സന്ധ്യകളിൽ അനവധി കാറുകൾ നഗരത്തിന്റെ തിരക്കിൽ നിന്നും ദൂരേക്ക് ഓടിയൊളിക്കുന്നത് ബാൽക്കണിയിലിരുന്നാൽ കാണാം. പാലം കയറിയിറങ്ങി അസ്തമിക്കുന്ന ആ വെളിച്ചവും കണ്ട് അവിടെയിരിക്കുന്നതായിരുന്നു ഇഷിതയുടെ പ്രിയപ്പെട്ട വിനോദം. അവസാനിക്കാറായ ദിവസത്തിന്റെ സ്വഭാവം നോക്കി അവൾക്ക് കൂട്ടിന് കയ്യിലെന്തെങ്കിലും കാണും. മടുപ്പിനൊരു സിഗരറ്റ്. സന്തോഷത്തിന് സുലൈമാനി. രണ്ടിനും കറുവപട്ടയുടെ ഗന്ധം. സന്തോഷാധിക്യം വരുമ്പോൾ സുഗന്ധത്തിന്റെ ഇരട്ടിപ്പ്. അങ്ങനെയൊക്കെയായിരുന്നു അവളുടെ വൈകുന്നേരങ്ങൾ.
ജീൻസിന്റെ പോക്കറ്റിൽ നിന്നൊരു സിഗററ്റെടുത്ത് കയ്യിൽ പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നേരമായി. അതൊന്ന് വലിച്ചു തീർക്കാൻ അവൾ ആഗ്രഹിച്ചു. ഏത് നിമിഷവും തിരിച്ചെത്താവുന്ന ചേച്ചിയെ അവൾ ആദ്യമായി ഭയപ്പെട്ട് തുടങ്ങിയിരുന്നു. ബാൽക്കണിയുടെ പുറത്തെ ആഴം അവളെ കൊതിപ്പിച്ചു കൊണ്ടിരുന്നു. പറക്കാനുള്ള ആഗ്രഹം മുളപ്പിച്ച് പൂർണവളർച്ചയിലേക്കെത്തിച്ചു കൊണ്ടിരുന്ന ചിറകുകളെ വെട്ടിയെറിഞ്ഞു കൊണ്ടാണ് കയ്യിൽ ഒരു കൂട് മരുന്നുപൊതികളുമായി ചേച്ചി അങ്ങോട്ട് കടന്നു വരുന്നത്. രൂക്ഷമായൊരു നോട്ടത്തോടെ അത് ഇഷിതയുടെ കൈകളിലേക്ക് അടിച്ചേൽപ്പിച്ച് കൃത്യമായി കഴിക്കാൻ അവൾ ആഞ്ജാപിച്ചു.
തിരിച്ചൊന്നും പറയാൻ നിൽക്കാതെ, ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് പോകാൻ ശ്രമിച്ച ഇഷിതയെ കൈയിൽ പിടിച്ച് നിർത്തിയ ശേഷം ചേച്ചി ഓർമിപ്പിച്ചു.
“രണ്ട് ദിവസം കഴിഞ്ഞാൽ അച്ഛനും അമ്മയുമെത്തും. അപ്പോഴേക്കും എല്ലാം മാറണം. അവരിതൊന്നും അറിയാൻ പാടില്ല. അറിഞ്ഞാൽ എന്നെപ്പോലെയൊന്നുമാവില്ല അവർ പ്രതികരിക്കുന്നുണ്ടാവുക.” ചേച്ചിയുടെ കണ്ണുകൾ വളരെ പെട്ടെന്ന് ഒന്നിൽ നിന്ന് മറ്റൊരു ഭാവത്തിലേക്ക് കൂടുമാറ്റം നടത്തിക്കൊണ്ടിരുന്നു.
ഉള്ളിൽ വെറുപ്പ് നിറയുന്നുണ്ടായിരുന്നു. ചേച്ചിയുടെ കൈകൾ തട്ടി മാറ്റി അവൾ മുറിയിലേക്കെത്തി. മരുന്നുകൾ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ്, ചുമരിൽ തൂക്കിയിരിക്കുന്ന ബാല്യകാലഫോട്ടോ നോക്കി നിന്നുകൊണ്ട് സിഗരറ്റിന് അവൾ തീ കൊളുത്തി. സ്വയം തോന്നിയ അവജ്ഞയെ ഉള്ളിലേക്ക് ആഞ്ഞ് വലിച്ച് നിറച്ച ശേഷം പിന്നിലെ കസേരയിലേക്ക് വീണിരുന്ന് പുറത്തേക്ക് പറത്തി വിട്ടങ്ങനെയിരിക്കുമ്പോൾ അവൾക്കിത്തിരി ആശ്വാസം തോന്നി. മുറിക്ക് പുറത്ത് നിന്ന് ചേച്ചി അപ്പോഴും എന്തൊക്കെയേ ആജ്ഞാപിക്കുന്നുണ്ടായിരുന്നു. നിരാകരിക്കപ്പെട്ട വാക്യങ്ങൾക്കൊടുവിൽ വാതിലിനേൽക്കാൻ തുടങ്ങിയ കനത്ത പ്രഹരങ്ങളുടെ ഭീഷണിക്ക് വഴങ്ങി ഇഷിത മരുന്ന് കഴിച്ചു. പുറത്തേക്ക് വിടാൻ മറന്ന പുകചുരുളുകളിൽ ചിലത് തൊണ്ടയിൽ കുത്തി അവളെ അലോസരപ്പെടുത്തിയെങ്കിലും കട്ടിലിലേക്ക് മലർന്ന വീഴ്ചയിൽ ചുമയുടെ രൂപം പൂണ്ടവ പുറത്തേക്ക് പോയി.
തലവേദന കനത്ത പിറ്റേന്നിന്റെ പ്രഭാതത്തിലാണവൾ മുറിയുടെ മൂലയിൽ കൂനിക്കൂടിയിരിന്നുറങ്ങുന്ന അവനെ കണ്ടത്. നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ. എങ്ങനെ മുറിക്കകത്ത് അവൻ കയറിക്കൂടിയെന്ന് ഇഷിതക്ക് മനസിലായില്ല. തലേന്ന് രാത്രിയുടെ ഓർമ്മകളിൽ അവനുണ്ടായിരുന്നോയെന്ന് അവൾ സംശയിച്ചു. പ്രകമ്പനം സൃഷ്ടിക്കുന്ന രാത്രികളെ മനപ്പൂർവ്വം മറന്നാൽ തിരിച്ചെടുക്കാൻ അത്രയെളുപ്പമല്ലല്ലോ.
നീയേതാ..? എങ്ങനെ അകത്ത് കേറി..? പയ്യനെ തട്ടിയുണർത്തി അവൾ ചോദിച്ചു.
അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് ഒരു നിമിഷം മുഖത്തോട് മുഖം നോക്കി മറുപടി പറയാനൊരുക്കമില്ലാതെ അവൻ എഴുന്നേറ്റു. കൺപോളകൾ അടക്കുകയോ തുറക്കുകയോ ചെയ്യാത്ത പയ്യൻ ഇഷിതയെ ഒരേ സമയം ആശ്ചര്യപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു.
ആരോ പിടിക്കാൻ ഓടിച്ചതിന്റെ ക്ഷീണം അവന്റെ വാക്കുകളിലുണ്ടായിരുന്നു. അതവളെ ഭയപ്പെടുത്തി. വേഗം തന്നെ മേശപ്പുറത്തിരുന്ന മരുന്നുകളിലൊന്നെടുത്ത് വായിലിട്ടു വെള്ളം കുടിച്ചിറക്കി ആശ്വസിക്കാൻ അവൾ ശ്രമിച്ചു. തല പെരുത്ത് വരുന്നുണ്ടായിരുന്നു. ക്ഷീണം കൂടിക്കൂടി വന്നു. കിടക്കയിലേക്ക് മറിഞ്ഞതും അഷിത വീണ്ടും ഉറങ്ങിപ്പോയി.
നേരത്തോട് നേരം കഴിഞ്ഞിട്ടും തലയിലെ പെരുപ്പ് ഒഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇഷിത മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു. വലിയൊരു ഭാരം തലയിൽ വെച്ച തോന്നലിൽ കിടക്കയിലേക്കവൾ മറിഞ്ഞു വീണു. വീണ്ടും വീണ്ടുമുണ്ടായ ശ്രമങ്ങൾക്കൊടുവിൽ പതുക്കെ അവളെണീറ്റപ്പോഴേക്ക് തീൻമേശയിലെ ഊണ് തണുത്തിരുന്നു. അവൾ ക്ലോക്കിലേക്ക് നോക്കി. സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. താൻ ഇത്ര നേരം കിടന്നുറങ്ങിയതാണോ അതോ രാവിലത്തെ ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിപ്പോയതാണോയെന്ന് ഓർത്തെടുക്കാൻ ശ്രമിച്ച് പല പ്രഭാതങ്ങളുടെ മങ്ങിയ ഓർമ്മകൾക്ക് മുന്നിൽ അവൾ പരാജയപ്പെട്ടു. ഫ്ലാറ്റിൽ ചേച്ചിയെ കാണുന്നുണ്ടായിരുന്നില്ല. മുറിയിൽ ചെന്ന് ഫോൺ തപ്പിയെടുത്ത് വിളിക്കാൻ നോക്കുമ്പോൾ അതിൽ ചാർജ്ജ് ഇല്ലാത്തത് അവളെ അലോസരപ്പെടുത്തി. ഫോൺ ചാർജ്ജ് ചെയ്യാനിട്ട് അവൾ ഹാളിലേക്ക് തിരിച്ചെത്തി. ഭക്ഷണം വിളമ്പി കഴിച്ച് പാത്രവും കഴുകി വെച്ചപ്പോഴേക്കും അവൾ ക്ഷീണിച്ചിരുന്നു. സാധാരണയിലും വൈകിയിട്ടും ചേച്ചി എന്തേ എത്തുന്നില്ല എന്നവൾ അത്ഭുതപ്പെട്ടു. അത്യാവശ്യത്തിന് ചാർജ്ജ് ആയിരുന്നതിനാൽ ഫോൺ അപ്പോഴേക്ക് ഓണായിരുന്നു. വിളിച്ചിട്ട് ചേച്ചി എടുക്കുന്നില്ല. രണ്ടാമത്തെ ശ്രമത്തിൽ കട്ട് ചെയ്ത് കളയുകയും ചെയ്തു.
Driving. Will reach soon. എന്നൊരു മെസ്സേജ് ഒട്ടും താമസിയാതെ അവളുടെ ഫോണിലേക്കെത്തി. ഫോൺ ലോക്ക് തുറന്ന് മെസ്സേജുകൾ നോക്കിയപ്പോൾ കുറേയധികമെണ്ണം വായിക്കാതെയിരിക്കുന്നു എന്നത് അവളെ മടുപ്പിച്ചു. എങ്ങനെ ഇത്രയും മെസ്സേജുകൾ താൻ കാണാതെ പോയെന്നതിന് അവൾക്ക് മറുപടി കിട്ടിയില്ല. ഫോൺ കിടക്കയിലേക്ക് എറിഞ്ഞിട്ട് ഇഷിത ബാൽക്കണിയിലേക്ക് നടന്നു. ബാൽക്കണിയിലെ ബീൻബാഗിലേക്ക് അക്ഷരാർത്ഥത്തിൽ ക്ഷീണിച്ച് വീഴുകയായിരുന്നു അവൾ. ആഞ്ഞൊരു ശ്വാസമെടുത്തപ്പോഴേക്കും ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
ഇഷീ.. സ്നേഹത്തിൽ പൊതിഞ്ഞ പരിചയമുള്ള ഒരു വിളി അവളെ തേടി വന്നു.
വിളിയുടെ പിന്നാലെ ചേച്ചിയുടെ കൂടെ അച്ഛനും അമ്മയും ഫ്ലാറ്റിലേക്ക് കയറി വന്നു.
ബീൻബാഗിൽ നിന്നും എണീറ്റ് അവരുടെ അടുത്തേക്ക് ചെല്ലാൻ ഇഷിത ശ്രമിച്ചില്ല. അടുത്തേക്ക് എത്തിയപ്പോൾ അവളുടെ ക്ഷീണം അമ്മയെ ആവലാതിപ്പെടുത്തി. അമ്മ അവളോട് ചേർന്നിരുന്ന് നെറ്റിയിൽ തൊട്ട് പനിയില്ലെന്ന് ഉറപ്പു വരുത്തി.
എന്ത് പറ്റി നിനക്ക്? ഒരു ക്ഷീണം
അമ്മ കരുതലിന്റെ ചോദ്യങ്ങൾ തൊടുത്തു വിടാൻ തുടങ്ങി. ഇഷിത ഒന്നും മിണ്ടാതെ അമ്മയുടെ തോളിലേക്ക് ചാഞ്ഞ് കിടന്നു.
പിസിഒഡി ആണെന്ന് തോന്നുന്നു. ഇപ്പോ രണ്ട് വട്ടമായി ഇങ്ങനെ. മുഴുത്തത് നോക്കി ഒരു നുണ ചേച്ചി പടച്ച് വിട്ടു. അമ്മയെ തൃപ്തിപ്പെടുത്താൻ അത് മതിയാവുമെന്ന് തോന്നുന്നു.
എന്നാ പിന്നെ ഒരു ഡോക്ടടറെ കണ്ടൂടെ നിനക്ക്. എന്തിനാ ഇങ്ങനെ വെച്ച് താമസിപ്പിക്കുന്നേ.
അവളുടെ ക്ഷീണം മാറിയിട്ട് പോകാമെന്ന് കരുതിയിരിക്കുകയായിരുന്നു ഞങ്ങൾ. വീണ്ടും ചേച്ചി തന്നെയാണ് മറുപടി പറഞ്ഞത്. ഇഷിത പുറത്തെ റോഡിലേക്ക് നോക്കിക്കൊണ്ട് അമ്മയുടെ തോളിൽ കിടന്നു.
പിസിഒഡി ഒക്കെ ഒരസുഖമാണോ.. നീ വന്ന നമ്മുടെ പറമ്പിൽ ദിവസം രണ്ട് തടമെടുത്താൽ മതി ഇതൊക്കെ മാറാൻ. നഗരം ഉണ്ടാക്കുന്ന ഓരോ അസുഖങ്ങളേ..
പെട്ടെന്നുള്ള വിധിപ്രഖ്യാപനം കേട്ട് അമ്മ അച്ഛനെ തുറിച്ച് നോക്കി. അബദ്ധം പറഞ്ഞതിനാൽ ഒന്നും മിണ്ടാതെ അച്ഛൻ സ്ഥലം കാലിയാക്കി.
രാത്രി ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞ് പാത്രം കഴുകുന്ന തിരക്കിലായിരുന്നു ചേച്ചിയും അമ്മയും. അടുക്കളയിലേക്ക് അപ്പോഴാണ് അച്ഛൻ കടന്നു വന്നത്.
ഞാൻ ചെയ്തോളാം. നീ പൊക്കോ.
ചേച്ചിയുടെ കയ്യിൽ നിന്നും പാത്രം വാങ്ങി അച്ഛൻ പറഞ്ഞു. വൈകുന്നേരത്തെ അബദ്ധം തിരുത്താനുള്ള ശ്രമം മനസ്സിലാക്കി ചേച്ചി സ്ഥലം കാലിയാക്കി.
രാജീ.. അയാൾ മെല്ലെ വിളിച്ചു.
പിസിഒഡി മാറാൻ പറമ്പിലെ പണി മതിയെന്ന് നിങ്ങളോടാരാ പറഞ്ഞത്?
അത് മാറുന്ന അസുഖമൊന്നുമല്ലെന്ന് എനിക്കറിയാം.
പിന്നെന്തിനാ അങ്ങനത്തെയോരോ പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കാൻ നിക്കുന്നേ. അവൾക്ക് വയ്യാത്തത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു.
അവളെ ഒന്ന് ശുണ്ഠി പിടിപ്പിച്ചില്ലെങ്കിൽ ഒരു സുഖവുമില്ല. അതോണ്ട് ചെയ്തതാ. പക്ഷേ നീ ശ്രദ്ധിച്ചോ അവളൊന്നും തിരിച്ചു പറഞ്ഞില്ല.
ക്ഷീണിച്ച് കിടക്കുന്ന അവളെന്ത് പറയാനാ.
അവളിത്രേം ക്ഷീണിച്ച് ഞാൻ കണ്ടിട്ടില്ല.
പിസിഒഡി ഇങ്ങനെ ഒക്കെ തന്നാ..
ഇതതല്ല. വേറെന്തോ ആണ്.. അവളുടെ റൂമിൽ ഞാനെന്തോ മരുന്നൊക്കെ കണ്ടു. അവൾ അത് കഴിച്ചിട്ടാണോ ഇങ്ങനെ എന്നാ എന്റെ സംശയം.
എന്ത് മരുന്ന്..
ആ.. നോക്കാം നമുക്ക്. അയാൾ പാത്രങ്ങൾ കഴുകി വെച്ചിട്ട് അടുക്കള വിട്ടു.
അമ്മ മുറിയിലേക്ക് ചെന്നപ്പോൾ അച്ഛൻ ഫോണിൽ തിരക്കിട്ട വായനയിലായിരുന്നു. അമ്മയെ കണ്ട് അയാൾ ഫോൺ ലോക്ക് ആക്കി മാറ്റി വെച്ചു. അമ്മയുടെ സംസാരങ്ങൾക്ക് മൂളലുകളുടെ ഏറ്റക്കുറച്ചിലിൽ മറുപടി നൽകി അയാൾ പതിയെ ഉറങ്ങി.
പിറ്റേന്നും ഇഷിത എഴുന്നേൽക്കാൻ ഉച്ച കഴിഞ്ഞിരുന്നു. കഷ്ടപ്പെട്ട് തല നേരെ നിർത്തി മുറിക്ക് പുറത്തിറങ്ങിയപ്പോൾ എല്ലാവരും മടുപ്പിക്കുന്ന എതോ സിനിമ നൂറാം വട്ടം കണ്ടുകൊണ്ട് ഹാളിൽ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെ നോക്കിക്കൊണ്ട് അവൾ നേരെ തീൻമേശയിലേക്ക് പോയി. ഭക്ഷണം കഴിച്ചു കഴിഞ്ഞതും ടിവിയുടെ ശബ്ദം നിലച്ച് ഹാളിൽ കനത്ത നിശബ്ദത നിർമിക്കപ്പെട്ടു. സോഫയിൽ ഇഷിത ഇരുന്നതിന്റെ ശബ്ദം അതിനെ കീറിമുറിച്ചു.
എന്തിനുള്ള മരുന്നാണ് നീ കഴിക്കുന്നത്?
അച്ഛൻ ചോദിച്ചു.
മറുപടി നൽകാൻ കെൽപ്പില്ലാതെ അവൾ ചേച്ചിയെ നോക്കി.
അത് വെറും ഉറക്കഗുളികകളാണച്ഛാ. ചേച്ചിയുടെ വകയാണ് ഉത്തരം വന്നത്.
നിന്റെ അച്ഛനാണ് ഞാൻ. എനിക്കെല്ലാം അറിയാമെന്നല്ല. എന്റെ സംശയങ്ങൾ തീർത്ത് തരാൻ കഴിവുള്ള സുഹൃത്തുക്കൾ എനിക്കുണ്ടെന്നത് ഓർത്തിട്ട് വേണം നീ എന്നോട് കള്ളം പറയാൻ. മനസിലായോ.
അച്ഛന്റെ ശബ്ദം ഉയർന്നിരുന്നു. കാര്യം മനസിലാകാതെ അമ്മ ചേച്ചിയേയും ഇഷിതയേയും മാറി മാറി നോക്കി. ചേച്ചി ഒന്നും മിണ്ടാതെ താഴേക്ക് നോക്കിയിരിപ്പാണ്.
ശ്വാസം നീട്ടി ഉള്ളിലേക്കെടുത്ത് സ്വയം തണുത്ത ശേഷം അച്ഛൻ തുടർന്നു.
നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളറിയാതെയല്ല സോൾവ് ചെയ്യേണ്ടത്. ഇത്തരം മരുന്നുകളൊക്കെ കഴിക്കുന്നതിനു മുൻപ് ഒരു ബെറ്റർ അഡ്വൈസ് കൂടി വാങ്ങുന്നത് നല്ലതായിരുന്നു. ഇതിനൊക്കെ എന്തോരം സൈഡ് എഫക്ട്സ് കാണുമെന്ന് വല്ല പിടിയുമുണ്ടോ
കാര്യങ്ങളിൽ ഏകദേശധാരണ പിടി കിട്ടി തുടങ്ങിയപ്പോൾ അമ്മക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.
അത് അച്ഛാ.. ഇവള് സെക്സ് ചേഞ്ച് സർജറി ചെയ്യാണമെന്ന് പറഞ്ഞപ്പോ..
പറഞ്ഞപ്പോ നീ കരുതി മരുന്ന് കൊടുത്ത് മാറ്റാൻ പറ്റുന്ന മാനസികപ്രശ്നമാണ് അതെന്ന്. ല്ലേ.
അവളുടെ വെറും തോന്നലല്ലേ അച്ഛാ.
എന്ന് നീ തീരുമാനിച്ചാൽ മതിയോ.. കഷ്ടം തന്നെ. നിന്നെയൊക്കെ എന്തിനാ ഞാൻ പഠിപ്പിച്ചേ..
അച്ഛനോട് തട്ടിക്കേറാൻ പറ്റാതെ ചേച്ചി നിന്ന് വിഷമിച്ചു. അമ്മ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. അമ്മയെ ആശ്വസിപ്പിച്ച് കൊണ്ട് അച്ഛൻ പറഞ്ഞു.
തെറ്റായ ലിംഗത്തിൽ ജനിക്കുക എന്നത് ആർക്കും സംഭവിക്കാം. അത് മനസിലാക്കി കൂടെ നിൽക്കുക എന്നതാണ് എന്റെ തീരുമാനം. എന്റെ മകൾക്ക് ഇക്കാര്യത്തിൽ ഉറപ്പുണ്ടെങ്കിൽ അവളിന്ന് മുതലെനിക്ക് മകനാണ്. എതിരഭിപ്രായമുള്ളവർക്ക് വിയോജിക്കാം. പക്ഷെ എന്റെ തീരുമാനം മാറില്ല.
പറഞ്ഞു കഴിഞ്ഞതും അച്ഛൻ അവളുടെ മുറിയിലേക്ക് പോയി. ദേഷ്യം പൂണ്ട് ചേച്ചി അവളുടെ മുറിയിൽ പോയി ശക്തിയിൽ വാതിലടച്ചു. ആ ശബ്ദം കേട്ട് അമ്മ ഞെട്ടലിൽ നിന്നും പുറത്ത് വന്ന് മകളെ നോക്കി. എഴുന്നേറ്റ് അവളുടെ അടുത്ത് വന്ന് തരിച്ചിരുന്നു.
തിരിച്ച് വന്ന അച്ഛൻ മരുന്നുകളെടുത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിലേക്കിട്ടു. ഇഷിത സന്തോഷം കൊണ്ട് കരയാൻ തുടങ്ങിയിരുന്നു. അച്ഛൻ അവളുടെ അടുത്ത് വന്നിരുന്നതും അവൾ അച്ഛനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.