ശ്രീപാർവതി മരിച്ച് പതിനൊന്നാം നാൾ കോഴിക്കോട് നിന്നും ഒറ്റക്ക് കാറോടിച്ച് കന്യാകുമാരിയിലേക്ക് പോകുന്ന ശ്രാവൺ എന്നിൽ പറയത്തക്ക ആശ്ചര്യമുണ്ടാക്കുന്ന ഒരു വിഷയമായിരുന്നില്ല. ചിലപ്പോൾ അതവന് നന്നായറിയുന്നതു കൊണ്ടായിരിക്കാം തിരുവനന്തപുരത്തെത്തിയപ്പോൾ അന്വേഷിച്ചുപിടിച്ച് വണ്ടി എന്റെ നേർക്ക് തിരിഞ്ഞതും.
വളവ് തിരിഞ്ഞ് വരുന്ന ചുവന്ന കാർ അവന്റേതാണെന്ന് ഊഹിക്കാൻ തക്ക അധ്വാനം പോലും ഉണ്ടാക്കാതെ കൃത്യമായി അവൻ ഫോണിലൂടെ കാര്യവിനിമയം നടത്തിയിരുന്നു. മുന്നിൽ വന്നു നിന്നതും എന്നെ ഒട്ടും ബുദ്ധിമുട്ടിക്കാതിരിക്കാനെന്നോണം ഡ്രൈവർസീറ്റിൽ നിന്നും ഏന്തിവലിഞ്ഞ് അവൻ തന്നെ ഡോർ തുറന്നു തന്നു. ഉള്ളിൽ കയറിയതും ഡോർ അടക്കാനുള്ള സമയം പോലും തരാതെ കെട്ടിപിടിച്ച് അവൻ ഉമ്മ വെച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ അഭിമാനക്ഷതമൊന്നും ഉണ്ടായില്ലെന്ന് ചുറ്റും നോക്കി ഉറപ്പ് വരുത്തി ഞാൻ വാതിലടച്ചു. എന്റെ ക്ഷോഭം വാതിലിന്റെ ശബ്ദത്തിൽ പ്രകമ്പനം കൊണ്ടു. യാത്രയിലുടനീളം അനുഭവിക്കേണ്ടതാകുന്ന അരക്ഷിതാവസ്ഥയിലേക്കാണ് ഇരിപ്പുറപ്പിച്ചതെന്ന സത്യം ഞാൻ ആ ആലിംഗനത്തോടു കൂടി മനസിലാക്കിത്തുടങ്ങിയിരുന്നു. അവനോട് പറഞ്ഞു ചിരിക്കാനുള്ള തമാശകൾ വഴിയരികിൽ വെച്ച് മറന്നുപോയതിന്റെ കുറ്റബോധത്തിലിരിക്കേ ചുറ്റിലും നിറഞ്ഞു നിന്ന ചാരത്തിന്റെ മണവും പൊടിയും ഒരു സിഗരറ്റിനു വേണ്ടി എന്റെ ചുണ്ടുകളിൽ വരൾച്ചയുടെ വിള്ളൽ ചാലുകൾ സൃഷ്ടിച്ചു.
അതിനോടകം തന്നെ ശ്രാവണിന്റെ കാർ എന്നെയും കൊണ്ട് മുന്നോട്ട് കുതിച്ചു തുടങ്ങിയിരുന്നു. വഴിയരികിൽ ഏതെങ്കിലും പെട്ടിക്കടയിൽ നിർത്തണം സിഗരറ്റ് വാങ്ങണമെന്ന് പറഞ്ഞപ്പോൾ അവൻ ഗ്ലോവ് ബോക്സ് ചൂണ്ടി കാണിച്ചു തുറക്കാൻ ആംഗ്യം കാട്ടി. കരയാമ്പൂവിന്റെ മണം പരത്തിക്കൊണ്ട് അതിനകത്ത് മൂന്ന് പെട്ടി ജാരം ബ്ലാക്ക് സിഗരറ്റ് ഇരിക്കുന്നുണ്ടായിരുന്നു.
“ആഹാ.. അപ്പൊ പണക്കാരനായെന്നു പറയുന്നത് സത്യമാണല്ലേ..”
കാറിനകത്തെ നിശ്ശബ്ദതയെ ഖണ്ഡിച്ചു കൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി. വഴിയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്ന ശ്രാവൺ അതു കേട്ടു ചിരിച്ചു. വർഷങ്ങൾ കൊണ്ട് ഘനീഭവിച്ച നിശ്ശബ്ദതയെ മറികടക്കാൻ അത് മതിയായിരുന്നു.
“പണക്കാരായ സുഹൃത്തുക്കൾ ഉണ്ടായാലും മതി ഇതൊക്കെ കിട്ടാൻ.” പണക്കാരനാവാൻ താല്പര്യമില്ലാതെ ശ്രാവൺ മറുപടി പറഞ്ഞു. കാറിനകത്ത് നിന്നും വലിയൊരു ഭാരം വഴിയിലിറങ്ങി പോയത് പോലെ എനിക്ക് തോന്നി. വാക്കുകളെ ശൂന്യതയിലേക്ക് വിടാൻ താല്പര്യമില്ലാതെ ഞാൻ തുടർന്നു.
“അത് വെറുതേ..”
നിനക്ക് ഇപ്പൊ കിട്ടിയത് നീ പണക്കാരി ആയിട്ടല്ലല്ലോ.
വാദവും പ്രതിവാദവും ആയിട്ട് യാത്ര മുറുകാൻ തുടങ്ങി.
“അങ്ങനെ നോക്കുമ്പോൾ ശരിയാണ്. എനിക്ക് ഒരു പണക്കാരൻ സുഹൃത്തുണ്ട്..”
താൻ പറഞ്ഞത് അബദ്ധമായിപോയെന്ന തിരിച്ചറിവിൽ തോൽവി സമ്മതിച്ചുകൊണ്ട് ശ്രാവൺ എന്തോ ശബ്ദം പുറപ്പെടുവിച്ചു. കൃത്യമായി കേൾക്കാൻ സാധിക്കാതെ പോയ ആ ശബ്ദത്തിനു പിന്നാലെ രണ്ടു പേരും പൊട്ടിച്ചിരിക്കാൻ തുടങ്ങി. അകാലത്തിൽ വന്ന മരണത്തിനു കൊല്ലാൻ പറ്റാതെ പോയ ചിരി ആ കാറിനുള്ളിൽ മുഴങ്ങി.
മാർത്താണ്ഡം കഴിഞ്ഞു കാണും. ശ്രാവൺ കാർ ഇടത്തോട്ട് തിരിച്ചു. വഴി മാറിയെന്ന് മനസ്സിലായപ്പോൾ ചോദിക്കാതിരിക്കാൻ ആവുമായിരുന്നില്ല.
“അല്ലാ.. എന്താ ഉദ്ദേശ്യം..? കന്യാകുമാരിയെന്നു പറഞ്ഞിട്ട് ഇതെങ്ങോട്ടാ നീ പോകുന്നത്?”
“കന്യാകുമാരി ആണ് ഉദ്ദേശ്യം. പക്ഷേ, കന്യാകുമാരി മാത്രമായാൽ മോശമല്ലേ.. പോകുന്ന വഴി എത്രയെത്ര വഴിയമ്പലങ്ങളുണ്ട് കയറാൻ.”
അവിചാരിതമായ ഏതോ ഇടത്തേക്കെന്ന പോലെ ഗമയിൽ അവൻ എന്നെ കൊണ്ടു പോകുന്നത് എങ്ങോട്ടാണെന്നു മനസ്സിലായെങ്കിലും അത് ഞാൻ പ്രകടിപ്പിച്ചില്ല. പകരം തുരുമ്പുപിടിച്ചൊരു കത്തി കൊണ്ടെന്ന പോലെ ഒന്നു പോറി വിട്ടു.
“ശ്രീപാർവതിയെയും എന്നെയും പോലെ.. അല്ലേ?”
ആയുധം പഴയതായാലും ആളെ കൊല്ലാൻ അത് മതിയെന്ന എന്ന എന്റെ നിഗമനത്തെ തോൽപിച്ചുകൊണ്ട് കുറച്ചു നേരത്തെ മൗനത്തിനുശേഷം അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഭയങ്കര ഉന്നമാണ് നിനക്ക്. കിറുകൃത്യം നെറുകുംതല.”
കാർ കുറേ ദൂരം കൂടി മുന്നോട്ട് പോയ ശേഷം നിന്നു. അവൻ ഒന്നും മിണ്ടാതെ പുറത്തിറങ്ങി ഗ്ലാസ്ജനാലയുടെ ഉള്ളിലൂടെ എന്നെ നോക്കി. ഇറങ്ങി ചെല്ലാൻ ആയിരുന്നു അതിന്റെ അർത്ഥം. ചിതറാൽ ക്ഷേത്രത്തിന്റെ കുന്നിൻമുകളിൽ ഇരിക്കുമ്പോളാണ് അവൻ പിന്നെ സംസാരിച്ചു തുടങ്ങിയത്.
“നീ എനിക്കൊരിക്കലും ഒരു വഴിയമ്പലം ആയിരുന്നില്ല. നമ്മുടെ ഇടയിൽ സംഭവിച്ചതൊക്കെ നിന്നെ അങ്ങനെ ആക്കിത്തീർത്തതാണ്. അത് നിന്റെ തെറ്റല്ല, പക്ഷേ എന്റേത് മാത്രവുമല്ല.”
ശ്രാവണിന്റെ കുറ്റബോധം നിറഞ്ഞ ഇത്തരം സംസാരം മടുത്ത് തുടങ്ങിയിട്ട് ഒരുപാട് കാലമായിരുന്നു അപ്പോഴേക്കും. തുടക്കത്തിൽ അത് കേൾക്കുമ്പോൾ നല്ല രസമായിരുന്നു. തെറ്റ് എന്റേതല്ല എന്ന ബോധത്തിൽ അന്നത്തെ ദിവസം സുഖമായി തള്ളി നീക്കാമായിരുന്നു. എന്നാൽ, പിന്നീടാണ് മനസ്സിലായത് ചെയ്യാതെ പോയതോ ചെയ്തു പോയതോ ആയ തെറ്റുകളാണ് ഓരോ ഇരയേയും നിർമിക്കുന്നതെന്ന്. എന്റെയും അവന്റെയും ജീവിതത്തിൽ നടന്നത് എല്ലാത്തിനും ഞാനും അവനും ചുറ്റുമുള്ളവരും ഞങ്ങളുടെ മാനസികാവസ്ഥയും ഒരു പോലെ കുറ്റം ചെയ്തിട്ടുണ്ടെന്ന് മനസിലായതുമുതൽ ഞാൻ ഇത്തരം സംഭാഷണങ്ങൾ കേൾക്കാനിരുന്നുകൊടുക്കാറില്ല. ഭൂതകാലത്തിലേക്കുള്ള യാത്ര എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ഞാൻ ആവലാതിപ്പെട്ടു.
“ഇങ്ങനെ കയറി ഇറങ്ങി പോയാൽ നമ്മൾ ഇന്ന് തിരിച്ച് തിരുവനന്തപുരത്ത് എത്തുമോ?”
“നമ്മൾ അതിനു നാളത്തെ ഉദയവും കണ്ടിട്ടേ പോകുന്നുള്ളൂ.”
ശ്രാവൺ പറഞ്ഞത് കേട്ടപ്പോൾ തലേ ദിവസങ്ങളിൽ ഉറക്കമില്ലാത്ത രാത്രികളുടെ തുടർച്ചയാണ് ഇന്ന് എന്നു തോന്നി.
“അതൊന്നും നടക്കില്ല ശ്രാവൺ, ഒന്നാമത് ഞാൻ സമാധാനത്തിൽ ഉറങ്ങുന്നത് ശനിയാഴ്ച മാത്രമാണ്. ഇന്നത് പോയാൽ പിന്നെ എന്റെ ഒരാഴ്ച നശിച്ചു പോകും. മാത്രമല്ല, ഞാൻ തുണി ഒന്നും എടുത്തിട്ടുമില്ല. ഉറക്കവും കളഞ്ഞു നിന്റെ കൂടെ രാത്രി മുഴുവൻ കറങ്ങി നടന്ന ആ പ്രായവും അല്ല എനിക്കിപ്പോൾ.”
“എനിക്ക് ഉദയം കാണാതെ തിരിച്ചുവരവ് സാധ്യമല്ല. നിന്റെ ഉറക്കം ഒരു പ്രശ്നമാക്കണ്ട, നമുക്ക് ഒരു റൂം എടുക്കാം നീ എത്ര നേരം വേണമെങ്കിലും ഉറങ്ങിക്കോളൂ. ഉദയം കാണാൻ പോലും ഞാൻ വിളിക്കുന്നില്ല. പോരേ?”
അവന്റെ കൂടെ ഒരു രാത്രിമുറി പങ്കിടണം എന്ന് ആലോചിച്ചപ്പോൾ തന്നെ മനസ്സൊന്നു കിടുങ്ങി. പക്ഷേ ഏറ്റവും അടുത്ത ഒരാൾ മരിച്ച ഈ അവസ്ഥയിൽ അവൻ മറ്റെന്തെങ്കിലും മനസ്സിൽ വെച്ച് അങ്ങനെ ഒരു പദ്ധതിയിടുമോ എന്ന സംശയത്തിന്റെപുറത്ത് ഉള്ളിലെ കിടുക്കം പുറത്ത് കാണിച്ചില്ല. പണ്ടത്തെ പോലെയല്ല ഇപ്പൊ എനിക്ക് നല്ല ആരോഗ്യമാണ്, വേറെന്തെങ്കിലും ഉദ്ദേശമുണ്ടെങ്കിൽ ഇടിച്ച് സൂപ്പാക്കും എന്ന് പറഞ്ഞുകൊണ്ട് ചിന്തകളുടെ മലകയറ്റം അവസാനിപ്പിച്ചു. അതിന് മറുപടി എന്നോണം അവൻ ഒന്ന് കുനിഞ്ഞു വിധേയത്വം പ്രകടിപ്പിച്ചു.
“അപ്പോൾ തുണി?”
പരിഹാരമാവാത്ത മറ്റൊരു പ്രശ്‌നത്തെയെടുത്ത് ഞാൻ പാറപ്പുറത്തിട്ടു.
“കടയിൽ കിട്ടാത്തതൊന്നും അല്ലല്ലോ. നമുക്ക് വാങ്ങാം.” വളരെ എളുപ്പത്തിൽ അവൻ അതിനെ മറികടന്ന് താഴേക്ക് നോക്കി ഇരുന്നു.
കുന്നിനു താഴെ വിശാലമായ പച്ചപ്പിനിടയിൽ എന്തോ പുകയുന്നുണ്ടായിരുന്നു. കാറ്റിൽ ചാരത്തിന്റെ കടുത്ത ഗന്ധം എന്നിൽ തലവേദനയുണ്ടാക്കി.
നമുക്ക് ഇറങ്ങാം?
ഞാൻ ചോദിച്ചതിന് മറുപടി പറയാതെ തന്നെ അവൻ സമ്മതം പ്രകടിപ്പിച്ചു. തിരിച്ചിറങ്ങി കാറിൽ കയറുമ്പോളും ചാരത്തിന്റെ മണം കാരണം തലവേദന മൂർച്ഛിക്കുന്നുണ്ടായിരുന്നു. വഴിയരികിൽ കാർ നിറുത്തി അവൻ തന്നെയാണ് പോയി എനിക്കുള്ള വസ്ത്രം വാങ്ങി കൊണ്ടു വന്നത്. തലവേദന കാരണം പുറത്തേക്ക് ഇറങ്ങാൻ പോലുമുള്ള അവസ്ഥയിലായിരുന്നില്ല ഞാൻ. കന്യാകുമാരിയിലെ ഹോട്ടൽമുറിയിലെത്തി ഒന്നുറങ്ങി എഴുന്നേൽക്കുന്നത് വരെ തലവേദന എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അതിനു ശേഷവും പക്ഷേ ചാരത്തിന്റെ ഗന്ധം വിട്ടു പോയിരുന്നില്ല.
“നീ ഉറങ്ങിക്കോട്ടെ എന്നു കരുതി. അതാ വിളിക്കാഞ്ഞത്.”
ഭക്ഷണം കഴിക്കാൻ എന്നെ ക്ഷണിച്ചുകൊണ്ട് ശ്രാവൺ പറഞ്ഞു. ഒന്നു മുഖം കഴുകി തിരിച്ചെത്തിയപ്പോഴേക്കും മേശപ്പുറത്ത് എനിക്കുള്ള ഭക്ഷണം ചൂടോടെ എത്തിയിരുന്നു. എനിക്ക് കൂട്ടുതരാൻവേണ്ടിയാവണം, അവൻ ഒരു സൂപ്പ് കൂടെ പറഞ്ഞിട്ടുണ്ടായിരുന്നു.
ഇപ്പൊ എങ്ങനെ ഉണ്ട്?
ഭക്ഷണം കഴിച്ചു കഴിയാറായപ്പോൾ അവൻ ചോദിച്ചു.
ബെറ്റർ. പക്ഷേ ഒരു മാതിരി ചാരത്തിന്റെ മണം മാത്രം വിട്ടു പോകുന്നില്ല.
അതൊക്കെ നാളേക്ക് മാറിക്കോളും. എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.
കടുത്ത നിശ്ശബ്ദത മുറിയിൽ നിറഞ്ഞു. പുറത്തെ ഇരുട്ടിൽ അകലെ അലയടിക്കുന്ന കടലിനെ നോക്കിക്കൊണ്ട് ശ്രാവൺ ഒരു സിഗരറ്റിനു ജീവൻ നൽകി. ഇനിയൊരു ഉറക്കം കിട്ടാൻ വൈകുമെന്നതിനാൽ ഞാനും ബാൽക്കണിയിൽ ചെന്നു നിന്നു ഒരു പുക ചോദിച്ചു. ഇരുട്ടിനെക്കാൾ കറുത്ത ഒരു ജാറം ബ്ലാക്ക് അവനെനിക്ക് തന്നു. കത്തിക്കുന്നതിന് മുൻപ് ഞാൻ അത് മണത്തു നോക്കി. സുഗന്ധദ്രവ്യങ്ങളുടെ മത്തു പിടിപ്പിക്കുന്ന മണം. ലൈറ്ററിന്റെ വെളിച്ചത്തിൽ സിഗരറ്റിന്റെ കറുപ്പ് മുനിഞ്ഞു നിന്നു കത്തി.
“രാവിലെ ഇവിടെ നിന്നാൽ ഉദയം കാണാൻ പറ്റുമായിരിക്കുമല്ലേ..” സംഭാഷണത്തിന് ഞാൻ തന്നെ ആരംഭമിട്ടു. യാത്ര തുടങ്ങിയ ശേഷം ഇത് വരെ ഞങ്ങൾ കഴമ്പുള്ളതൊന്നും സംസാരിച്ചിട്ടില്ല. വർഷങ്ങൾക്ക് ഇപ്പുറത്ത് എന്തിന് അവൻ എന്നെ തേടി വന്നു എന്നു പോലും ഞാൻ ചോദിച്ചിട്ടില്ല. എന്തിന്റെ പേരിലാണെങ്കിലും ഈ യാത്ര എനിക്ക് പഴയ പോലെ സുഖകരമായതല്ലെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുമില്ല. ഈ രാത്രി എല്ലാം പറഞ്ഞൊതുക്കണം. ഇനിയും ഈ വിഴുപ്പ് ചുമക്കാൻ വയ്യ.
“ചോദിച്ചു വാങ്ങിയതാണ്. നിനക്ക് ഉറക്കം കളയാതെ പ്രഭാതം കാണാലോ.”
“അപ്പൊ നിനക്കോ?”
“ഞാൻ രാവിലെ ബീച്ചിലേക്ക് പോകും. ഉദയവും അസ്തമയവും അവിടെയാണ് രസം.”
“ഓ. നിനക്ക് പാൽകഞ്ഞിയും എനിക്ക് പഴങ്കഞ്ഞിയും.. നടക്കില്ല.” പോകണമെന്ന ഉദ്ദേശ്യത്തിൽ പറഞ്ഞതൊന്നുമല്ലായിരുന്നു. അവൻ വേർതിരിച്ച് അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ബീച്ചിൽ പോയിട്ട് തന്നെ കാര്യമെന്ന് ഞാൻ തീരുമാനിച്ചു. അടുത്ത സിഗരറ്റിനു തീ കൊടുത്തുകൊണ്ട് അവൻ എന്റെ ആവശ്യത്തെ അംഗീകരിച്ചു. ഞങ്ങൾ സംസാരിച്ചു തുടങ്ങി. എന്റെ അരക്ഷിതാവസ്ഥ പടം പൊഴിച്ചു തുടങ്ങി.
രണ്ടു സ്ത്രീകളും അവർക്കിടയിൽപ്പെട്ട പുരുഷനും. അതായിരുന്നു ശ്രാവൺ. മന:പൂർവ്വം ആയിരുന്നോ എന്നറിയില്ല, കൃത്യമായൊരു തീരുമാനം എടുക്കാൻ സാധിക്കാതെ കുറെ കാലം ഉഴറി നടന്ന ശേഷം അവൻ തീരുമാനിച്ചു. ശ്രീ പാർവതി. അതംഗീകരിച്ച് അവന്റെ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയല്ലാതെ മറ്റൊന്നുമെനിക്ക് ചെയ്യാനുമുണ്ടായിരുന്നില്ല. പിന്നീട് ഇത്ര വർഷങ്ങൾക്ക് ശേഷം ഇന്നാണ് ആദ്യമായി അവനെ ഞാൻ കാണുന്നത്. ശ്രീപാർവ്വതി മരിച്ചത് പോലും ഇന്നത്തെ വിളിയിലാണ് അറിഞ്ഞത്.
സംസാരങ്ങൾക്കിടയിൽ വിഴുപ്പുകൾ വരാതിരിക്കാൻ അവൻ വളരെ കഷ്ടപെടുന്നുണ്ടായിരുന്നു. അവനെ തെറ്റിദ്ധരിച്ചതിൽ തോന്നിയ കുറ്റബോധം മറച്ചുവെച്ചുകൊണ്ട് ഞാനും സംസാരിച്ചു തുടങ്ങി.
“അല്പം മദ്യപിച്ചാലോ?”
ഞാൻ പോലും പ്രതീക്ഷിക്കാതെ എന്നിൽ നിന്നും ഒരു ചോദ്യം ഉയർന്നു വന്നു.
ഇന്നല്ലെങ്കിൽ പിന്നെ എന്ന് എന്ന മറുചോദ്യത്തിലൂടെ അവൻ അതിന് സമ്മതം മൂളി. ഫോൺ എടുത്ത് റിസപ്ഷനിലേക്ക് വിളിച്ച് അന്വേഷിച്ചതും ഞാൻ തന്നെ ആയിരുന്നു. ഭാഗ്യത്തിന് അവിടെ കാപ്പിരുചിയുള്ള ഓൾഡ് മോങ്ക് റം ഉണ്ടായിരുന്നു. കുറച്ച് ഐസും കൂടെ പറഞ്ഞേൽപ്പിച്ചിട്ട് ഞാൻ എന്റെ ഫോണിലേക്ക് തിരിഞ്ഞു. പാലും ക്രീമും മറ്റുമായിരുന്നു അടുത്ത ലക്ഷ്യം. വിജയകരമായി ആപ്പിലൂടെ അതും ഓർഡർ ചെയ്ത ശേഷം ഞാൻ വന്ന് ബാൽക്കണിയിലിരുന്നു. അവന് പുതുമയുള്ളൊരു ഡ്രിങ്ക് കൊടുക്കാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ.
മുറിയിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന പയ്യൻ കുറച്ച് ദേഷ്യത്തിലായിരുന്നു. പുറത്ത് നിന്നും ഓർഡർ ചെയ്തത് ഭക്ഷണമല്ല എന്ന് അവനെ പറഞ്ഞു മനസ്സിലാക്കാൻശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അവന് മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കേണ്ടതിലെ നിരർത്ഥകത ഓർത്ത് ഞാൻ ലജ്ജിച്ചു. പിന്നെ അധികം സമയം കളയാൻ നിൽക്കാതെ മേശപ്പുറത്ത് സാധനങ്ങൾ ഓരോന്നായി നിരത്തി പാലും ക്രീമും ഐസും എല്ലാം ഉപയോഗിച്ച് എന്റെ കഴിവിന്റെ പരമാവധിയിൽ ഞാൻ ഒരു ഡ്രിങ്ക് സൃഷ്ടിച്ചു. അവൻ അതൊന്നും ശ്രദ്ധിക്കാതെ ബാൽക്കണിയിൽ തന്നെ ആയിരുന്നു.
കൈയ്യിൽ രണ്ട് ഗ്ലാസിൽ പുതിയൊരു കൂട്ട് മദ്യവുമായി അവനെ സമീപിക്കുമ്പോൾ അവനിൽനിന്നും ഞാൻ പ്രതീക്ഷിച്ചതു പോലൊരു ചോദ്യം ഉയർന്നു.
“നീ പാൽ സർബത്ത് കുടിച്ചാണോ മത്താവാൻ പോകുന്നത്?”
അർഹിക്കുന്ന അവജ്ഞയോടെ ചോദ്യത്തിന് മറുപടിയായി ‘കുടിച്ച് നോക്ക് മോനെ’ എന്ന് മാത്രം ഞാൻ പറഞ്ഞു.
വിചാരിച്ചതുപോലെ തന്നെ കുടിച്ചപ്പോൾ അവന് അത് ഇഷ്ടപ്പെട്ടു. പക്ഷേ ഉണ്ടാക്കാനുള്ള പ്രയാസം ഓർത്തപ്പോൾ പിന്നെ ഉള്ള ഡ്രിങ്ക് ഒന്നും തന്നെ അങ്ങനെ ഉണ്ടാക്കാൻ തോന്നിയില്ല. മാത്രമല്ല, തല പെരുത്ത് തുടങ്ങിയാൽ പിന്നെ വെറുതെ ഇരിക്കാനാണ് എനിക്ക് ഇഷ്ടം.
കുപ്പി കാലിയാവാനായി എന്ന് മനസ്സിലായപ്പോൾ അവൻ തന്നെ എണീറ്റ് വന്ന് പാലും ഐസും ക്രീമും പഞ്ചസാരയുമൊക്കെ എടുത്ത് എന്നെ നോക്കി. കസേരയിൽ ഇരുന്നുകൊണ്ട് ഞാൻ അവന് നിർദ്ദേശങ്ങൾ നൽകി. അവൻ അത് കൊണ്ടുവന്നു തന്നപ്പോൾ ‘ഞാൻ ഉണ്ടാക്കിയതിന്റെ അത്ര പോരാ’ എന്ന് പറഞ്ഞ് അവനെ പുച്ഛിക്കാനും ഞാൻ മറന്നില്ല.
മദ്യത്തോടൊപ്പം സംസാരവിഷയങ്ങളും ഞങ്ങൾ കുടിച്ച് തീർത്തിരുന്നു. കസേരയിൽ നിന്നും കട്ടിലിലേക്ക് ഞാൻ സ്ഥാനവും അതിനിടയിൽ മാറി. ബാൽക്കണിയിലേക്ക് തുറന്ന വാതിലിലൂടെ ഉപ്പുരസം നിറഞ്ഞ കടൽക്കാറ്റ് അകത്തേക്ക് പ്രവേശിച്ചു. ഒപ്പം അവനും വന്ന് എന്റെ കൂടെ കിടന്നു. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റ് ഇട്ടിരുന്ന കുർത്തയുടെ കീശ പരിശോധിച്ചു. ഒന്നും പുറത്ത് പോയിട്ടില്ല എന്ന് ഉറപ്പ് വരുത്തി, പതുക്കെ, വളരെ ശ്രദ്ധിച്ച് അവൻ കുർത്ത ഊരിയെടുത്തു. അതിന്റെ കീശ പതിവിലും വീർത്തിരിക്കുന്നുവെന്നത് എന്റെ കണ്ണിൽ പെട്ടു. എന്താണതിൽ എന്ന എന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ അവൻ വന്ന് അടുത്ത് കിടന്നു.
കട്ടിലിൽ മുകളിലേക്ക് നോക്കി രണ്ട് പേർ അങ്ങനെ കിടന്നു. പെട്ടെന്ന് അവൻ തേങ്ങിക്കരയാൻ തുടങ്ങി. പക്ഷേ അവന്റെ കണ്ണുകളിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ അവൻ അത് നിറുത്തി. ഒരു വേള അവൻ അഭിനയിക്കാൻ ശ്രമിച്ച് പരാജിതനായതാണോ എന്ന് പോലും എനിക്ക് തോന്നി. സംശയത്തിന്റെ ആ മെത്തയിൽ കിടക്കുമ്പോൾ അവന്റെ കൈകൾ എന്റെ നേരെ വരുന്നത് ഞാൻ അറിഞ്ഞു. ഭയത്തിന്റെ തിരമാലകൾ എന്റെയുള്ളിൽ ആർത്തലച്ചു. തിരിഞ്ഞു കിടന്ന എന്നെ ഒരു നിമിഷം കൊണ്ട് ബലമായി മലർത്തി കിടത്തി അവൻ എന്റെ മുകളിലായി ഇരിപ്പുറപ്പിച്ചു. നെഞ്ചിലേക്ക് ചാരി കിടന്ന് അവൻ എന്നെ കെട്ടിപിടിച്ചു. എന്റെ മുകളിലായി അനങ്ങാതെ അവൻ കിടന്നു. ഒന്നും മനസ്സിലാകാതെ, അനങ്ങാനാവാതെ ഞാനും. എന്റെ ചെവിയിൽ അലയൊലികൾ സൃഷ്ടിച്ചു കൊണ്ട് അവന്റെ ശ്വാസം ഉയർന്നുതാഴ്ന്നു. പതിയെ, വളരെ പതിയെ എന്റെയുള്ളിലെ വരൾച്ചയിലേക്ക് അവൻ തിരയിളക്കി ഇറങ്ങി. ഉപ്പുരസത്തിൽ ശരീരങ്ങൾ മുങ്ങി നനഞ്ഞു. അവന്റെ ശരീരത്തിന് ചാരത്തിന്റെ ഗന്ധമായിരുന്നു.
കുറ്റബോധങ്ങളുടെ പെരുപ്പിൽ പിറ്റേന്ന് പകൽ ഉദിച്ചുയർന്നു. കടൽത്തീരത്ത്, പൂഴിമണലിൽ ഞാനും അവനും ഇരുന്നു. സൂര്യനെ നോക്കി അവൻ സിഗരറ്റ് പുക അകത്താക്കി. നിശ്ശബ്ദത മൂടിയ ആ പകലു മുഴുവനും വലിച്ചു തീർത്തിട്ടും ഭ്രാന്തമായി അവൻ അടുത്ത സിഗരറ്റിന് തീ കൊടുത്തു. ചുറ്റിലും നിറഞ്ഞ ചാരത്തിന്റെ മണം അസഹ്യമായി തുടങ്ങിയിരുന്നതിനാൽ സ്നേഹത്തോടെ ഞാൻ സിഗരറ്റ് നിരസിച്ചു തുടങ്ങിയിരുന്നു. തിരിച്ച് വീടെത്താനുള്ള ആസക്തി എന്റെയുള്ളിൽ മൂർച്ഛിച്ചുകൊണ്ടിരുന്നു. അവനാണെങ്കിൽ അതിന്റെ യാതൊരു ലാഞ്ഛനയും കാണിക്കാതെ കടലിലേക്ക് ഇറങ്ങിയിരുന്നു. അതിന്റെ നീരസത്തിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഞാനും അവിടെ ഇരുന്നു.
രണ്ട് കൈകളും കുർത്തയുടെ കീശയിലേക്ക് ഇട്ടുകൊണ്ട് അവൻ സൂര്യനോടൊപ്പം കടലിലേക്ക് ഇറങ്ങി നടന്നു. കുറച്ച് ദൂരം നടന്നപ്പോൾ കീശയിൽ നിന്നും എന്തോ എടുത്ത് കടലിൽ വിതറുന്നതുകാണാമായിരുന്നു. അതിന് പിന്നാലെയായി രണ്ട് വട്ടം മുങ്ങി നിവർന്ന അവൻ എന്നെയൊന്ന് നോക്കി. അവന് പിന്നിൽ സൂര്യൻ മുങ്ങിനിവരാൻ തയ്യാറായി ഇരിപ്പുണ്ടായിരുന്നു. മൂന്നാം വട്ടം അവനെ കാണാതായി. അത്തവണ മുങ്ങുന്നതിനുമുമ്പ് അവൻ എന്നോടെന്തെങ്കിലും പറഞ്ഞിരുന്നോ? അവൻ കരഞ്ഞിരുന്നോ? ഒന്നിനും ഉത്തരം കിട്ടാതെ ആ കടൽത്തീരത്ത് പൊള്ളുന്ന ഉള്ള് കടൽക്കാറ്റിൽ ആറി തണുക്കുന്നതുവരെ ഞാൻ കാത്തിരുന്നു.
പിന്നെ പതിയെ നടന്ന് കാറിന്റെ ഡ്രൈവർസീറ്റിൽ കയറിയിരുന്നു. അവിടെ ഇപ്പോൾ ചാരത്തിന്റെ ഗന്ധം ഒട്ടുമില്ല. ഗ്ലോവ്ബോക്സിൽ നിന്നും ഒരു ജാരം ബ്ലാക്ക് എടുത്ത് പതിയെ കത്തിച്ച് ഒരു കൈ കൊണ്ട് വലിച്ച്, മറുകൈ കൊണ്ട് വണ്ടിയോടിച്ച് തിരിച്ചുവരുമ്പോഴും അവൻ എന്നിൽ പറയത്തക്ക ആശ്ചര്യമൊന്നും ഉണ്ടാക്കിയില്ല. ചിലപ്പോൾ അതവന് നന്നായറിയുന്നതു കൊണ്ടായിരിക്കാം തിരുവനന്തപുരത്തെത്തിയപ്പോൾ അന്വേഷിച്ചുപിടിച്ച് വണ്ടി എന്റെ നേർക്ക് തിരിഞ്ഞതും.