരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് ആണ് ഗാര്‍ഗി. നാടകങ്ങളും സിനിമയും അല്ലാതെ പെര്‍ഫോമിംഗ് അര്‍ട്‌സിന് മറ്റു തലങ്ങളും ഉണ്ടെന്ന് കൊച്ചിക്കാരെ പഠിപ്പിച്ചവള്‍. തപസ്സ് ചെയ്യുന്ന യോഗിനിയെ പോലെ ഏകാഗ്രമായി നിന്ന്, സ്വന്തം ചിന്തകളെ തന്റെ ശരീരത്തിന്റെ പല വിധ നിര്‍മിതികളാല്‍ കാഴ്ചക്കാരിലേക്ക് അസ്ത്രം പോലെ തുളച്ചിറക്കാന്‍ കഴിവുള്ളവള്‍.  എന്തോ വിചിത്രമായ ആശയത്തിനു ചിറക് മുളച്ചിട്ടുണ്ട്. അല്ലെങ്കില്‍ അവളുടെ ചോദ്യങ്ങള്‍ ഇങ്ങനെ പറന്നു നടക്കില്ല. രക്തയോട്ടം കൂടി ചുവന്നു പ്രസാദിച്ച ആ മുഖം അത് വ്യക്തമാക്കുന്നുണ്ട്. ഇന്നലെ വരെ ലോകത്തിന്റെ പോക്കില്‍ വിഷമിച്ചിരുന്ന, വാ മൂടികെട്ടി ശരീരമാസകലം ബന്ധിച്ച് കാശ്മീരിനെ ബലാത്സംഗം ചെയ്ത് ഇല്ലാതാക്കി എന്ന് പറഞ്ഞു കരഞ്ഞ ഗാര്‍ഗിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ആരോ ആണ് തന്റെ മുന്നില്‍ ഇരിക്കുന്നതെന്ന് അവനു തോന്നി.  എന്നാലും റിഥം സീരീസുകളെ പറ്റിയും, മറിനയെ പോലെ ലോകം ആഘോഷിച്ച ഒരു പെര്‍ഫോമിംഗ് ആര്ട്ടിസ്റ്റിന്റെ തപസ്സിനെ പറ്റിയും,  ആ ജീവിതത്തെ പറ്റിയും, ചൈനീസ് വന്മതിലിന് കുറുകെ നടന്നു കൊണ്ട് ഉലെയുമായുള്ള പ്രണയം പിരിഞ്ഞതുമൊക്കെ പറഞ്ഞു വെളുപ്പിച്ച രാത്രികള്‍ ഒരു സായാഹ്നത്തില്‍ അവളെങ്ങനെ മറന്നു എന്നവന്‍ ആശ്ചര്യപെട്ടു. വായനക്കാരുടെ എണ്ണത്തില്‍ മുഴുത്ത ഒരു മഞ്ഞപത്രത്തിന്റെ കലാബോധമില്ലാത്ത ഫോട്ടോഗ്രാഫര്‍ മാത്രമായി തന്നെ ഗാര്‍ഗി കാണുന്നുണ്ടാകാമെന്ന് അവന് തോന്നി. അരക്ഷിതത്വത്തിന്റെ മനോനിര്‍മിതികള്‍ക്കിടയില്‍, പണ്ടൊരിക്കല്‍ രഘു റായിയുമായുള്ള അഭിമുഖത്തിനു തന്റെ കൂടെ അവള്‍ വന്നത് അവന്‍ ഓര്‍ത്തു.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേക്ക് മാറിയ കാലത്തിന്റെ ഉരുകിയൊലിച്ച ചിത്രങ്ങള്‍ പ്രായാധിക്യത്തിന്റെ ചുളിവുകളായി അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. തൊപ്പിക്കടിയിലെ നിഴലില്‍ പുത്തന്‍ ദൃശ്യങ്ങള്‍ തേടിയെന്ന പോലെ രണ്ടു കണ്ണുകള്‍ സദാ ചലിച്ചു കൊണ്ടിരുന്നു. അഭിമുഖമെന്നതിലുപരി അദേഹത്തോടൊപ്പം കുറച്ചു നേരം ചിലവഴിക്കാനും ആ ഓര്‍മകളില്‍ ജീവിതകാലം മുഴുവന്‍ അഭിരമിക്കാനും വേണ്ടിയാണ് ഫോര്‍ട്ട് കൊച്ചിയിലെ ആ പഴയ ഹോട്ടലിലേക്ക് അവന്‍ ഗാര്‍ഗിയേയും കൂട്ടി ചെന്നത്.  മരവുരുപ്പടികളുടെ ആര്‍ഭാടത്തിനു  കീഴില്‍ അദ്ദേഹം ഇരുന്ന സ്ഥലങ്ങള്‍ പോലും ഒരു നല്ല ഫോട്ടോക്ക് വേണ്ട എല്ലാ വിധ ലക്ഷണങ്ങളുമൊത്തതായിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യാന്‍ ഈ സ്ഥലം തന്നെ മതിയോ എന്ന് അദ്ദേഹം ഇടക്കിടക്ക് ചോദിക്കുന്നുണ്ടായിരുന്നു. അഭിമുഖം അവസാനിച്ച് പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ അവള്‍ രാജീവിനോട് ചോദിച്ചു.
രഘു റായി എന്തേ ആത്മഹത്യ ചെയ്തില്ല?
എന്ത്?
പല ദുരന്തങ്ങളുടെയും ഫോട്ടോകള്‍ എടുത്ത് ആ പ്രശ്‌നത്തിനു ജനശ്രദ്ധ നേടി കൊടുത്ത ശേഷം  ആ ഫോട്ടോകളിലുള്ളവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് മനസ്സ് മടുത്തു ആത്മഹത്യ ചെയ്ത കെവിന്‍ കാര്‍ട്ടെര്‍മാരുടെ കൂട്ടത്തില്‍ രഘു റായി ഇല്ലല്ലോ?. ഫോട്ടോക്ക് അപ്പുറത്തെ ജീവിതങ്ങള്‍ കാണാന്‍ അയാള്‍ക്ക് സാധിക്കാഞ്ഞത് കൊണ്ടാവില്ലേ.?
നിനക്ക് നേരിട്ട് ചോദിച്ചൂടാരുന്നോ?
അയാളുടെ കണ്ണ് കണ്ടാല്‍ എങ്ങനെ ചോദിയ്ക്കാന്‍ പറ്റും.. എപ്പോഴും ഏതോ ഫോട്ടോക്കുള്ള ഫ്രെയിം തപ്പി നടക്കുന്ന പോലൊരു നോട്ടം.
നോക്ക് ഗാര്‍ഗി, ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്നതിലും എത്രയോ ചുരുക്കം ചിത്രങ്ങളേ അയാള്‍ പബ്ലിഷ് ചെയ്യുള്ളൂ. കാഴ്ചക്കാരന്റെ കണ്ണില്‍ അല്ല, ഹൃദയത്തില്‍ പതിയുന്ന ചിത്രങ്ങള്‍ ആണ് പബ്ലിഷ് ചെയ്യപ്പെടുന്ന ഓരോന്നും. ഒരാള്‍ പോലും ആ ചിത്രങ്ങളിലേക്ക് നോക്കാന്‍ പറ്റാതെ മുഖം തിരിച്ചു പോകരുത്. അങ്ങനെ വന്നാല്‍ ഫോട്ടോഗ്രാഫര്‍ക്ക് ആശയവിനിമയത്തിനുള്ള ഇടം സ്വന്തം ഫോട്ടോകളില്‍ നഷ്ടപെടും.
നീയെന്താ പറഞ്ഞു വരുന്നത്? തൃപ്തികരമല്ലാത്തതെന്തോ കേട്ടത് പോലെ അവള്‍ ചോദിച്ചു.
ഫോട്ടോകളില്‍ നീ കണ്ടിട്ടുള്ളതിലും ഭീകരമായ ദൃശ്യങ്ങള്‍ ഹൃദയം കൊണ്ട് അദ്ദേഹം പകര്‍ത്തിയിട്ടുണ്ടാകും. പകര്‍ത്താതെ വിട്ടിട്ടുള്ള എത്രയെത്ര സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കാണും.  ഇനിയും വരാനിരിക്കുന്നതും പകര്‍ത്താനിരിക്കുന്നതുമായ പോരാട്ടങ്ങളുടെ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറയും ജനങ്ങളും കാത്തിരിക്കുമ്പോള്‍ ആത്മഹത്യ പോലൊരു എളുപ്പപണിക്ക് അദ്ദേഹം പോകുമെന്ന് എനിക്ക് തോന്നുന്നില്ല.
ആത്മഹത്യ ഒരു ആയുധം തന്നെയല്ലേ.?
ജീവിതം അതിലും വലിയ ആയുധമായി തോന്നിയിട്ടുണ്ടാകും.
തൃപ്തിപെടുത്തുന്ന ഇടങ്ങളിലെവിടെയുമെത്താതെ ആ സംഭാഷണം അങ്ങനെ ഡച്ച് കോട്ടകൊട്ടാരങ്ങള്‍ താണ്ടി കൊച്ചിയുടെ ചരിത്രത്തിന്റെ ഇരുട്ടില്‍ അവസാനിച്ചു.
ഗാര്‍ഗി അങ്ങിനെയാണ്. അവളുടെ ചോദ്യങ്ങള്‍ കേള്‍വിക്കാരനെ ഏതെങ്കിലും ഒരു കയത്തില്‍ കൊണ്ടുപോയിടും. ആശ്ചര്യത്തിന്റെ, വേദനയുടെ, ദേഷ്യത്തിന്റെ, ചിലപ്പോള്‍ അപമാനത്തിന്റേയും.  
എന്താണ് നിന്റെ പുതിയ ആശയം? രാജീവ് ചോദിച്ചു.
റിഥം 0 ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നു.
അവന്‍ ഒന്ന് ഞെട്ടി. ഉറച്ച തീരുമാനങ്ങളെടുക്കാന്‍ അവള്‍ക്കുള്ള കഴിവിനെ രാജീവിന് ബഹുമാനമായിരുന്നു. അതില്‍ നിന്നും അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണെന്ന് അറിയാമായിരുന്നിട്ടും അവന്‍ അതിനു ശ്രമിച്ചു.
അത് വേണോ? നിനക്ക് അറിയാലോ മറീനക്ക് പോലും കടുത്ത പീഡനങ്ങള്‍ കാഴ്ചക്കാരില്‍ നിന്നും ഏറ്റു വങ്ങേണ്ടി വന്ന ഐറ്റം ആണ് അത്. ഇവിടത്തെ ആള്‍ക്കാര്‍ക്ക് അത്ര പോലും മയം കാണില്ല. വലിച്ചു കീറി എടുത്തുടുക്കും.
ഞാന്‍ തീരുമാനിച്ചതാണ് രാജീവ്.. അടുത്ത വെള്ളിയാഴ്ച വൈകീട്ട് ആറു മണി മുതല്‍ പന്ത്രണ്ട് മണി വരെ അഗ്‌ന കഫെ ഗാലറിയില്‍ വെച്ച് പരിപാടി നടക്കും.
ഏറ്റവും അടുപ്പമുള്ളയാളെ ഒറ്റ വാക്ക് കൊണ്ട് ഏറ്റവും ദൂരേക്ക് പറഞ്ഞയക്കാന്‍ അത്രയും നാള്‍ വിളിച്ചുകൊണ്ടിരുന്ന ചെല്ലപേര് മറന്ന് യഥാര്‍ത്ഥ പേര് വിളിച്ചാല്‍ മതി. തങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ വന്നിട്ടില്ല എന്ന് തിരിച്ചറിയുമ്പോഴേക്കും രണ്ടു പേര്‍ക്കിടയിലും സൃഷ്ടിക്കപെട്ട അകലം വലുതായിരിക്കും. ദൂരെ നില്‍ക്കുന്നയാള്‍ എത്രയുറക്കെ പറഞ്ഞാലും കേട്ടില്ല എന്ന് നടിക്കാന്‍ ആ സമയത്ത് എളുപ്പമാണ്. നാവു പൊള്ളിക്കുന്ന ചുടുവാക്കിനെ അയാള്‍ ഊതി കുടിച്ചിറക്കി. അവന് പരിക്കേല്‍ക്കുന്നത് ശ്രദ്ധിക്കാതെ അവള്‍ തുടര്‍ന്നു.
മുപ്പത്തഞ്ചു  വസ്തുക്കള്‍ മേശയുടെ പിറകില്‍ നിരത്തി വെച്ചിരിക്കും. അതിന്റെ പുറകില്‍ ഞാനും നില്‍ക്കും. കാഴ്ചക്കാര്‍ക്ക് ഞാനടക്കമുള്ള മുപ്പത്താറ് വസ്തുക്കള്‍ ഉപയോഗിച്ച് എന്തും ചെയ്യാം. ആ പിന്നെ ഈ ആക്ടില്‍ എന്റെ വക ഒരു മോഡിഫിക്കേനുണ്ട്. മുറിയുടെ ചുമരുകള്‍ കണ്ണാടി കൊണ്ട് ഉണ്ടാക്കിയതായിരിക്കും.
രാജീവിന്റെ വാക്കരിഞ്ഞിട്ടു ഗാര്‍ഗി മുന്നോട്ട് പൊക്കോണ്ടിരിക്കുകയാണ്. കൂടെ പോകാനല്ലാതെ അവന് മറ്റു നിര്‍വാഹമില്ല.
എന്തിനാണ് കണ്ണാടിചുമരുകള്‍ ?
ആളുകള്‍ എന്തൊക്കെ ചെയ്യുമെന്ന് അവരും കാണട്ടെന്നെ. അപ്പോഴല്ലേ അതിനൊരു രസം വരൂ.
അപ്പോ ആ മുപ്പത്തഞ്ചു  വസ്തുക്കളോ?
അതില്‍ പലതും കാണും. പൂക്കളും പുസ്തകവും പേനയും നിറതോക്കും വരെ. ചരിത്രത്തില്‍ നാടിനും പെണ്ണിനും നേരെ ഉപയോഗിക്കപെട്ടിടുള്ള ആയുധങ്ങള്‍.
തോക്കൊക്കെ വേണോ? ഒന്ന് മയപ്പെടുതുന്നതല്ലേ നല്ലത്? അവനിലെ പേടി വര്‍ദ്ധിച്ചു.
ആയുധങ്ങള്‍ ഭയപ്പെടുത്താനുള്ളതല്ലേ.. മയപ്പെടുത്താനല്ലല്ലോ രാജീവേ.
എന്നാല്‍ സമയമെങ്കിലും മാറ്റികൂടെ? പകല്‍ പെര്‍ഫോം ചെയ്യുന്നതല്ലേ നല്ലത്?
പറ്റില്ല. വെളിച്ചത്തില്‍  നിന്നും കടുത്ത ഇരുട്ടിലേക്ക് മാറുന്ന ആ സമയത്ത് തന്നെ വേണം എനിക്ക് പെര്‍ഫോം ചെയ്യാന്‍. ഈ കാലത്തിന്റെ സംക്രമണം സമയത്തില്‍ അനുഭവിക്കാന്‍ പറ്റണം. അതെന്റെ പെര്‍ഫോമന്‍സിനെ ഒന്നു കൂടെ നന്നാക്കും.
കാഴ്ചക്കാരുടെ സ്വഭാവത്തെ അത് ബാധിക്കും. നിനക്കത് ആപത്താണ്.
കാഴ്ചക്കാരുടെ സ്വഭാവം മാറുന്നുണ്ടെങ്കില്‍ എന്റെ പെര്‍ഫോമന്‍സ് ജയിച്ചു തുടങ്ങി എന്നല്ലേ അര്‍ത്ഥം.
എനിക്ക് പക്ഷെ നിന്നെയോര്‍ത്ത് ഭയമുണ്ട്
രാജീവ് ശരിക്കും എന്നെക്കുറിച്ചല്ല, ഈ ലോകത്തെക്കുറിച്ചോര്‍ത്താണ് ഭയപ്പെടേണ്ടത്.
ആവര്‍ത്തിച്ച് കേട്ട് കൊണ്ടിരിക്കുന്ന സ്വന്തം പേര് തങ്ങളുടെ ഇടയിലെ അകലം വല്ലാതെ കൂട്ടുന്നു എന്ന തിരിച്ചറിവില്‍ തന്നെ അവന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. അടുത്ത ഒരാഴ്ച കൊണ്ട് തിരിച്ചെത്താനാകാത്ത വിധം ഏതോ തുരുത്തില്‍ അകപ്പെട്ടിരുന്നു അവന്‍. അവന് ചുറ്റും മദ്യം അബോധത്തിന്റെ പുഴ തീര്‍ത്തു. അവളുടെ മുന്നില്‍ ദിവസം ചെല്ലും തോറും അവന്‍ ശക്തി കുറഞ്ഞ് ഭീരുവായി മാറിക്കൊണ്ടിരുന്നു.
ഫ്‌ലാറ്റിന്റെ വാതിലില്‍ തോറ്റ് പോയൊരു ബലപ്രയോഗത്തിന്റെ പിന്നാലെ വന്ന കാളിംഗ് ബെല്‍ കേട്ടാണ് അവളുടെ വെള്ളിയാഴ്ച പുലര്‍ന്നത്. പുറത്ത് രാജീവിന്റെ കണ്ണുകള്‍ മദ്യം കലര്‍ത്തിയ രാത്രിയുടെ സാക്ഷിയായി നിന്നു.
നീ പോകരുത്. രാജീവ് ചുമരില്‍ താങ്ങി അകത്തേക്ക് കയറി.
എങ്ങോട്ട്? സംസാരം അടുക്കാന്‍ പോകുന്ന കര ഏതാണെന്നറിഞ്ഞു കൊണ്ട് തന്നെ അവള്‍ ചോദിച്ചു.
നീ ചെയ്യരുത്. മദ്യത്തിന്റെ ചുഴിയില്‍ നിന്നും പുറത്ത് വന്നു ഏതെങ്കിലും ഓരത്ത് ചേര്‍ന്ന് നില്‍ക്കാന്‍ അവന്‍ ആഗ്രഹിച്ചു. അവനു കൂടുതല്‍ സംസാരിക്കാനുണ്ടായിരുന്നു.
നമ്മള്‍ ഇതിനെ പറ്റി പല വട്ടം പറഞ്ഞതല്ലേ രാജീവ്. ഇനി മിണ്ടണ്ട. അതാവും നല്ലത്.
കണ്ണീരിന്റെ ഭാരം കാരണം സോഫയിലേക്ക് വീണു പോയ അവനെ ശ്രദ്ധിക്കാതെ ഗാര്‍ഗി അവളുടെ പണികളിലേക്ക് തിരിഞ്ഞു. എല്ലാം തീര്‍ത്ത് പുറത്ത് പോകാനിറങ്ങിയപ്പോളേക്കും രാജീവ് ഉറങ്ങിപോയിരുന്നു. എഴുന്നേല്‍പ്പിക്കാന്‍ നില്‍ക്കാതെ അവനുള്ള നിര്‍ദേശങ്ങള്‍ സ്റ്റിക്കി നോട്ടിന്റെ മഞ്ഞയില്‍ നിറച്ച് അവള്‍ കഫെയിലേക്ക് പോയി.
ആഴ്ചയുടെ മുഴുവന്‍ ക്ഷീണവും പേറി ആഗ്‌ന കഫെയിലേക്ക് അതിഥികള്‍ വന്നു തുടങ്ങിയിരുന്നു. കണ്ണാടി ചുമരുകള്‍ക്കുള്ളിലെ ആ മുറിയില്‍ നഗരത്തിന്റേതില്‍ നിന്നും വാരാന്ത്യത്തിന്റെ ആലസ്യത്തിലേക്ക് ഊളിയിടുന്ന ഒരു ജനതക്കു മുന്നില്‍ നിന്ന് കൊണ്ട് ഗാര്‍ഗി സംസാരിച്ചു തുടങ്ങി.
സാങ്കേതികവിദ്യ അളവില്‍ കൂടുതല്‍ വികസിച്ചു കഴിഞ്ഞ ഈ കാലത്ത്.. ഏതൊരു പ്രക്രിയയും വളരെ പെട്ടെന്ന് തന്നെ ചെയ്തു കിട്ടണം എന്ന വാശിയുള്ള ഈ കാലത്ത്.. നമ്മള്‍ അറിയാതെ നമ്മളെ കൊണ്ട് വികാരങ്ങളെ, സ്ത്രീകളെ, മനുഷ്യരെ, മൃഗങ്ങളെ, കാടിനെ, മലകളെ അങ്ങനെ അങ്ങനെ എന്തിനെയും ഏതിനെയും ഒബ്‌ജെക്ടിഫൈ ചെയ്യിപ്പിക്കുകയാണ് ചില ആളുകള്‍. അതിനു ഒത്താശ ചെയ്യുന്ന ഭരണകൂടത്തിനെതിരേ.. അത്തരം മനുഷ്യര്‍ക്കെതിരെയുള്ള ഒരു കലാകാരിയുടെ  പ്രതിഷേധമാണ് ഈ ആക്റ്റ്. കല വിപ്ലവത്തിന്റെ രൂപഭാവങ്ങളില്‍ ഒന്ന് മാത്രമാണെന്ന അടിയുറച്ച വിശ്വാസത്തില്‍ നിന്ന് കൊണ്ട് ഞാന്‍ എന്റെ പ്രതിഷേധം അടയാളപെടുത്തുകയാണ്.
എന്റെ മുന്നിലുള്ള ഈ മേശയില്‍ മുപ്പത്തഞ്ചു വസ്തുകള്‍ വെച്ചിട്ടുണ്ട്. കാലങ്ങളായി നാടിനെയും മനുഷ്യരെയും സ്ത്രീകളെയും മറ്റും ബന്ധപെട്ടു ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ള പല വസ്തുകള്‍ ആണ് അവ. മുപ്പത്താറാമത്തെ വസ്തുവായ് മേശക്ക് അപ്പുറത്ത് ഞാന്‍ നില്‍ക്കും. കാണികളും ഭാഗമാകുന്ന ഈ ആക്ടില്‍ നിങ്ങള്‍ക്ക് ആ വസ്തുകള്‍ ഉപയോഗിച്ച് എന്തും ചെയ്യാവുന്നതാണ്. പരിപൂര്‍ണ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഈ മുറിയില്‍ ലഭ്യമാണ്. വസ്തുക്കള്‍ ഒന്നും തന്നെ മുറിക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ പാടില്ല എന്ന് മാത്രം ഓര്‍മിപ്പിച്ച് കൊണ്ട് ആക്ട് ആരംഭിക്കുകയാണ്.
ക്ലോക്കില്‍ ആറു തവണ മണിയടിച്ചു.  ഗാര്‍ഗിയുടെ മുഖത്ത് നിന്നും ഭാവങ്ങള്‍ അപ്രത്യക്ഷമായി. മജ്ജയും മാംസവുമുള്ള ഒരു വസ്തു മാത്രമായി അവള്‍ ആ മുറിയില്‍ നിന്നു. എന്താണ് അവള്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാവാതെ കാണികളും. കുറച്ച് നേരം അവളേയും മേശയില്‍ വെച്ചിരിക്കുന്ന വസ്തുക്കളേയും നോക്കി നിന്ന അവര്‍ പതിയെ മുറിയില്‍ നിന്നും പോകാന്‍ തുടങ്ങി. ആ സന്ധ്യയില്‍ ആഗ്ന കഫെ കാണികളെ തേടി വഴിയരികില്‍ നിലകൊണ്ടു. അകത്ത്, ശരീരം മുഴുവന്‍ മൂടുന്ന കറുപ്പിന്റെ നെഞ്ചില്‍ A എന്ന് വലുതായി എഴുതിയ ഉടുപ്പിട്ട് അവളും.
സമയം പൊയ്‌കൊണ്ടിരുന്നു. ചായം  പൂശിയ നീണ്ട മുടിയും കട്ടി താടിയുമുള്ള ഒരു യുവാവ് മുറിയിലേക്ക് കടന്നു വന്നു. മേശപുറത്ത് എഴുതി വെച്ച നിയമാവലി പഠിച്ച്,  നിരത്തി വെച്ച വസ്തുകളില്‍ നിന്നും ഒരു റോസാപ്പൂവെടുത്ത് അയാള്‍ ഗാര്‍ഗിയുടെ നേരെ ചെന്നു. അവളുടെ കഴുത്തില്‍ റോസാപ്പൂ കൊണ്ട് തലോടിയ ശേഷം അത്  കയ്യില്‍ വെച്ച് കൊടുത്തിട്ട് ചെവിയില്‍ പറഞ്ഞു.
ഫോര്‍ ദി ബ്യൂടിഫുള്‍ ആര്‍ട്ടിസ്റ്റ്.
അയാളുടെ വാക്കുകളില്‍ പ്രണയത്തിന്റെ മധുരം തുളമ്പുന്നുണ്ടായുരുന്നു. അയാളുടെ കൈകള്‍ തീര്‍ത്ത ആവരണത്തിനടിയില്‍ അവളുടെ കൈകളും റോസാപ്പൂവും ഞെരിഞ്ഞമര്‍ന്നു. മുള്ളുകള്‍ അവളുടെ കൈകളില്‍ ചുവപ്പ് പടര്‍ത്തി. ഭാവമാറ്റങ്ങള്‍ ഒന്നുമില്ലാതെ ഗാര്‍ഗി തന്റെ നില്‍പ്പ് തുടര്‍ന്നു. അവളുടെ പ്രതികരണത്തില്‍ നിരാശ ബാധിച്ച അയാള്‍ കവിളില്‍ മെല്ലെ ഒരുമ്മ വെച്ചിട്ട് നടന്നകന്നു. അവളുടെ ഉള്ളംകൈയില്‍  റോസാപ്പൂവിന്റെ ഇതളുകള്‍ ചോര വാര്‍ന്നു കിടന്നു.
ആര്‍പ്പും വിളികളുമായി വിദ്യാര്‍ത്ഥികളുടെ ഒരു സംഘം പിന്നാലെ വന്നു. ഞരമ്പിലൂടെ ഒഴുകുന്ന ഊര്‍ജ്ജത്തിന്റെ ഉന്നതിയില്‍ അവര്‍ കത്രിക കൊണ്ടവളുടെ മുടി മുറിച്ചു.  ഒരുവന്‍ അവളുടെ വസ്ത്രം വലിച്ചു കീറി. വായ്ത്താരി പാടികൊണ്ടവര്‍ അവളെ പൊക്കിയെടുത്ത് ഒരു തീവണ്ടി കണക്കിന് മുറിയില്‍ വട്ടം ചുറ്റി. മടുത്തപ്പോള്‍ സംഘം പുത്തന്‍ ഊര്‍ജ്ജങ്ങളും തേടി പോയി. ചാക്രികമാണ് ചരിത്രമെന്ന തിരിച്ചറിവില്‍ അവള്‍ തന്റെ വികൃതമാക്കപ്പെട്ട ശരീരത്തെ നോക്കി. നിലത്ത് മുറിച്ചെറിയപ്പെട്ട നീളന്‍ മുടി കിടക്കുന്നു. വലിച്ചു കീറപ്പെട്ട വസ്ത്രവും അതിലെ അക്ഷരവും കിടക്കുന്നു.
ഇതെല്ലാം കണ്ടു കൊണ്ട് തന്റെ ഊഴം കാത്തെന്ന പോലെ മുറിയുടെ മൂലക്ക് നിന്നിരുന്ന ഒരാള്‍ അവളുടെ അടുത്തേക്ക് വന്നു. അവളുടെ നഗ്‌നമായ നെഞ്ചിനു നേര്‍ക്ക് അയാളുടെ കൈകള്‍ നീണ്ടു. അവയില്‍ ഞെരിഞ്ഞമര്‍ന്ന മുലകള്‍ അവളെ വേദന തീറ്റിച്ചു കൊണ്ടിരിക്കുമ്പോളാണ് ആക്രോശത്തിന്റെ രൂപത്തില്‍ ഒരാള്‍ മുറിയിലേക്ക് കടന്നു വന്നത്. മേശപ്പുറത്തിരുന്ന തോക്കെടുത്ത് ഒന്നാമനു നേരെ ചൂണ്ടികൊണ്ടാണ് അയാള്‍ ആക്രോശിക്കുന്നത്. ഏതോ ശില്പി കൊത്തിയെടുത്തത് പോലെ ഉറച്ച ശരീരമുള്ള അയാളുടെ കയ്യില്‍ തോക്ക് ഒരു ആയുധത്തിന്റേതായതിലുമധികം ഭീതി ജനിപ്പിച്ചു. ആ ഭീതിയുടെ അമ്പരപ്പില്‍ മാറി നിന്ന ഒന്നാമന് നേരെ അയാള്‍ നിറയൊഴിച്ചതും ഗാര്‍ഗിയുടെ പ്രതിബിംബങ്ങളിലൊന്നു വലിയ ശബ്ദത്തോടെ തകര്‍ന്നു വീണു. ഉന്നം തെറ്റി കിട്ടിയ ജീവനും കൊണ്ട് ഒന്നാമന്‍ ഓടി പോയി. വെടിയൊച്ച കേട്ട് വന്ന കാവല്‍ക്കാരനെ അവള്‍ കണ്ണുകള്‍ കൊണ്ട് പറഞ്ഞു വിട്ടു.
ഞങ്ങക്ക് പണിയാക്കണ്ട, ഇത് കയ്യില്‍ തന്നെ വെച്ചോ. അവളുടെ കയ്യില്‍ തോക്ക് കൊടുത്തേല്‍പ്പിച്ചിട്ട് രണ്ടാമനും മുറിയില്‍ നിന്നും പോയി.
ക്ലോക്കില്‍ എട്ടു മണിയായിരുന്നു. മുറിയില്‍ അര്‍ദ്ധനഗ്‌നയായ ഗാര്‍ഗി ഒരു കയ്യില്‍ റോസാപ്പൂവും മറുകയ്യില്‍ നിറതോക്കുമായി നില കൊണ്ടു. കണ്ണാടിയില്‍ അവളുടെ പ്രതിബിംബം പല ആവര്‍ത്തി നിര്‍മ്മിക്കപെട്ടു. അങ്ങോട്ട് കടന്നു വരുന്നവര്‍ ഒന്നുകില്‍ അവളുടെ നഗ്‌നത ആസ്വദിച്ച ശേഷം പിന്നത്തെ ആവശ്യങ്ങള്‍ക്ക് വേണ്ടി അതിനെ മൊബൈലില്‍ അവാഹിച്ചിട്ടു പോയി, അല്ലാത്തവര്‍ കണ്ണ് പൊത്തി ഓടി.
എവിടെ നിന്നോ ഒരു കുഞ്ഞു പെണ്‍കുട്ടി ഓടി മുറിയിലേക്ക് കേറി വന്നു. വന്ന അതേ വേഗത്തില്‍ നാണിച്ചു കൊണ്ടവള്‍ തിരിച്ചോടി. തൊട്ടു പിന്നാലെ തന്നെ അവളുടെ കയ്യും പിടിച്ച് ഒരു സ്ത്രീ കയറി വന്നു. അവര്‍ ഗാര്‍ഗിയെ തന്നെ നോക്കി നിന്നു. ഞെരിഞ്ഞു ചുവന്ന മുലകള്‍ അവരില്‍ സഹതാപം സൃഷ്ടിച്ചു. അവളുടെ കയ്യില്‍ നിന്നും റോസപുഷ്പവും തോക്കും എടുത്തു മാറ്റി പകരം മേശപുറത്തിരുന്ന ഒരു പുസ്തകം രണ്ടു കൈയിലും കൂടി നിവര്‍ത്തി പിടിപ്പിച്ച് അതിനെ നെഞ്ചിനു മുകളില്‍ ഉറപ്പിച്ച് അവര്‍ അവളുടെ നഗ്‌നത മറച്ചു.
Vaginas and butterflies… പൂവും പൂമ്പാറ്റയും…
കണ്ണാടിയിലെ പ്രതിബിംബത്തില്‍ ഗാര്‍ഗി പുസ്തകത്തിന്റെ പേര് വായിച്ചു.
തര്‍ജ്ജമകള്‍ക്കിടയില്‍ നഷ്ടപ്പെട്ട് പോയതിനെ കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് അടുത്ത കാണിയുടെ വരവും കാത്ത് അവള്‍ നിന്നു.
പിന്നെയും പലരും വന്നു, അവളുടെ പാതി പൂത്ത നഗ്‌നതയെ കണ്ട് നാണിച്ചും ചിലപ്പോഴൊക്കെ വെറുത്തും ആളുകള്‍ ആ മുറി വിട്ടു പോകാന്‍ ധൃതി വെച്ചു.
സമയം പതിനൊന്നു മണിയോടടുത്തു. കാലുകള്‍ ക്ഷീണിച്ചു തുടങ്ങിയിരുന്നു. മണിക്കൂറുകളായി ഇങ്ങനെ ഒരേ നില്‍പ്പ് നില്‍ക്കാന്‍ തുടങ്ങിയിട്ട്. കാലിലേക്കുള്ള  രക്തയോട്ടം ഇപ്പോള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ചെവികള്‍ തുരന്ന് ഒരു മൂളല്‍ എവിടെ നിന്നോ വരുന്നുണ്ട്. ശരീരം മുഴുവന്‍ വിയര്‍ത്തൊട്ടിയിരിക്കുന്നു. വിയര്‍പ്പിന്റെ ഉപ്പു കലര്‍ന്ന ചൂട് രാത്രിയുടെ തണുപ്പില്‍ അസ്വസ്ഥത മാത്രമേ ഉണ്ടാക്കുന്നുള്ളൂ. സമയം വേഗം പോയിരുന്നെങ്കില്‍… രാജീവിനെപോലെ സോഫയിലേക്ക് വീണു കിടന്നുറങ്ങാന്‍ അവള്‍ ആഗ്രഹിച്ചു. പരിപാടി തുടങ്ങികഴിഞ്ഞു ഇത്രയും നേരമായിട്ടും, ഒറ്റക്ക് നിന്ന സമയങ്ങള്‍ ഉണ്ടായിട്ടും അവന്‍ ഓര്‍മകളില്‍ പോലും വന്നില്ലല്ലോ എന്നോര്‍ത്ത് ഗാര്‍ഗി അതിശയിച്ചു. എഴുന്നേറ്റു കാണില്ല. അല്ലെങ്കില്‍ ഇവിടേക്ക് എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നല്ലോ.
തനിക്കു മുന്നേ എത്തണമെന്ന കരാറില്‍ പറഞ്ഞു വിട്ട പുളിച്ച കള്ളിന്റെ മണവും ചുണ്ടിലൊരു ബീഡിയുമായൊരാള്‍ അങ്ങോട്ട് കടന്നു വന്നു. കണ്ണാടിയിലെ സ്വന്തം പ്രതിബിംബം നോക്കി സലാം പറഞ്ഞ് അയാള്‍ മേശപുറത്തുള്ള വസ്തുക്കളിലേക്കും ഗാര്‍ഗിയെയും മാറി മാറി നോക്കി. അവസാനം ഒരു മാര്‍ക്കര്‍ പെന്‍ തിരഞ്ഞുപിടിച്ച് അവളുടെ അടുത്തേക്കെത്തി. കയ്യിലെ പുസ്തകം മാറ്റി അവളുടെ നെഞ്ചില്‍ അയാള്‍ എഴുതി
ഓരോ വീടും ഒരു കോട്ടയാണ്.
ഹെലെന്‍ ബോലെക്കിന്റെ പാട്ട്. ഗാര്‍ഗി കണ്ണാടിയില്‍ നോക്കി വായിച്ചു.
അഭയകേന്ദ്രങ്ങള്‍ നമ്മുടെ പള്ളികൂടമാണ്,.
നമ്മുടെ ഭാഷയിലും വിപ്ലവം ജയിക്കട്ടെ.
അയാള്‍ അതിനെ ഒന്ന് കൂടെ പാടി  ഉറപ്പിച്ചു.
കാട്ടിലെ മനുഷ്യര്‍ക്ക് കടന്നു കയറ്റത്തിനെതിരേ പറഞ്ഞു കൊടുത്തിരുന്ന പ്രതിരോധത്തിന്റെ വരികള്‍ അവള്‍ക്ക് ഓര്‍മ്മ വന്നു.
കാടിന്റെ മക്കള്‍ ആണെങ്കിലും
ഞങ്ങടെ ഊരിന്റെ ഉടയോന്‍ ഞങ്ങള്‍ തന്നെ.
അഞ്ചാം മണിക്കൂറിന്റെ ആലസ്യത്തില്‍  അവള്‍ മെല്ലെ ചൊല്ലി.  കരണം പുകഞ്ഞൊരു അടിയായിരുന്നു മറുപടി. മെല്ലെയെന്നു കരുതി ചൊല്ലിയ ശബ്ദം പുറത്ത് വന്നിരുന്നെന്ന തിരിച്ചറിവില്‍ നിലത്ത് വീണു  കിടന്ന അവളുടെ കയ്യില്‍ നിന്നും ഉണ്ടയില്ലാത്ത തോക്ക് പിടിച്ചു വാങ്ങി പ്രയോഗിച്ച് തോറ്റതിന്റെ അപമാനം നാഭിക്കിട്ടു ചവിട്ടിയിട്ട് അയാള്‍ തീര്‍ത്തു,
കൂത്തിച്ചീ, നിന്റെ തുണിയില്ലാ സമരം കണ്ടപ്പോഴേ ഞാന്‍ ഊഹിക്കേണ്ടതായിരുന്നു നിന്റെ ചായ്വ് അങ്ങോട്ടന്നെ ആവൂന്ന്.
പുലഭ്യം പറഞ്ഞു കൊണ്ടയാള്‍ വേച്ച് വേച്ചു നടന്നു പോയി.
അവള്‍ എഴുന്നേറ്റു നില്‍ക്കാന്‍ നോക്കി.  നിവരാന്‍ വേദനയും നില്‍ക്കാന്‍ കാലുകളും സമ്മതിക്കുന്നില്ല. നിലത്ത് ചുരുണ്ട് കിടന്നവള്‍ ക്ലോക്കിലേക്ക് നോക്കി. ഒരു മണിക്കൂറു കൂടിയുണ്ട്. ശരീരത്തില്‍ ആകമാനം തണുപ്പ് കയറുന്നു. ആരും വരാതിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചു പോയി.
സൗന്ദര്യവല്‍ക്കരണത്തിന്റേതായ മിനുക്കുപണികളും വെട്ടിയൊതുക്കലുകളും നേരിട്ട മുഖവും ശരീരവും പേറി അവസാനത്തെയാളും വന്നു. ഇസ്തിരിയിട്ട കുപ്പായം ധരിച്ചു വന്ന അയാളുടെ മുഖം നഗ്‌നതയില്‍ തണുത്തു കിടക്കുന്ന അവളെ കണ്ടതും ചുമന്നു. മേശപ്പുറത്തിരുന്ന ചൂരലെടുത്ത് അയാള്‍ അവളെ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി.
നിന്റെ കഴപ്പ് മാറ്റാന്‍ എനിക്ക് അറിയാടീ..
ദേഷ്യത്താല്‍ നഖങ്ങളും ദംഷ്ട്രകളും നീണ്ട് ഭീകരമായ ആകൃതം പൂണ്ട ഒരു മൃഗം അവളോട് അമറി. ചൂരല്‍ പൊട്ടിയപ്പോള്‍ കൈ കൊണ്ടും പിന്നീട് ഇരുമ്പ് ദണ്ഡെടുത്തും അയാള്‍ അവളെ നിര്‍ത്താതെ പ്രഹരിച്ചുകൊണ്ടിരുന്നു. എഴുന്നേല്‍ക്കാനും അയാളില്‍ നിന്നും ഓടി രക്ഷപെടാനും അവള്‍ ആഗ്രഹിച്ചു. അയാളില്‍ നിന്നും വമിച്ചു കൊണ്ടിരുന്ന കാലാധിക്യം കൊണ്ട് വീര്യം കൂടി പോയ ലഹരിയുടെ മണം പരിചയം പുതുക്കാന്‍ സാധിക്കാതെ അവളുടെ ഓര്‍മകളിലെവിടെയോ പാതിബോധത്തില്‍ കിടന്നു.    ആല്‍ത്തറയിലേക്കോടി കേറിയ കുഞ്ഞിന്റെ കയ്യില്‍ നിന്നും വഴിയിലെ ഇലകളില്‍ വീണു പോയ ചന്ദനം ചുവന്നു വരുന്നത് അവള്‍ക്ക് കാണാനാവുന്നുണ്ടായിരുന്നു. ഇല്ലാതായികൊണ്ടിരുന്ന ബോധത്തില്‍ യോനിയിലൂടെ കയറി വരുന്ന ലോഹത്തിന്റെ തണുപ്പ് അവള്‍ അറിഞ്ഞു. വേദന കൊണ്ടവള്‍ അലറി കരഞ്ഞു. രക്തത്തിന്റെ ഉഷ്ണം അവളുടെ നഗ്‌നതയെ പുതപ്പിച്ചു. കരച്ചില്‍ കേട്ട് ആളുകള്‍ ഓടി കൂടിയപ്പോഴാണ് ഗാര്‍ഗിയുടെ രക്തം നിലത്ത് വരഞ്ഞ ഭൂപടത്തിന്റെ തല വെട്ടി ഒതുക്കുന്ന തിരക്കില്‍ നിന്നും  അവസാനത്തെ കാഴ്ചക്കാരന്‍ തലപൊക്കി നോക്കിയത്. കാലങ്ങളായി രാകി മിനുക്കിയെടുത്ത തന്റെ ശരീരത്തില്‍ രക്തം പുരണ്ടതിന്റെ പ്രതിബിംബം കണ്ണാടിയില്‍  കണ്ടത് താങ്ങാനാകാതെ ഒരു ഭ്രാന്തന്റെ അലര്‍ച്ചയില്‍ കണ്ണാടികള്‍ തകര്‍ത്ത് അയാള്‍ ആള്‍ക്കൂട്ടത്തിലേക്കോടി മറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *