പാതിരാത്രി സഖാക്കളോടൊപ്പം വീട്ടിലേക്ക് കയറി വരുന്ന മുത്തശ്ശനേയും വന്നു കയറുന്നവർക്ക് സന്തോഷപൂർവ്വം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന അമ്മമ്മയേയും പറ്റി കേട്ടാണ് ഞങ്ങൾ പേരക്കുട്ടികൾ വളർന്നത്. ഈ കഥകളൊന്നും തന്നെ അമ്മമ്മയോ മുത്തശ്ശനോ പറഞ്ഞതല്ല എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയപ്രവർത്തനവുമായി നടന്ന് പാതിരാത്രിയിൽ വന്നു കയറുന്ന മുത്തശ്ശൻ എന്റെ ഓർമ്മയിൽ ഇല്ല. മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ആറു മണി കഴിയുമ്പോൾ, കീശയിൽ പേരക്കുട്ടികൾക്കുള്ള മിഠായിയുമായി കടന്നു വരുന്ന മുത്തശ്ശനാണ് എന്റെ ഓർമ്മയിൽ ആദ്യം വരുന്നത്. വൈകുന്നേരത്തെ വിശപ്പടക്കാനും മറ്റുമായുള്ള ക്രീഡകളിലേർപ്പെട്ടു കൊണ്ട് അടുക്കളയിലുണ്ടാകുന്ന കുട്ടിപ്പട്ടാളം, നോക്കിയാൽ കാണുന്ന ദൂരത്തുള്ള ഗേറ്റ് തുറന്നടയുന്ന ശബ്ദം കേട്ടാലുടനേ മുത്തശ്ശന്റെ മേശ എന്നറിയപ്പെടുന്ന മേശയുടെ അടുത്തെത്തി ഹാജർ വെക്കാറുണ്ടായിരുന്നു. കൂട്ടത്തിൽ ചെറിയവനായിരുന്ന ഞാൻ വാതിൽപ്പടിയിൽ നിന്നു കൊണ്ട് ഏന്തിവലിഞ്ഞു കൊണ്ട് മേശപ്പുറത്തേക്ക് നോക്കും. മുത്തശ്ശൻ കീശയിൽ നിന്നും ഓരോന്നോരോന്നായി താഴെ വെക്കും. ദിനേശ് ബീഡി, സിസർ ഫിൽട്ടർ സിഗററ്റ്, പേന, നാണയങ്ങളും നോട്ടുകളും മുതൽ കുറിപ്പുകൾ എഴുതി വെക്കുന്ന കടലാസു കഷണങ്ങൾ വരെ പുറത്തെത്തിയ ശേഷം കീശയിൽ നിന്നും മിഠായികൾ പുറത്ത് ചാടും. ആ മിഠായികൾ തരുമ്പോൾ മുത്തശ്ശൻ പുഞ്ചിരിക്കാറുണ്ടായിരുന്നോ എന്ന് ഓർമ്മയില്ല. വളർച്ചയുടെ വഴികളിലെപ്പോഴോ അത് നിന്നു. കിട്ടാത്ത മിഠായികൾക്ക് വേണ്ടി പിന്നേയും കുറേ നാളുകളിൽ വാതിൽപ്പടിയിൽ ഞാൻ നിന്നതായി ഓർക്കുന്നു. ബാല്യകാലത്തെക്കുറിച്ചുള്ള നഷ്ടബോധങ്ങളിലേക്ക് പിന്നീടെന്നോ ആ ഓർമ്മയും മറഞ്ഞു. ശീലങ്ങളൊന്നും ശീലങ്ങളാക്കരുതെന്ന് പഠിപ്പിച്ചു തരികയായിരുന്നു മുത്തശ്ശനെന്ന് എപ്പോഴൊക്കൊയോ തോന്നി. പിൽക്കാലത്ത് പലവിധ ശീലങ്ങളും മാറ്റി മറിക്കേണ്ടി വന്നപ്പോൾ ഉപകാരപ്പെട്ടതും ചെറുപ്പത്തിൽ പഠിച്ച ഈ പാഠമാണ്.
കുട്ടികളോട് കളിക്കുമ്പോഴും സ്വന്തമായൊരു രീതിയായിരുന്നു അദ്ദേഹത്തിന്. മറ്റാർക്കും കിട പിടിക്കാനാകാത്ത തരത്തിലുള്ളൊരു മെയ്-വഴക്കം മുത്തശ്ശന്റെ ശരീരം പ്രദർശിപ്പിച്ചിരുന്നു. രണ്ട് കയ്യിലേയും തള്ളവിരലുകൾ രണ്ട് തോളിലുമായി സ്ഥാപിച്ച്, മോതിരവിരലുകൾ തമ്മിൽ സ്പർശിക്കുന്ന രീതിയിൽ ഒരു ചതുരം മുഖത്തിനു മുൻപിലായി സൃഷ്ടിച്ച ശേഷം അതിലൂടെ സ്വന്തം തല കടത്തി കാണിക്കുക എന്നത് കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തുന്ന ഒരു കഴിവായിരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഒരു വിധത്തിലും വിരലുകൾ തമ്മിൽ വേർപ്പെടുകയോ ചതുരത്തിന് വിള്ളലേൽക്കുകയോ ചെയ്യാറില്ല എന്നതാണ് അതിന്റെ കാഠിന്യം വെളിവാക്കുന്നത്. അതു പോലെ തന്നെ കയ്യിലെ മാംസപേശികൾ കൊണ്ട് നൃത്തം ചെയ്യിപ്പിച്ച് അതിനെ പിടിച്ച് നിർത്താൻ കുട്ടികളോട് പറയുമ്പോൾ അതിന് കഴിയാതെ കുട്ടികൾ അമ്പരന്ന് നിൽക്കുന്നതും അദ്ദേഹത്തിന്റെ തമാശകളിൽ ഒന്നായിരുന്നു. തൊണ്ണൂറാം വയസ്സിലും അദ്ദേഹത്തിന്റെ ശരീരക്ഷമത എടുത്ത് പറയേണ്ടതാണ്. അതിനായി വ്യായാമം ചെയ്യുന്ന മുത്തശ്ശനെ ഞാൻ കണ്ടിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം.
പേരക്കുട്ടികളുമായുള്ള നിമിഷങ്ങളിൽ അമ്മമ്മയും ഒട്ടും മോശമായിരുന്നില്ല. പുത്തൻ തലമുറയുടെ കൂടെ തമാശ പറഞ്ഞും കളിച്ചും ചിരിച്ചും പേരക്കുട്ടികളുടെ സുഹൃത്തുക്കളോട് അവരേക്കാൾ സൗഹൃദം പാലിക്കാനും രണ്ടു പേരും കാണിച്ച മികവ് എടുത്ത് പറയേണ്ടതാണ്. മുത്തശ്ശനെപ്പറ്റി പറയുമ്പോൾ അമ്മമ്മയും രംഗപ്രവേശനം ചെയ്തേ പറ്റൂ. എന്തിനാണ് ഇത്രയധികം ശ്രദ്ധ മുത്തശ്ശനുമേൽ കാണിക്കുന്നതെന്ന തരത്തിൽ പുത്തൻ തലമുറക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കുന്ന രീതിയിലാണ് അമ്മമ്മ മുത്തശ്ശന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. കൃത്യസമയത്ത് ഭക്ഷണം കൊടുക്കുന്നത് മുതൽ കിടക്കാൻ നേരത്ത് കിടക്ക വിരിക്കുന്നത് വരെ ഒരു അവകാശം പോലെ അമ്മമ്മ ചെയ്തിരുന്നു. അതൊരിക്കലും മുത്തശ്ശൻ ആവശ്യപ്പെട്ടിട്ടോ, അദ്ദേഹത്തിന്റെ നിർബന്ധം കാരണമോ ആയിരുന്നില്ല എന്നതായിരുന്നു അതിലെ കൗതുകം. പരസ്പരം പിരിഞ്ഞിരിക്കാൻ അവർക്ക് വലിയ പ്രയാസമായിരുന്നു. അതൊക്കെ കൊണ്ടായിരിക്കാം, ചിലപ്പോൾ തോന്നും അമ്മമ്മ മരിച്ചിട്ടില്ലായിരുന്നെങ്കിൽ മുത്തശ്ശനും മരിക്കില്ലായിരുന്നു. അവരുടെ ഇടയിലെ പ്രണയം അത്രമേൽ പ്രചോദിപ്പിക്കുന്നതായിരുന്നു.
അമ്മമ്മയുടെ മരണശേഷം മുത്തശ്ശൻ വളരെ പെട്ടെന്ന് തന്നെ ആരോഗ്യം ക്ഷയിച്ച് കിടപ്പിലായി. ആ കാലത്തും ഇടക്ക് ഓർമ്മ വരുന്നതും അമ്മമ്മയുടെ കാര്യങ്ങൾ അന്വേഷിക്കുന്നതും പതിവായിരുന്നു. അങ്ങനെ ആശുപത്രിയിലുണ്ടായിരുന്ന ഒരു ദിവസം അദ്ദേഹം എന്നോട് പത്മിനിയെവിടെ എന്ന് ചോദിച്ചു. “അമ്മമ്മ മരിച്ചു പോയില്ലേ മുത്തശ്ശാ.. അന്ന് കരയാതിരുന്നത് കൊണ്ടല്ലേ ഇപ്പോ മുത്തശ്ശന് ഇവിടെ കിടക്കേണ്ടി വന്നതെന്ന്” ഞാൻ അല്പം ക്രൂരമായി തന്നെ മറുപടി നല്കി. ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം മുത്തശ്ശൻ പറഞ്ഞത് “മരണം ജീവിതത്തിലെ ഒരു സാധാരണപ്രക്രിയയല്ലേ. അതിനു ഞാൻ എന്തിനാ കരയുന്നത്” എന്നാണ്. ശാരീരികമായും മാനസികമായും തകർന്നിരിക്കുന്ന സമയത്ത് പോലും അദ്ദേഹം കാണിച്ച രാഷ്ട്രീയബോധം എന്നെ വല്ലാതെ ബാധിച്ചു. അതൊരു തിരിച്ചറിവായിരുന്നു. ഒരു മനുഷ്യന് തന്റെ ആശയങ്ങളോട് എത്രത്തോളം നീതി പുലർത്താനാകും എന്ന് അദ്ദേഹം ജീവിച്ചു കാണിച്ചു തന്നു.
വയസ്സ്കാലത്തും അദ്ദേഹത്തെക്കാണാൻ പ്രായഭേദമന്യേ ഒരുപാട് പേർ വരുമായിരുന്നു. എല്ലാവരോടും അദ്ദേഹം ചരിത്രവും അനുഭവങ്ങളും രാഷ്ട്രീയവും പങ്ക് വെച്ചു. അങ്ങനെ വന്നവരിൽ പലരും പിന്നീട് മുത്തശ്ശനെക്കുറിച്ച് പൊതു ഇടങ്ങളിൽ അപവാദം പറഞ്ഞിട്ടുമുണ്ട്. അത്തരം കാര്യങ്ങളെല്ലാം മനുഷ്യന്റെ കേവലസ്വഭാവമായി മാത്രം കണ്ട് കൊണ്ടാണ് മുത്തശ്ശൻ സമൂഹത്തിൽ ഇടപെട്ടിരുന്നത്. ആരോടും വ്യക്തിപരമായ വിരോധങ്ങൾ ആ മനുഷ്യനുണ്ടായിരുന്നില്ല. വന്നവരേയും നിന്നവരേയും ആ മനുഷ്യൻ ജീവിതത്തിൽ പിടിച്ച് വെച്ചില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആരുടെയും ഇടങ്ങളിൽ അദ്ദേഹം അതിക്രമിച്ച് കയറിയില്ല. ശരിക്കും ഒരു അദ്ധ്യാപകനായി ജീവിച്ചു മരിച്ചു.
രണ്ട് മരണവും നടന്നിട്ട് ഇപ്പോൾ ഒരു വർഷത്തിന് മുകളിലായിരിക്കുന്നു. ഇതെഴുതികൊണ്ടിരിക്കുന്ന ദിവസം രാവിലെ ഉണ്ടായ സംസാരത്തിലും മുത്തശ്ശൻ കടന്നു വന്നിരുന്നു. ഒരു മനുഷ്യൻ എത്രത്തോളം നമ്മളെ സ്വാധീനിച്ചിട്ടുണ്ടെന്നത് ഒരു പക്ഷേ അയാളുടെ അഭാവത്തിൽ മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒന്നായിരിക്കാം.