കഴിഞ്ഞ രാവിന്റെ കനം അവന്റെ കണ്ണുകളില്‍ നിന്നും വിട്ടു പോയിട്ടില്ല. ജനാലയിലൂടെ മുഖത്തേക്ക് തെറിച്ചു വീഴുന്ന തുള്ളികളില്‍ ഉറക്കം നൃത്തം ചെയ്യുന്നത് അവന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. എന്നിട്ടും ഉറക്കത്തിനു പിടി കൊടുക്കാതെ അവന്‍ കിടന്നു.
മനുവിനു വര്‍ഷം കഴിഞ്ഞാല്‍ വര്‍ഷ ആയിരുന്നു പ്രാണന്‍. പ്രണയിനിയെ പിരിയുന്നത് ഒരു കാമുകന് അസാധ്യമാണല്ലോ..!!
പതുക്കെ അവന്‍ മഴയോട് സല്ലപിച്ച് തുടങ്ങി.
\’മറ്റൊരു പെണ്ണിനെ പറ്റി നിന്നോട് പറയുന്നത് നിനക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല.\’ പതുക്കെ മഴയെ നോക്കിയ ശേഷം അവന്‍ തുടര്‍ന്നു. \’നിനക്ക് അറിയാമല്ലോ, എന്റെ ഹൃദയത്തില്‍ നിന്നേക്കാള്‍ ശക്തിയില്‍ പെയ്യുന്ന വര്‍ഷയെ…\’
ആ പേര് പറയുമ്പോള്‍ അവന്റെ ചുണ്ടുകളില്‍ എപ്പോഴും ഒരു മന്ദസ്മിതം വിടരും. എന്താണ് കാരണമെന്ന് അവനു തന്നെ അറിയില്ല.
\’ഈ കസേരയില്‍ ഇരുന്ന് ഒരു കപ്പ് കാപ്പി സേവിക്കുമ്പോള്‍ നിന്റെ നൃത്തം ആസ്വദിക്കുന്നതല്ലേ എനിക്കേറ്റവും ഇഷ്ടം..\’ മനു എന്തോ പറയാന്‍ തുടരുകയാണ്., ആ സന്ദര്‍ഭത്തില്‍ അവള്‍ കൂടെ ഉണ്ടാകുന്നതാണ് എനിക്ക് കൂടുതല്‍ സന്തോഷം തരുന്ന സ്വപ്നം.
ഒരു ആത്മനിശ്വീസത്തില്‍ അവന്റെ വികാരങ്ങള്‍ മഴയോട് അലിഞ്ഞു ചേര്‍ന്നു.. ഒരു കാറ്റ്, കുറേ മഴത്തുള്ളികള്‍ അവ അവനോട് എന്താണ് പ്രശ്‌നമെന്ന് ആരാഞ്ഞു…
ഇന്ന് ഞാന്‍ അവളോട് എല്ലാം പറഞ്ഞു. മൂന്നു വര്‍ഷമായി എനിക്കും നിനക്കും മാത്രം അറിയുമായിരുന്ന എന്റെ പ്രണയം.. പെയ്തിറങ്ങുന്ന ഗുല്‍മോഹറിന്റെ ചുവട്ടില്‍ വെച്ച് അവളുടെ കരങ്ങള്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് ഞാന്‍ പറഞ്ഞു.
\’സമ്മതമാണ് എന്ന് പറഞ്ഞില്ലേലും സമ്മതമല്ല എന്ന് മാത്രം നീ പറയരുത്..\’
\’അയ്യേ.., പൈങ്കിളി..\’ ഒരു മിന്നല്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നു…
\’പ്രണയം ഒരല്‍പ്പം പൈങ്കിളി തന്നെയാ…\’ മനുവും വിട്ടു കൊടുത്തില്ല.
\’അവള്‍ എന്നോടൊരല്‍പ്പം സമയം ചോദിച്ചിട്ടുണ്ട്. അല്ലാതെ സമ്മതമല്ല എന്ന് പറഞ്ഞ് പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ലല്ലോ..\’ ആ പറഞ്ഞതില്‍ സ്വല്‍പ്പം അഹംഭാവം ഉണ്ടായിരുന്നില്ലേ എന്ന് മനു സംശയിച്ചു.
\’അത് സമ്മതമല്ല എന്ന് പറയാനാടാ..\’ മഴ തിമിര്‍ത്തു പറഞ്ഞു.
\’വേണ്ട, ഇങ്ങനെ പറയാനാണെങ്കില്‍ നീ പൊയ്‌ക്കോ\’ മനു തിരിഞ്ഞു കിടന്നു. എന്തായാലും പോകുന്നതിനു മുമ്പ് ശുഭരാത്രി നേരാന്‍ മഴ മറന്നില്ല..
മറുപടിയെന്നോണം മനു അവളെ ക്ഷണിച്ചു. വര്‍ഷയെ കാണാന്‍, താന്‍ അവളെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് കാണാന്‍.. അവള്‍ മനുവിന്റെ കൈ പിടിച്ച് വരുന്നത് കാണാന്‍..
എന്നായിരുന്നു അവളെ ആദ്യമായ് കണ്ടത്? സ്വപ്നം അവനോട് ചോദിച്ചു.
തെറ്റ്, ഞാന്‍ അവളെ വായിച്ചറിയുകയായിരുന്നു. ആദ്യമായ് വായിച്ചതെന്നാണെന്നാണ് ചോദിക്കേണ്ടത്. അവളുടെ വാക്കുകളിലെ പ്രണയമാണ് എന്റെ ഉള്ളില്‍ ഇപ്പോഴും നിറഞ്ഞ് കവിയുന്നത്. മനു വര്‍ഷങ്ങള്‍ പിറകിലേക്ക് സഞ്ചരിച്ചു.
ഹസ്സന്‍ മാഷാണ് അന്ന് ആ കഥയും കൊണ്ട് വന്നത്, മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍. ആ കഥാകാരിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം തകര്‍ക്കാന്‍ സാധിക്കുന്നതായിരുന്നില്ല. കഥ വായിച്ച ശേഷം എനിക്കും അതിനു സാധിച്ചില്ല. അവളുടെ വാക്കുകള്‍ എനിക്ക് തന്നതില്‍ ആദരവും പ്രണയവും പേരറിയാത്ത് മറ്റ് പല വികാരങ്ങളും ഉണ്ടായിരുന്നു.
എന്നെങ്കിലും ഒരിക്കല്‍ ഒരു മോതിരം അണിയിക്കണമെന്ന് ആഗ്രഹിച്ചിരുന്ന, അവളുടെ ആ നീണ്ട വിരലുകള്‍ ചൂണ്ടി ഞാന്‍ പറയുമായിരുന്നു.., \’മനോഹരങ്ങളായ ഈ വിരലുകളില്‍ ഒരു മോതിരത്തിന്റെ കുറവുണ്ട്..\’ അവള്‍ അപ്പോള്‍ തൂകുമായിരുന്ന പുഞ്ചിരി എന്നെ വല്ലാതെ ഉന്മത്തനാക്കുമായിരുന്നു.
മനുഷ്യന്റെ മനസ്സ് മനസിലാക്കാന്‍ സാധിക്കുന്ന അവള്‍ക്കെന്തേ എന്റെ പ്രണയം മനസ്സിലാകാത്തത് എന്ന് അവളുടെ സൃഷ്ടികള്‍ എന്നോട് പല തവണ ചോദിച്ചു.
കണ്ണുകള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. പതുക്കെ മനു ഉറങ്ങാന്‍ തുടങ്ങി.
********
തന്റെ ചുറ്റും ഇത്ര ഭംഗിയില്‍ പ്രകൃതി ഉണ്ടെന്ന് അവന്‍ ആദ്യമായിട്ട് ശ്രദ്ധിക്കുകയായിരുന്നു. ഉത്സാഹത്തെ സ്വയം നിയന്ത്രിച്ച് അവന്‍ നടന്നു. കാലുകള്‍ക്ക് വേഗം കൂടുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു. മനസ്സ് നിറയെ പെയ്തിറങ്ങുന്ന വര്‍ഷയില്‍ സ്വയം നനഞ്ഞ് അവന്‍ കാത്തിരുന്നു.
ഗുല്‍മോഹറിന്റെ പൂക്കളിലൂടെ പതുക്കെ മഴയും വന്ന് അവനെ വാരിപ്പുണര്‍ന്നു.
ബസ്സില്‍ നിന്നിറങ്ങുന്ന കാലുകളില്‍ അവന്‍ അവളെ തിരഞ്ഞു. മുടിയിഴകളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ കണ്ട് അവന്‍ അതിശയപ്പെട്ടു. ജലകണങ്ങളാല്‍ മൂടപ്പെട്ട അവളുടെ ചുണ്ടുകള്‍ കണ്ട് മനുവിന് തൊണ്ട വരളുന്നുണ്ടായിരുന്നു. മഴയെ തട്ടിയകറ്റാന്‍ നോക്കുന്ന ആ കണ്ണുകളില്‍ ബന്ധിക്കപ്പെടുന്നത് അവന്‍ തിരിച്ചറിഞ്ഞു. ആ ഒരു നിമിഷം മതിയായിരുന്നു അവനു അവളോടുള്ള പ്രണയം ഇരട്ടിക്കാന്‍..
വളരെ പെട്ടെന്ന് ചിറകുകള്‍ മുളച്ച് ഒരു മാലാഖയായി അവള്‍ പറന്നകന്നു. നിര്‍ത്താതെ പോയ ചക്രങ്ങള്‍ക്കിടയില്‍ തന്റെ പ്രണയം ചതഞ്ഞരഞ്ഞതും വീഴാതിരിക്കാന്‍ നീണ്ട കൈവിരലുകളാല്‍ പിടിച്ചിരിക്കുന്നതും അവന്‍ ഒരു സ്വപ്നത്തിലെന്ന വണ്ണം അവന്‍ തിരിച്ചറിഞ്ഞു. അടഞ്ഞു പോയ ആ കണ്ണുകളില്‍ താന്‍ ബന്ധിക്കപ്പെട്ടത് പക്ഷേ മനു അറിഞ്ഞില്ല.
മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. ഇരുട്ടില്‍ ഒരു മോതിരം തണുത്ത് വിറങ്ങലിച്ചു കിടന്നു..