പെയ്തു തോർന്ന മഴയുടെ സ്വാധീനം കാരണമാവാം, റോഡിൽ ആവശ്യത്തിൽ കൂടുതൽ തിരക്കുണ്ടായിരുന്നു. ഇഴുകി ചേർന്നു പോകുന്ന വാഹനങ്ങൾക്കിടയിൽ ടാക്സി കാറിന്റെ ജനാലയിൽ തല വെച്ചു കൊണ്ട് മദി ആകാശത്തിലേക്ക് നോക്കി. ചുറ്റുപാടും ഇരുട്ടു മൂടി കിടക്കുന്നുണ്ടെങ്കിലും കാർമേഘങ്ങൾ വിശ്രമത്തിലാണ്. തൊട്ടു മുൻപ് പെയ്ത മഴത്തുള്ളികൾ ഗ്ലാസിൽ പളുങ്കുമണികൾ പോലെ കിടക്കുന്നുണ്ട്. ആദ്യമായി വേദയെ കണ്ട ദിവസം അവൾക്ക് ഓർമ വന്നു. അവന്റെ കണ്ണുകൾ മാത്രമാണ് അവൾ അന്ന് കണ്ടത്. പളുങ്കുമണികൾ പോലെ തെളിഞ്ഞ കണ്ണുകൾ. അതേ കണ്ണുകളിൽ പിന്നീട് പലപ്പോഴും അവൾ തന്നോടുള്ള പ്രണയം കണ്ടു.
വേദ ഡൽഹിയിൽ നിന്നും മലയാളം സിനിമയോടുള്ള കടുത്ത പ്രണയം കാരണം പഠിക്കാനെന്ന പേരിൽ കേരളത്തിലേക്ക് ഓടി വന്ന ഒരു മലയാളി ആയിരുന്നു. സിനിമകളും പുസ്തകങ്ങളും ലഹരിയായി ആവേശിച്ചവൻ. പുസ്തകങ്ങൾ ആവേശപൂർവം വായിച്ചു തീർക്കുന്ന, തകാഷി മൈക്കിന്റെ സിനിമകൾ തപ്പി പിടിച്ചു വീണ്ടും വീണ്ടും കാണുന്ന ഒരുവൻ. എങ്ങനെ ഇത്രയും ക്രൂരത കാണാൻ പറ്റുന്നു എന്നു ചോദിച്ചപ്പോഴൊക്കെ അവൻ പറഞ്ഞിട്ടുണ്ട്,
“തകാഷി മൈക്ക് കാഴ്ചക്കാരനെ ക്രൂരത അനുഭവിപ്പിക്കുന്ന സംവിധായകനാണ്. അയാളുടെ കാഴ്‌ചക്കാർക്ക് ആർക്കും മറ്റൊരാൾക്കു നേരെ ക്രൂരത പ്രവർത്തിക്കാൻ പറ്റില്ല എന്നു ഞാൻ വിശ്വസിക്കുന്നു. അതു കൊണ്ട് എനിക്ക് അത് കാണാനും ബുദ്ധിമുട്ടില്ല. അതു പോലെ ഒരു സംവിധായകൻ ആവാൻ ഞാൻ ആഗ്രഹിക്കുന്നു”
മനസിലാകാത്ത ഒരു ഫിലോസോഫി എന്നു മാത്രം കരുതി അത്തരം സന്ദർഭങ്ങളിൽ അവനിൽ നിന്നും തകാഷി മൈക്കിന്റെ സിനിമകളിൽ നിന്നും മാറി നിൽക്കുക എന്നതല്ലാതെ മറ്റൊന്നും അവൾക്ക് ചെയ്യാനുണ്ടായിരുന്നില്ല.
കൈരളിയിലേക്കും കലാഭവനിലേക്കും ശ്രീപദ്മനാഭയിലേക്കും മറ്റനവധി തീയറ്ററുകളിലേക്കും സിനിമകൾ കാണാൻ ഇടതടവില്ലാതെ ഓടി ക്ഷീണിച്ച് അവന്റെ നെഞ്ചിൽ ചാരി ടാഗോർ തീയറ്ററിലെ കൽത്തിണ്ടിൽ ഇരുന്ന ഫെസ്റ്റിവൽ നാളുകളിൽ ഒന്നിൽ അവൻ അവളോട് പറഞ്ഞു.
“സാറയോട് എനിക്ക് പ്രണയം ആണെന്ന് തോന്നുന്നു”.
പിന്നിലെ ആഴത്തിലേക്ക് വീണു പോകാതിരിക്കാൻ വേണ്ടി അവൾ കരിയിലകൾ മൂടി കിടന്ന മണ്ണിലേക്ക് അവന്റെ നെഞ്ചിൽ നിന്നും ചാടി ഇറങ്ങി. പളുങ്കുമണികൾ പോലുള്ള അവന്റെ കണ്ണുകളിലേക്ക് നോക്കാൻ അവൾക്ക് ഭയമായിരുന്നു. അതിൽ പ്രണയത്തിന്റെ മറ്റൊരു തിര ഉയർന്നു വരുന്നത് അവൾക്ക് സഹിക്കാവുന്നതിനപ്പുറത്തായിരുന്നു.
ദിവസവും മൂന്നു നേരം പല്ലു തേക്കുന്ന, ഒരാൾ ഡൽഹിയുടെ ഏത് ഭാഗത്ത് നിന്നു വരുന്നെന്നു അയാളുടെ പല്ലു നോക്കി തിരിച്ചറിയാമെന്നു പറയുന്ന ഡെൽഹിക്കാരി സാറയെ അവൾക്ക് വേദയുടെ സംസാരങ്ങളിലൂടെ അറിയാമായിരുന്നു. അവരുടെ ഇടയിൽ മാസങ്ങൾ മാത്രം നീണ്ടു നിന്ന പ്രണയവും അതിനു മുൻപും ശേഷവും വർഷങ്ങളായി തുടരുന്ന സൗഹൃദവുമെല്ലാം ഇന്നല്ലെങ്കിൽ നാളെ ഒരു ഭീഷണി ആയി തീരുമെന്നു മദിക്ക് പണ്ടേ അറിയാമായിരുന്നു.
“തോന്നുന്നു എന്നു പറഞ്ഞാൽ?”
“എന്നു പറഞ്ഞാൽ ഉറപ്പില്ല”
ഒരിക്കൽ പ്രണയിച്ചു പരാജയപ്പെട്ടിട്ടും വീണ്ടും ഉണരുന്ന വികാരങ്ങളുടെ തള്ളിക്കയറ്റം വേദയെ, മദിയുടെ നേർക്ക് നോക്കാൻ പ്രാപ്തനാക്കിയില്ല. ഉറപ്പില്ലാത്ത ഒരു രഹസ്യം എന്തിന് താൻ തുറന്നു പറയുന്നു എന്നവൻ ആലോചിക്കേണ്ടതായിരുന്നു. ഉറപ്പില്ലാത്ത കാര്യങ്ങൾ രഹസ്യങ്ങളായി മാത്രം ജീവിച്ചു മരിക്കേണ്ടവയാണ്.
“ഉറപ്പിക്കാൻ എന്നു പറ്റും?”
“അറിയില്ല.”
“അപ്പോൾ എന്ത് ചെയ്യാനാണ് പ്ലാൻ?” മദി ചോദ്യങ്ങളിൽ പിടിച്ചു കയറി പോവുകയാണ്.
“ഒരു ഇടവേള എടുത്ത് ആലോചിക്കണം എന്നാണ് കരുതുന്നത്.”
ഇടവേള എന്ന വാക്ക് മദിയിൽ ഉള്ളനക്കം സൃഷ്ടിച്ചു. അവൻ തന്നെ വിട്ടു പോകാനുള്ള പദ്ധതി ഇടുകയാണെന്ന് അവൾക്ക് മനസിലായി.
“നീ ആരെ വേണമെങ്കിലും പ്രണയിച്ചോളൂ. ഞാൻ കൂടെ തന്നെ കാണും. എനിക്ക് നിന്നെ വിട്ട് എവിടെയും പോകാൻ വയ്യ.” അവൾ പറഞ്ഞു.
താൻ കണ്ട ആത്മബലവും സ്വാഭിമാനവും ഉള്ള മദി എവിടെ എന്നു തിരഞ്ഞു വേദ അവളുടെ കണ്ണുകളിൽ നോക്കി. അതിൽ കണ്ണീർ ഉദിച്ചുയർന്നിരുന്നു. അതിന്റെ പ്രഭയേറ്റ് താൻ കാരണം പൊട്ടിചിതറിയ ഒരു മനസ്സിന്റെ ഉടമയെ അവൻ കണ്ടു.
“നീ ഇങ്ങനെ ഒന്നും സംസാരിക്കല്ലേ.” വേദക്ക് സങ്കടം വരുന്നുണ്ടായിരുന്നു. ഉയർന്നു വന്ന കണ്ണീർ പുറത്തേക്ക് വമിക്കും മുൻപ് തന്നെ താൻ അഭിനയിക്കുകയാണോ അതോ ശരിക്കും കരയുകയാണോ എന്ന് അവനു തന്നെ സംശയമായി. കണ്ണീരിനെ വറ്റിച്ചു കളഞ്ഞ് അവൻ അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി.
ഒരു ഇടവേള മാത്രമാണ് തനിക്ക് വേണ്ടതെന്നും നിന്നെ ചതിക്കാൻ വയ്യാത്തത് കൊണ്ടാണ് ഈ സംശയം വന്നപ്പോഴേ ഞാനിത് നിന്നോട് പറഞ്ഞതെന്നും പറഞ്ഞു അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
“ഇനി ശരിക്കും നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നീ എന്ത് ചെയ്യും?”
അപ്രതീക്ഷിതമായ ആ ചോദ്യത്തിന് മുന്നിൽ അവനു അടി പതറി.
“അങ്ങനെയെങ്കിൽ എനിക്ക് ഈ ബന്ധത്തിൽ തുടരാൻ പറ്റില്ല. അത് ഞാൻ നിന്നോട് ചെയ്യുന്ന വഞ്ചനയാവും. മറ്റൊരു ബന്ധവും ഉണ്ടാകില്ല”
“അവൾ തയ്യാറാണെങ്കിലോ”
മദിയുടെ ചോദ്യങ്ങളുടെ ക്രൂരത മുൻപും പലപ്പോഴും വേദ അനുഭവിച്ചിട്ടുണ്ടെങ്കിലും ഈ ചോദ്യത്തിന് ഉത്തരം നല്കാനാവാതെ അനുഭവിച്ച നിശ്ശബ്ദതയായിരുന്നു അവനെ കീറി മുറിച്ചത്. തകാഷി മൈക്ക് തിരശീലയിൽ ചെയ്യുന്നതിനേക്കാൾ വലിയ ക്രൂരതയാണ് നീ എന്നോട് ചെയ്യുന്നതെന്ന് മാത്രം പറഞ്ഞ്, മറുപടിയായി ഒന്നും കേൾക്കാൻ നിൽക്കാതെ മദി ഇറങ്ങി നടന്നു. സിനിമകൾക്കിടയിൽ നിന്നും പോകുന്ന ആൾക്കൂട്ടത്തിന്റെ തിരക്കുകളിലേക്ക് അവൾ ചെന്നു കയറി മറഞ്ഞു.
ബസ് വഴിയിൽ എവിടെയോ എത്തിയപ്പോൾ മദിയുടെ ഫോൺ മണിയടിച്ചു. വേദയാണ്. അവൾ എടുത്തില്ല. നിർത്താതെ ഉള്ള അതിന്റെ മണിയടികളിൽ അടുത്തുള്ളവർക്ക് ശല്യം ഉണ്ടാകുന്നു എന്നു കണ്ടപ്പോൾ മദി ഫോൺ ഓഫ് ചെയ്ത് വെച്ചു. വീട്ടിലെത്തിയാണ് പിന്നീട് അവൾ അത് ഓണ് ആക്കിയത്. തുരുതുരായുള്ള whatsapp മെസ്സേജുകളും എസ് എം എസ്സുകളാലും നിറഞ്ഞു കുറച്ചു നേരത്തേക്ക് ഫോൺ അക്രമകാരിയായി മാറിയിരുന്നു. ഒരു ഉപഭോഗവസ്തുവിനെ പോലെ തന്നോട് പെരുമാറുന്ന വേദയോട് സംസാരിക്കാൻ താൽപര്യമില്ല എന്നു തീർത്ത് പറഞ്ഞു അവൾ മെസ്സേജുകളെയും വിളികളേയും മറ്റും ബ്ലോക്കഡ് ലിസ്റ്റിലേക്ക് മാറ്റി ഇട്ടു.
ദിവസങ്ങൾ കഴിഞ്ഞിട്ടും ബ്ലോക്കഡ് ലിസ്റ്റിലേക്ക് വരുന്ന അവന്റെ മെസ്സേജുകൾക്ക് യാതൊരു വിധത്തിലുള്ള കുറവും ഉണ്ടായിരുന്നില്ല. ഒന്നു കാണാൻ അനുവദിക്കൂ എന്നു ചോദിച്ചുള്ള മെസ്സേജുകൾ വരാതെ ആയപ്പോൾ അവൾ ആശ്വസിച്ചു. പക്ഷെ രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഒരു മെസ്സേജ് വന്നു. ബി പി കൂടി ഡോക്ടറെ കാണേണ്ടി വന്നു. ഇനിയെങ്കിലും എന്നെ ഒന്നു കാണാൻ അനുവദിക്കൂ. ദയനീയത നിറഞ്ഞ ആ മെസ്സേജിനെയും അവൾ തഴഞ്ഞു വിട്ടു. പിന്നീടും അനവധി മെസ്സേജുകൾ വന്നെങ്കിലും ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന വാശിയിൽ അവൾ ഒന്നിനും മറുപടി കൊടുക്കാൻ നിന്നില്ല. വളരെ പെട്ടെന്ന് തന്നെ മദി മറ്റൊരു ബന്ധത്തിലേക്ക് പോവുകയും ബ്ലോക്കഡ് മെസ്സേജുകളുടെ കാര്യം തന്നെ മറക്കുകയും ചെയ്തു.
വർഷങ്ങൾക്കിപ്പുറം സ്വന്തം കല്യാണത്തിന് അവനെ ക്ഷണിക്കാൻ പോകുമ്പോൾ മനസ്സിൽ എവിടെയോ മറന്നു കിടന്ന ഒരു പക ഒടുക്കുന്നതിന്റെ സന്തോഷമുണ്ട്. വേദയെ പോലെ സിനിമാക്കാരൻ അല്ലെങ്കിലും തന്നെ മാത്രം സ്നേഹിക്കുന്ന ഒരാളെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നതെന്നും അതും പ്രണയിച്ചു തന്നെയാണ് ചെയ്യുന്നതെന്നും മുഖത്ത് നോക്കി പറയാൻ അവൾ വെമ്പൽ പൂണ്ടു.
കാർ തിരക്കുകൾ മാറി കടന്നു കഫേയിലേക്ക് എത്തി. ബഹുമാനിക്കേണ്ട കൃത്യനിഷ്ഠ കാണിച്ച് വേദ സമയത്ത് തന്നെ എത്തിയിരുന്നു. പുൽത്തകിടിയിൽ ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ്സും വെച്ച് ഗ്രീൻ ടീ കുടിച്ചു കൊണ്ടിരിക്കുന്ന വേദയുടെ അടുത്തേക്ക് ചെന്ന് അവൾ ഹായ് പറഞ്ഞു. എഴുന്നേൽക്കാൻ പോലും നിൽക്കാതെ അവനും തിരിച്ചു അഭിവാദ്യം ചെയ്തു. അവന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
“കല്യാണമാണല്ലേ”.. അവൻ ആണ് സംസാരത്തിന് തുടക്കമിട്ടത്.
“അതേ. എങ്ങനെ അറിഞ്ഞു?”
“ഫേസ്ബുക്കിൽ ഉണ്ടായിരുന്നല്ലോ.”
“നീ ഫ്രീ ആണെങ്കിൽ വരണം.” മദി കല്യാണക്കത്ത് എടുത്ത് മേശപ്പുറത്ത് അവനു നേരെ നീക്കി വെച്ചു. അതിനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ സംസാരം വഴി തിരിച്ചു വിട്ടു.
“എന്താണ് കഴിക്കാൻ പറയേണ്ടത്? യാത്രയിൽ ഒന്നും കഴിച്ചു കാണില്ലല്ലോ.”
“അതിനു മുൻപ് ഒന്നു റെസ്റ്റ്റൂമിൽ പോയിട്ട് വരാം” എന്നു പറഞ്ഞു മദി അകത്തേക്ക് പോയി. തിരിച്ചു വരുമ്പോഴേക്ക് അവളെ കാത്ത് മേശപ്പുറത്ത് ഇഡലിയും സാമ്പാറും അത് കഴിഞ്ഞു കഴിക്കാൻ ഒരു പേസ്ട്രിയും കാത്തിരുന്നു. മനസ്സ് വായിക്കാനുള്ള കഴിവ് അവനു നഷ്ടപെട്ടിട്ടില്ലല്ലോ എന്ന ആശ്ചര്യത്തിൽ അവൾ അത് കഴിക്കാൻ തുടങ്ങി.
“നല്ല വിശപ്പുണ്ടല്ലേ..”
“ഉം.. വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് കുറെ നേരം ആയില്ലേ..” വിശപ്പിന്റെ ആധിക്യത്തിൽ താൻ അക്രാന്തം കാണിക്കുന്നുണ്ടോ എന്ന സംശയത്തിൽ അവൾ കഴിക്കുന്നതിനെ ഒന്നു പതിയെ ആക്കി.
“ബിൽ ഞാൻ അടക്കാം” തനിക്കേറ്റ ചമ്മൽ പോകാനെന്നോണം അവൾ പറഞ്ഞു.
“ഇവിടെ എനിക്ക് ബിൽ വരില്ല.”
“അതെന്താ”
“ഇതിന്റെ ഉടമസ്ഥരിൽ ഒരാൾ ഞാൻ ആണ്.” യാതൊരു വിധ ഭാവവ്യത്യാസവും ഇല്ലാതെ വേദ പറഞ്ഞു. മനസ്സിൽ തോന്നിയ മതിപ്പ് പുറത്ത് കാണിച്ചാൽ തോൽവിയാകുമോ എന്ന തോന്നലിൽ അവൾ അടുത്ത ചോദ്യമെറിഞ്ഞു.
“വേറെ എന്തൊക്കെയുണ്ട് അപ്പോൾ ബിസിനസ് ?”
“സിനിമ എഴുതും, പ്രൊഡ്യൂസ് ചെയ്യും. പിന്നെ ഇതും. അത്ര തന്നെ.”
“സിനിമ ഞാൻ കാണാറുണ്ട്. ചിലതൊക്കെ എനിക്ക് ഇഷ്ടമാവുകയും ചെയ്തിരുന്നു.”
“എന്നിട്ട് നീ ഒരു മെസ്സേജ് പോലും അയച്ചില്ലല്ലോ”
“നിനക്ക് അഹങ്കാരം ആയാലോ എന്നു കരുതി.” നീണ്ടു പോകുന്ന സംഭാഷണത്തിനെ തമാശ പറഞ്ഞ് ലഘൂകരിക്കാൻ ഒരു ശ്രമം അവൾ നടത്തി.
കുറിക്ക് കൊണ്ട ഏറു പോലെ ആ തമാശ വേദയെ ചിരിപ്പിച്ചു. അത്രയും നേരം ഗാഭീര്യത്തോടെ ഇരുന്ന അവൻ ചിരിക്കുന്നത് കണ്ടപ്പോൾ മദി ശ്രദ്ധിച്ചത് അവന്റെ വെളുത്ത പല്ലുകളിലേക്കായിരുന്നു. അത് സാറയുടെ ഓർമകൾ അവളിലേക്ക് കൊണ്ട് വന്നു.
“സാറ…” മുഴുവിക്കാൻ പറ്റാത്ത ഒരു ചോദ്യം അവർക്കിടയിൽ കിടന്നു കറങ്ങി.
അന്തരീക്ഷത്തിന്റെ മാറ്റം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കി, സാറ അവളുടെ കാമുകന്റെ കൂടെ യൂറോപ്പിൽ താമസമാക്കിയ കാര്യം മദിയോട് അവൻ പറഞ്ഞു.
“അവളോട് നിന്റെ പ്രണയം പറഞ്ഞില്ലേ അപ്പോൾ?”
“അത് പ്രണയം ആയിരുന്നില്ല”
“പിന്നെ?”
“എന്റെ വെറും ഇൻസെക്യൂരിറ്റീസ്..”
വൈകാരികമായ അത്തരം സംഭാഷണങ്ങളിലേക്ക് അധികം കടക്കണ്ട എന്ന ചിന്തയിൽ അവൾ ചോദിച്ചു.
“എന്നിട്ടിപ്പോൾ ആരോടാണ് പ്രണയം?”
അതിനു വെറുമൊരു പുഞ്ചിരി മാത്രം നൽകി അവൻ മൗനം കുടിച്ചു.
“പുതിയ സിനിമകൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടോ?” ആദ്യത്തെ ചോദ്യം ഉന്നം തെറ്റിയ സ്ഥിതിക്ക് മറ്റൊന്ന് കൊണ്ട് എല്ലാം ശരിയാക്കാമെന്നു കരുതി മദി വീണ്ടും ചോദിച്ചു.
“ഒന്നു രണ്ടെണ്ണം നടക്കുന്നുണ്ട്.”
“ആഹാ. അപ്പൊ കൈ നിറയെ കാശുണ്ടല്ലേ ഇപ്പോൾ.” അതിനും അവൻ പുഞ്ചിരി മാത്രമാണ് മറുപടിയായി തന്നത്. പണ്ടും അവനെ സംബന്ധിച്ചിടത്തോളം പണം താല്പര്യമുള്ള വിഷയം ആയിരുന്നില്ല എന്നവൾ ഓർത്തു.
സമയം കുറെ ആയിരുന്നു. തിരിച്ച് വീട്ടിലെത്തിയിട്ടു കല്യാണത്തിന്റെ അടുത്ത പരിപാടികൾ ചെയ്യാൻ ഉണ്ടെന്നു അവൾ ഓർത്തു.
“ഞാൻ ഇറങ്ങട്ടെ?”
“നേരെ വീട്ടിലേക്കാണോ?” അവൻ ചോദിച്ചു.
“അതെ. ബസിൽ ഇരുന്നു കാണാൻ ഏതെങ്കിലും സിനിമ പറയാമോ നിനക്ക്. നിന്റെ സിനിമ വേണ്ട. അതൊക്കെ കണ്ടതാണ്.”
“ഞാൻ ഇപ്പോൾ സിനിമകൾ കാണാറില്ല.”
“അതെന്താ?” സിനിമയിൽ ജോലി ചെയ്യുന്ന ആൾ സിനിമ കാണാറില്ലെന്ന ആശ്ചര്യത്തോടെ അവൾ ചോദിച്ചു.
മറുപടിയെന്നോണം അവൻ സ്വന്തം sunglass എടുത്ത് മേശപ്പുറത്ത് വെച്ചു. കണ്ണടക്ക് കീഴിൽ അത്രയും നേരം ഒളിപ്പിച്ചു വെച്ചിരുന്ന ആ കണ്ണുകൾ അവൾ കണ്ടു. കാഴ്ചയുടെ പ്രകാശം ഇറങ്ങി പോയ രണ്ട് ചെരാതുകൾ.
“ഇത്… ഇതെങ്ങനെ??” ആ കാഴ്‌ച അവളെ നടുക്കുന്നതായിരുന്നു.
“ഹൈപ്പെർട്ടൻസീവ് റേറ്റിനോപതി. ബ്ലഡ് പ്രഷർ കൂടുമ്പോൾ സംഭവിക്കുന്നതാണ്.”
അത്ര മാത്രം പറഞ്ഞു കൊണ്ടവൻ sunglass തിരികെ വെച്ചു.
അവളുടെ കാഴ്ചയെ മറച്ചു കൊണ്ട് ആകാശത്തു നിന്നും പളുങ്കുമണികൾ വീണു തുടങ്ങിയിരുന്നു. മഴയിലേക്ക് ചേർന്ന് അവൾ അലിഞ്ഞില്ലാതായി.