ശവക്കുഴി തോ(താ)ണ്ടുന്നവർ.

പള്ളിപെരുന്നാൾ കഴിഞ്ഞ് രാത്രി വൈകിയെത്തിയതിന്റെ ക്ഷീണം ഉറങ്ങി തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൊബൈലിലേക്ക് ആ വിളി വന്നത്. ജനലിലൂടെ വെളിച്ചം പോലും അകത്തേക്ക് കടക്കാൻ ഒന്ന് മടിക്കുമ്പോഴാണ് യാതൊരു കൂസലും കൂടാതെ ഫോൺവിളിയുടെ രൂപത്തിൽ ശല്യം വരുന്നത്. ഫോൺ ഓഫ് ആക്കി വെക്കാൻ മറന്നതിനെ സ്വയം കുറ്റപ്പെടുത്തിക്കൊണ്ടും വിളിച്ചവന്റെ കുടുംബത്തെ മുഴുവൻ മനസ്സിൽ പ്രാകിക്കൊണ്ടും വിളി എടുക്കുകയല്ലാതെ വേറെ വഴിയില്ല. ജോലി അതായി പോയി. 

‘ഹലോ.’.

അപ്പുറത്ത് നിന്നും ശബ്ദം ഉയർന്നു, കോൺസ്റ്റബിൾ സുധീരൻ ആണ്.  സ്റ്റേഷനിലേക്ക് ഉടനെ ചെല്ലണമെന്ന ആവശ്യം പതിവ് പോലെ ബഹുമാനം അഭിനയിച്ചു കൊണ്ടവതരിപ്പിച്ചു. 

‘ഏത് തന്തയില്ലാ കഴുവേറി എന്ത് അവരാതിത്തരമാടോ ചെയ്ത് വെച്ചേക്കുന്നത്?’ ഉറക്കം നഷ്ടപെട്ടതിന്റെ സകല ദേഷ്യവും അയാളുടെ വായിലൂടെ പുറത്ത് ചാടി. 

‘സാറേ അതീ രാവുണ്ണി ബിജുവാണ്. പള്ളിക്കാരൊക്കെ ഇളകിയിരിക്കുവാ. സാറൊന്നു വേഗം വാ. അല്ലേൽ കൈ വിട്ടു പോകും.’ സുധീരന്റെ വാക്കുകളിൽ ഉണ്ടായിരുന്ന ഭയം യഥാർത്ഥമായിരുന്നു. അതു മനസിലാക്കിയെന്നോണം അയാൾ കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ കിടക്കയിൽ നിന്നും സ്വന്തം ശരീരത്തെ വലിച്ചു പുറത്തേക്കിട്ടു. 

കിട്ടിയ ബനിയനും പാന്റും എടുത്തുടുത്ത് അയാൾ  ബൈക്കിൽ കയറി. രാവുണ്ണി ബിജുവിന്റെ മുഖത്തിട്ടെന്നോണം അയാൾ ബുള്ളറ്റിന്റെ കിക്കറിൽ ആഞ്ഞു ചവിട്ടി. ഒറ്റയടിക്ക് തന്നെ വണ്ടി സ്റ്റാർട്ട് ആയി മുന്നോട്ടു കുതിച്ചു തുടങ്ങി. 

രാവുണ്ണി ബിജു ഇതാദ്യമായല്ല അയാളുടെ ഉറക്കം കളയുന്നത്. അയാളുടെ മാത്രമല്ല മിക്കവാറും നാട്ടുകാരുടെ എല്ലാം ഉറക്കം പല വിധത്തിൽ കളഞ്ഞതിനു ഇഷ്ടം പോലെ കേസുകളും അവന്റെ പേരിൽ കിടപ്പുണ്ട്. സ്ഥലം മാറ്റം കിട്ടി ഈ നാട്ടിലേക്ക് വന്ന അന്ന് പോലീസ് സ്റ്റേഷനിലേക്ക് ചെന്നപ്പോൾ സെല്ലിൽ ഒരു കൂസലുമില്ലാതെ ബോധം കെട്ടുറങ്ങുന്ന ബിജുവിനെ കണ്ടത് അയാൾ ഓർത്തു. ഈ നാട്ടിൽ താൻ ആദ്യമായി കണ്ട പ്രശ്നക്കാരനും അവൻ തന്നെയാണ് എന്ന് ഓർമ്മയോട് അയാൾ കൂട്ടിച്ചേർത്തു. പ്രായാധിക്യം മൂലം കിടപ്പിലായിരുന്ന വറീദ് മാപ്പിളയെ കഞ്ചാവടിച്ചു വീട്ടിൽ കയറി പേടിപ്പിച്ചു കൊന്നു എന്ന കേസിലാണ് അന്ന് അവൻ സെല്ലിൽ കിടന്നിരുന്നത്. ഭാഗ്യം കൊണ്ടാണോ അതോ രാവുണ്ണിയേട്ടനോടുള്ള കടപ്പാട് കൊണ്ടാണോ എന്നറിയില്ല, മാപ്പിളയുടെ മക്കൾ ആ കേസ് പിൻവലിച്ചു. അന്നത്തെ ദേഷ്യത്തിന് അയാൾ അവരെ പറയാത്ത ചീത്തയില്ല. കഞ്ചാവടിച്ചു തെമ്മാടിത്തരം കാട്ടുന്ന ഇമ്മാതിരി ആളുകളെയൊക്കെ കഴിയുന്നതും അകത്തിടുന്നതാണ് നല്ലതെന്ന് എത്ര പറഞ്ഞിട്ടും മാപ്പിളയുടെ മക്കൾക്ക് തലയിൽ കയറിയില്ല.

സാറിനതാണ് ശരിയെന്നു തോന്നുന്നുണ്ടാകും. പക്ഷെ, എന്റെ അപ്പൻ കിടപ്പിലായിട്ട് വർഷങ്ങളായി. ആ കിടപ്പ് കണ്ട് സഹിക്കാൻ പറ്റാതെ വിഷാദം വന്ന് മനഃശാസ്ത്രജ്ഞനെ പോയി കാണാത്ത ആരും എന്റെ കുടുംബത്തിൽ ഇനി ബാക്കിയില്ല. ആ കണക്കിന് നോക്കിയാൽ അവൻ ചെയ്തത് ഒരു പുണ്യപ്രവർത്തിയാണ്. രാവുണ്ണിയേട്ടനോടുള്ള കടപ്പാട് മാത്രമല്ല ഈ തീരുമാനത്തിന് പിന്നിൽ.

‘നാട്ടുകാർ എന്ത് പറയും എന്നെങ്കിലും ആലോചിച്ചു കൂടെ?’

‘അപ്പൻ ചത്ത് സ്വത്ത് കിട്ടിയപ്പോൾ കൊന്നവനെ വെറുതെ വിട്ടു എന്ന് പറയുമായിരിക്കും നാറികൾ. അത് സാരമില്ല. അതും നോക്കിയിരുന്ന് ജീവിക്കാനൊന്നും പറ്റില്ലല്ലോ’ എന്നും പറഞ്ഞു കൊണ്ടയാൾ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോയി. പോകുന്ന വഴിക്ക് പുറത്ത് നിന്നിരുന്ന രാവുണ്ണിയേട്ടനോട് എന്തൊക്കെയോ സംസാരിക്കുന്നതും രാവുണ്ണിയേട്ടൻ അയാളെ ആശ്വസിപ്പിക്കുന്നതും ഒടുക്കം കൈ കൂപ്പിക്കൊണ്ട് അവർ തമ്മിൽ വിട പറയുന്നതും സ്റ്റേഷന്റെ അകത്ത് ഇരുന്നു കൊണ്ട് ജനലിലൂടെ അയാൾ കണ്ടു.

അന്ന് ആദ്യമായി അയാളുടെ മുന്നിലേക്ക് രാവുണ്ണിയേട്ടൻ വന്നു. യാതൊരു വിധ അഹങ്കാരവും ഇല്ലാതെ, കാറ്റിൽ ദിശാബോധമില്ലാതെ തകർന്ന് ഒഴുകുന്ന ഒരു പായ്കപ്പൽ പോലെ ഒരാൾ.  ബിജുവിന്റെ അപ്പൻ ആണെന്ന് പരിചയപ്പെടുത്തി അയാൾ കസേരയിലേക്ക് ഇരുന്നു. തളർന്നു വീണുവെന്ന് പറയുന്നതാവും കൂടുതൽ യോജിക്കുക. പിന്നീട് പല വട്ടം, പല കേസിലായിട്ട് ബിജു ആദ്യവും അവനെ ഇറക്കാൻ രാവുണ്ണിയേട്ടൻ പിന്നാലെയും സ്റ്റേഷൻ കയറിയിറങ്ങി. 

രാവുണ്ണിയേട്ടൻ ഒരു പരോപകാരി ആയിരുന്നു. നാട്ടുകാരുടെ ആവശ്യത്തിന് കയ്യും കണക്കുമില്ലാതെ അയാൾ തന്റെ സ്വത്ത് ചിലവഴിച്ചു. രാവുണ്ണി നടന്നു വരുന്നത് കാണുമ്പോൾ ആളുകളുടെ മുഖത്തു ആദ്യം ബഹുമാനവും പിന്നാലെ സഹതാപവും മാറി മാറി പ്രത്യക്ഷപ്പെടുന്നത് അയാൾ ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യത്തേത് അപ്പൻ ഉണ്ടാക്കിയെടുത്തത് ആണെങ്കിൽ രണ്ടാമത്തേത് മകൻ കൊടുത്ത സമ്മാനമാണ്. 

സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ പെരുന്നാൾ പറമ്പിൽ കണ്ട സകലരുമുണ്ട്. എല്ലാവർക്കും അകത്ത് നടക്കുന്നത് എന്താണെന്ന് അറിയാത്തതിന്റെ പ്രയാസമുണ്ടെന്നു തെളിഞ്ഞു കാണുന്നുണ്ട്. ബുള്ളെറ്റിന്റെ ശബ്ദം കേട്ട് സുധീരൻ പുറത്തേക്ക് ഓടി വന്നു. അയാളുടെ മുഖത്തു ഒരു ആശ്വാസം തെളിഞ്ഞു വന്നു. പാർക്കിങ് ലോട്ടിലേക്ക് ഓടി വന്നതും അയാൾ സാറേ പ്രശ്നമാ എന്നും പറഞ്ഞ് തലയിൽ കൈ വെച്ചു.

പള്ളീം പട്ടക്കാരും എളകാനും മാത്രം എന്ത് മൈരാ അവൻ ചെയ്ത് വെച്ചേക്കുന്നത്‌? നഷ്ട്ടപെട്ട ഉറക്കങ്ങൾ  വേദനയായി ഖനീഭവിച്ചു തുടങ്ങിയ മുതുകിലും കഴുത്തിലുമൊക്കെ തടവിക്കൊണ്ട് അയാൾ ചോദിച്ചു.

‘അവൻ അപ്പന്റെ ശവക്കുഴി തോണ്ടി സാറേ.’.

‘അത്രേ ഉള്ളോ.. പെരുന്നാളിന് വലിച്ചത് കൂടി പോയിട്ടുണ്ടാകും നാറിക്ക്. അതിന്റെ കഴപ്പാ. ശരിയാക്കി കൊടുക്കാ..’ അയാളുടെ മുഷ്ടി ചുരുട്ടി അതിൽ ആഞ്ഞൊന്നു തിരുമ്മി. 

‘അത് മാത്രല്ല സാറേ..’

‘പിന്നെ?’

പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കാനെന്നോണം സുധീരൻ അടുത്തേക്ക് വന്ന് ചെവിയിൽ സ്വകാര്യം പറയാണെന്നോണം അടുത്തേക്ക് വന്നു നിന്നു.

വിളി വന്ന തിരക്കിൽ പല്ലു തേക്കാൻ മറന്നത് പെട്ടെന്ന് ഓർമ വന്ന അയാൾ സുധീരനെ പതിയെ അകലത്തേക്ക് തള്ളി നിർത്തി. അതൊന്നും കാര്യമാക്കാതെ സുധീരൻ തുടർന്നു.

‘അവൻ രാവുണ്ണിയേട്ടന്റെ ശവം തോണ്ടിയെടുത്തു എന്നു മാത്രല്ല അത് വെട്ടി മുറിച്ച് പട്ടിക്ക് ഇട്ടു കൊടുത്തു. പെരുന്നാൾ കഴിഞ്ഞു പോയ നാട്ടുകാരാണ് സംഭവം കണ്ടത്. അപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു,’

‘തെളിവിന് വല്ലോം ബാക്കി ഉണ്ടോ?’

‘നാട്ടുകാരെ കണ്ടപ്പോൾ പട്ടികൾ ഓടി. അവസാനത്തെ കഷണം അവൻ തിന്നൂന്നാ അവന്മാര് പറയണേ. അവൻ ആണെങ്കിൽ ഒന്നും മിണ്ടുന്നുമില്ല.’ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും പറ്റാത്ത അവസ്ഥ. സംസാരത്തിന് വിരാമമിട്ട് സുധീരൻ ഒന്നു കിതച്ചു.

‘ഇങ്ങനെ ഒരു പരനാറി. അവന്റെ അടിനാഭി കലക്കും ഞാൻ. കള്ളും കഞ്ചാവും അടിച്ച് കേറ്റി ചെയ്ത് കൂട്ടുന്നതിനൊക്കെ ഒരു പരിധിയുണ്ട്.’ അയാളിൽ ദേഷ്യം തിളച്ച് പൊന്തി. അയാൾ സ്റ്റേഷന്റെ പടിക്കെട്ടിൽ കയറി നാട്ടുകാരിൽ സംഭവം കണ്ടവരല്ലാത്തവരോടൊക്കെ സ്ഥലം വിടാൻ പറഞ്ഞു. ദേഷ്യം കൊണ്ട് അയാളുടെ നടത്തത്തിന്റെ വേഗത കൂടി. ചുമരിൽ ചാരിവെച്ചിരിക്കുന്ന ലാത്തികളിൽ ഒന്നെടുത്ത്  അയാൾ സെല്ലിന് നേരെ ചെന്നു. പള്ളിവികാരിയും പ്രമുഖന്മാരും അയാളെയും കാത്ത് അകത്തെ കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരെ കണ്ടതും അയാളുടെ നടത്തത്തിന്റെ ദിശ മാറി.

‘അച്ചോ.. അച്ചനൊന്നും പറയാൻ നിക്കണ്ട. ഇത്രേം കാലം ഇവന് വക്കാലത്ത് കൊണ്ട് വന്നത് മതി. ഇനി  ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം. പരാതി എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി തന്നിട്ട് പോക്കോ.’ ലാത്തി മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് അയാൾ കസേരയിൽ ഇരിപ്പായി. വശപിശക് മനസിലായ അച്ചൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ്‌ പുറത്ത് പോയി. 

പുറത്ത് നിൽക്കുന്ന പ്രമുഖന്മാരുമായി അച്ചൻ എന്തൊക്കെയോ സംസാരിക്കുന്നത് അയാൾക്ക് ജനലിലൂടെ കാണാമായിരുന്നു. അച്ചൻ പോകുന്നത് വരെ അയാൾ കാത്തിരുന്നു. അപ്പോഴേക്കും ഒരാൾ വന്ന് പരാതി ഇല്ല എന്നും പറഞ്ഞു തിരിച്ചു പോയി. 

‘ഇവന്റെ അപ്പൻ രാവുണ്ണിയും ഈ പോയ അച്ചനും കൂടെ ചൂട്ട്പിടിച്ചിട്ടാ ഈ നാറി ഇങ്ങനെ ആയത്. എന്നിട്ട് ഇപ്പോഴും കണ്ടോ അയാൾക്ക് പരാതി ഇല്ലാന്ന്. ഈ അച്ചന്റെ ചേട്ടൻ തന്നെ അല്ലെടോ രാവുണ്ണി?’

അയാൾ തന്റെ ആശ്ചര്യം സ്റ്റേഷനിലെ മറ്റു പൊലീസുകാരുമായി പങ്കു വെച്ചു. 

‘അത് സാറേ, അമ്മയില്ലാത്ത ചെക്കനല്ലേ എന്നും കരുതിയാവും. ഇവന്റെ അപ്പനൊരു പാവമാ. അമ്മ തൂങ്ങി ചത്തതിൽ പിന്നെ ഇവനെ നോക്കി നോക്കി അയാൾ സ്വന്തം ജീവിതം തുലച്ചു. ഈ അച്ചനും രാവുണ്ണിയേട്ടന്റെ അതേ മനസ്സാ. ബിജു അയാൾക്കും മോനെ പോലെ തന്നെയാ.’ സുധീരൻ കാരണങ്ങളുടെ ഭാണ്ഡം തുറന്നു.

ദേഹത്തും വസ്ത്രത്തിലും നിറയെ ചളിയും അളിഞ്ഞു പോയ മാംസവും പറ്റിപിടിച്ച് ദുർഗന്ധവും വമിപ്പിച്ചു കൊണ്ട് സെല്ലിൽ അവരുടെ വരവും കാത്ത് ബിജു കൂനിക്കൂടി ഇരിക്കുന്നുണ്ടായിരുന്നു. തല്ലാനുള്ള ദേഷ്യവും കൊണ്ട് സെല്ലിൽ കയറിയ അയാൾക്ക് ഓക്കാനം വന്നു. ലാത്തി നിലത്ത് കുത്തിപ്പിടിച്ച് അല്പനേരം നിന്ന്, ആശ്വാസം വരുത്തിയ ശേഷം അയാൾ അവനെ ഒന്ന്‌ വിശദമായി നോക്കി. നാട്ടുകാർ തല്ലി പതം വരുത്തിയത് കാണാനുണ്ടായിരുന്നു. മുറിവുകളിൽ നിന്നുള്ളതാണോ അതോ അപ്പന്റെയാണോ എന്നറിയാത്ത ചോര അവന്റെ ശരീരം മുഴുവൻ കട്ട പിടിച്ച് ഇരിപ്പുണ്ടായിരുന്നു.

തലേന്നത്തെ ഉറക്കമില്ലായ്മയും സെല്ലിലെ ദുർഗന്ധവും കൂടെ അയാളെ തളർത്തി. പതിഞ്ഞ ശബ്ദത്തിൽ അയാൾ ബിജുവിനോട് ചോദിച്ചു. 

‘എന്തിനാടാ നീയിങ്ങനെ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.’

ഇരുന്ന ഇരുപ്പിൽ നിന്നും എഴുന്നേറ്റ് നിൽക്കുകയല്ലാതെ ബിജു യാതോരു മറുപടിയും കൊടുത്തില്ല. അയാൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ലാത്തി എടുത്ത് ബിജുവിന്റെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു. അതിന്റെ ആഘാതത്തിൽ ബിജു ചുമരിലേക്ക് വീണ് പോയി. വേദന കൊണ്ട് തുറന്നു പോയ ബിജുവിന്റെ വായിൽ നിന്നും പുറത്ത് ചാടിയ മാംസത്തിന്റെ പുളിച്ച മണം സഹിക്കാൻ വയ്യാതെ അവനെ വീണ്ടും അടിക്കാൻ വേണ്ടി ലാത്തി ഉയർത്തിയ അതേ സമയത്താണ് അവൻ കീശയിൽ നിന്നും എന്തോ എടുത്തു നീട്ടിയത്. അയാൾ അത് വാങ്ങി തുറന്നു നോക്കി. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ, കാലപ്പഴക്കം കൊണ്ട് മഞ്ഞിച്ച ഒരു കത്ത്. ഒരു കൈ കൊണ്ട് മൂക്ക് പൊത്തിപിടിച്ച് മറുകൈ കൊണ്ട് കത്തും വാങ്ങി അയാൾ പുറത്തേക്ക് വന്നു. സെല്ലും കൂട്ടത്തിൽ ബിജുവിനെയും വെള്ളമൊഴിച്ച് വൃത്തിയാക്കാൻ പുറത്ത് കണ്ട ആദ്യത്തെ പൊലീസുകാരനോട് പറഞ്ഞ ശേഷം അയാൾ സ്വന്തം കസേരയിൽ പോയി ഇരുന്ന് കത്ത് നിവർത്തി.

ശാന്തനും നിസ്സഹായനും ആയി മാത്രം താൻ കണ്ടിട്ടുള്ള വൃദ്ധനായ രാവുണ്ണി തെറിവിളിയോടെ കത്തിൽ കിടന്നു അമറുന്നത് കണ്ടിട്ട് അയാൾ അത്ഭുതപ്പെട്ടു

“കഴുവേറീടെ മോനേ..

നിനക്ക് കള്ളും കഞ്ചാവും വാങ്ങാൻ പണവും തന്ന്, എല്ലാ തോന്ന്യാസത്തിനും കൂടെ നിന്ന് നിന്നെ ഞാൻ വളർത്തിയത് എന്തിനാണെന്ന് നീ ആലോചിച്ചിട്ടുണ്ടാകില്ല. അതിനുള്ള ബോധം നിനക്ക് ഒരു സമയത്തും ഉണ്ടാകാതെ ഇരിക്കാൻ ഞാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇനി ആലോചിച്ചോ. ഞാൻ കുഴിയിൽ കിടക്കുമ്പോഴേ നിനക്ക് ഈ കത്ത് കിട്ടുള്ളൂ. പക്ഷെ നിന്റെ ജീവിതമെന്നത് ഞാൻ ഇത്രേം കാലമെടുത്ത് നിനക്ക് വേണ്ടി തോണ്ടിയ ശവക്കുഴിയാണ്. 

നിന്റെ തള്ള എന്നെ പറ്റിച്ച് വിളവെടുത്തതാണ് നിന്നെ. കുറേ ചോദിച്ചെങ്കിലും ആരുടെ വിത്താണെന്ന് പറയിപ്പിക്കുന്നതിന് മുന്നേ എന്റെ കൈ കൊണ്ടവൾ തീർന്നു. ആരുടെയാണെങ്കിലും അവന്റെ മുന്നിൽ നീ വഴി പെഴച്ചവനായി ജീവിക്കണം. അത് അവനുള്ള ശിക്ഷ. 

എന്റെ മുന്നിൽ കിടന്ന് നീ തീരണമെന്ന ആഗ്രഹം മാത്രം നടന്നില്ല.

ഇതു കൂടെ നീ അറിഞ്ഞോ.. നിന്റെ അമ്മ അറിഞ്ഞു കൊണ്ട് പെഴച്ചതാണ്. പക്ഷേ, നിന്നെ ഞാൻ മനപ്പൂർവ്വം പെഴപ്പിച്ചതാണ്. എന്റെ ഗ്ലാസ്സുകളിൽ മദ്യം നിറഞ്ഞത് സങ്കടം കൊണ്ടല്ല, നിന്റെ ജീവിതം താറുമാറാകുന്നത് കണ്ട സന്തോഷം കൊണ്ടാണ്. എന്റെ സ്വത്തിൽ നിനക്ക് പങ്കില്ല. നീ തെരുവിൽ കിടന്ന് ചാകുന്നത് മാത്രം കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടത്തോടെ,

രാവുണ്ണി.”

സെല്ലിൽ ബിജു കൂനിക്കൂടി ഇരിക്കുന്നുണ്ടായിരുന്നു. ഒരു ഞരക്കം പോലും കേൾപ്പിക്കാതെ അവൻ വേദനയെ ഉള്ളിലേക്ക് എടുക്കുകയാണെന്ന് അയാൾക്ക് തോന്നി. അയാൾ നോക്കി നിൽക്കെ വീട്ടി തീർക്കാനാവാത്ത പകയുടെ  നിസ്സഹായവസ്ഥ തീർത്ത ശവക്കുഴിയിലേക്ക് അവൻ ആഴ്ന്നു പോയി. 

Leave a Comment

Your email address will not be published. Required fields are marked *