പ്രണയിക്കാനല്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന മൃഗം സൃഷ്ടിക്കപ്പെട്ടതാണ് ഏറ്റവും വലിയ അബദ്ധമെന്നത് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നാട്ടകം നാടകസമിതി അവതരിപ്പിച്ച കുറുക്കന്‍റെ തിരുമുറിവുകള്‍ എന്ന നാടകത്തില്‍ തന്നെ തുടങ്ങട്ടെ. കാടെരിച്ച്, കുറുക്കന്‍റെ ആശാനായി സ്വയം സ്ഥാനമേറ്റെടുത്ത് അവനെ അടിമയാക്കി, അടിമത്വത്തിന്‍റെ പ്രതിഫലമായ് അവൻറെ അധ്വാനത്തിന്‍റെ പപ്പും പൂടയും നല്‍കുന്ന നവയുഗമുതലാളിത്വത്തിന്‍റെ പ്രതീകമായി മനുഷ്യനെ ആവിഷ്കരിക്കുമ്പോള്‍ സദസ്സിന്‍റെ മനസ്സിലേക്ക് തിരിച്ചറിവിന്‍റെ തീക്കനല്‍ പായിക്കാന്‍ തീവ്രശ്രമം തന്നെ നടത്തുന്നുണ്ട് ഈ നാടകം. സ്നേഹവും വെറുപ്പും പോലെ ദ്വയങ്ങള്‍ മാത്രമുള്ള മൃഗങ്ങളുടെ ലോകത്ത് സമന്വയം പോലെയുള്ള ത്രയങ്ങളുടെ ആവിഷ്കാരം നടത്തിയ മനുഷ്യന്‍ ഭൂജാതനായപ്പോഴാണ് അന്ത്യത്തിന്‍റെ ആരംഭം തുടങ്ങിയത്. കാടെരിച്ച് കഞ്ചാവു നടുന്നവര്‍ക്കു നേരെ, കാമത്തിനായ് കയ്യേറ്റം ചെയ്യുന്നവര്‍ക്കു നേരെ അടിമത്വത്തില്‍ നിന്നും കുറുക്കന്‍റെ പ്രതിഷേധമുയരുന്നിടത്ത് നാടകം അവസാനിക്കുകയായ്. മുതലാളിത്വം സൃഷ്ടിക്കുന്ന അടിമത്വത്തിന്‍റെ വാരിക്കുഴികളെ പ്രതിഷേധത്തിന്‍റെ ശക്തി കൊണ്ട് പൊരുതി തോല്‍പ്പിച്ച് അവകാശങ്ങള്‍ നേടിയെടുത്ത മൂന്നാറിലെ തൊഴിലാളികളുടെ സമരത്തിന്‍റെ വിജയദിനം തന്നെ ഈ നാടകം കാണാന്‍ സാധിച്ചത് യാദൃശ്ചികമായ ഒരു ഭാഗ്യം മാത്രം.
പ്രാരംഭവാക്യത്തിലേക്ക് ഉള്‍വലിഞ്ഞ തിരക്കഥ പലപ്പോഴും അബലയായ് പോകുന്നുണ്ടെങ്കിലും ഈ നാടകം ഒരു ചൂണ്ടുപലകയായ് വര്‍ത്തിക്കുന്നുണ്ട്.
രണ്ടാമത്തെ നാടകം \”ചില്ലറസമരം\” മികച്ച ഒരു ആക്ഷേപഹാസ്യമായിരുന്നു. അനുനിമിഷം രംഗങ്ങളില്‍ നാടകീയത ഉള്‍ക്കൊള്ളാന്‍ ലിറ്റില്‍ എര്‍ത്ത് സ്കൂള്‍ ഓഫ് തീയറ്ററിനായി. ഷോപ്പിംഗ് മാളുകളുടെ ആവിര്‍ഭാവത്തില്‍ ഒലിച്ചു പൊയ്ക്കോണ്ടിരിക്കുന്ന ചില്ലറവ്യാപാരമേഖലയെപറ്റിയുള്ള വ്യാകുലതകള്‍ ഈ നാടകം നമ്മോട് പങ്കുവെക്കുന്നുണ്ട്. 25 പൈസ വിപണിയില്‍നിന്നും പിന്‍വലിക്കപ്പെട്ടത് എങ്ങനെയാണ്? ഇപ്പോള്‍ മിക്കവാറും ഉപയോഗശൂന്യമായ 50 പൈസ സമീപഭാവിയില്‍ എങ്ങനെ അപ്രത്യക്ഷമാകും? എന്നിങ്ങനെയുള്ള വ്യാകുലതകള്‍ ഈ നാടകം ഉയര്‍ത്തിപിടിച്ചു. ഷോപ്പിംഗ് മാളുകളില്‍ \”റൗണ്ട് ഓഫ്\” ചെയ്യപ്പെട്ടുപ്പോകുന്ന 25 പൈസകളും 50 പൈസകളും ഫലത്തില്‍ അയിത്തം കല്‍പ്പിക്കപ്പെടുകയോ, പിണ്ഡം വെച്ച് പുറത്താക്കപ്പെടുകയോ ചെയ്യുകയാണ്. ചില്ലറവ്യാപാരമേഖലക്ക് കൈത്താങ്ങാവുകയെന്നത് സാധാരണക്കാറന്‍റെ ജീവിതചിലവുകള്‍ ലഘൂകരിക്കപ്പെടുക എന്നത് തന്നെയാണ്. MRP വിലകളില്‍ ശീതികരിക്കപ്പെട്ട ഷോപ്പിംഗ് മാളുകളിലെ വ്യവഹാരങ്ങളേക്കാള്‍ സുഖദായകമാണ് മണ്ണിന്‍റെ മണമുള്ള പാട്ടില്‍ പൊതിഞ്ഞെടുത്ത ചില്ലറവ്യാപാരമേഖലയെന്നത് \”ചില്ലറസമരം\” നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാടകാന്ത്യത്തില്‍ ചില്ലറക്കുടുക്ക വീണുടയുമ്പോള്‍ നമുക്ക് ലഭിക്കുന്നത് നടീലിന്‍റെ താളത്തിലുള്ള മണ്ണിന്‍റെ പാട്ടാണ്. സമരവീര്യമുറങ്ങുന്ന ആ പാട്ടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നമുക്കുള്ള ഉയര്‍ത്തുപ്പാട്ടാവട്ടെ എന്ന പ്രതീക്ഷയാണീ നാടകം.
നല്ല വരികൾ.
നല്ല ചിന്ത.
നീ ആള് കൊള്ളാം. 94 ലേ ജനിച്ചതുള്ളോ. മിടുക്കനാ നീ ചങ്ങാതി.
വിളിക്കണം. 9847789337
ഡോ.സി. ഗണേഷ്
മലയാള സർവകലാശാല