നഷ്ടപ്പെട്ടതിനെയോര്‍ത്ത് ദുഖിക്കുക എന്നതാണല്ലോ ബഹുഭൂരിപക്ഷം വരുന്ന മധ്യവയസ്ഖരുടെയും വിനോദം. കഴിഞ്ഞ നൂറ്റാണ്ടിലെ കാടിന്‍റെയും മലയുടേയും തോടിന്‍റെയും പുഴയുടെയും കഥകള്‍ പാടി സൈബര്‍ പാണന്‍മാര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് നടത്തുമ്പോള്‍ നമുക്ക് നഷ്ടമായതിനെയോര്‍ത്ത് നാം വേവലാതിപ്പെടും. വെട്ടിയെറിഞ്ഞ കാടുകള്‍ക്കും നിരത്തിയ മലകള്‍ക്കും മധ്യേ നാം നഷ്ടപ്പെട്ട ബാല്യത്തെ തിരയും. ഈ തിരച്ചിലുകള്‍ക്കൊടുവില്‍ സങ്കടപ്പെടാനല്ലാതെ യാതൊരു വിധത്തിലുമുള്ള അനുമാനത്തിലുമെത്തിച്ചേരാന്‍ സാധിക്കാതെ നമുക്ക് വേണ്ടതെന്താണെന്ന് ആലോചിക്കാന്‍ സമയം ചിലവിടാതെ നാം ഉറങ്ങാന്‍ കിടക്കും. മറവിയെ അനുഗ്രഹമായ്കണ്ട് പിറ്റേ ദിവസവും നാം പതിവു പോലെ എഴുന്നേല്‍ക്കും.
നമുക്ക് വേണ്ടത് ആരാധനാലയങ്ങളാണ്. കുന്നിനു മുകളില്‍, കാടിനു നടുവില്‍, പുഴക്കും തോടിനും കുറുകേ.. അങ്ങനെയങ്ങനെയങ്ങനെ.
ആരാധനാലയങ്ങള്‍ കേവലം ഭക്തിയുടെ താങ്ങില്‍ സൃഷ്ടിക്കപ്പെടുന്നവയല്ല. അബലമായ വിശ്വാസങ്ങളിലൂടെ ശക്തമായ് ഉയര്‍ന്നു പൊങ്ങുന്നവയാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയല്ല, അവയെ പിന്‍താങ്ങുകയുമല്ല. പക്ഷെ മുക്കിലും മൂലയിലും ആരാധനാലയങ്ങള്‍ ഉയര്‍ന്നു പൊങ്ങേണ്ടതിന്‍റെ ആവശ്യകത ഉയര്‍ത്തിക്കാട്ടാതിരിക്കാനാവില്ല. രാഷ്ട്രീയക്കണ്ണില്‍ ഇതിനെ കാണേണ്ടതില്ല. പാരിസ്ഥിതികമായ് മാത്രം കണ്ടാല്‍ മതി.
മനുഷ്യന്‍റെ ആര്‍ത്തിക്കു മുന്നില്‍ കീഴ്പ്പെടാതെ നിന്ന കുന്നുകളെയും മലകളെയും കാടുകളെയും പുഴകളെയും ശ്രദ്ധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യം അവയെല്ലാം ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുന്നു എന്നതാണ്.(കൃത്യമായ കണക്കല്ല). അവനവന്‍റെ പറമ്പില്‍, തെരുവോരങ്ങളില്‍, സ്കൂള്‍മുറ്റങ്ങളില്‍, കാടുകളില്‍, തോടുകളില്‍, പുഴകളിലൊക്കെ തന്നെ നാം കാണുന്ന മാലിന്യങ്ങള്‍ (മിഠായികടലാസ്സു മുതല്‍ ജൈവവും അജൈവവുമായ പല തരം മാലിന്യങ്ങള്‍ വരെ) ആരാധനാലയങ്ങളുടെ പരിസരപ്രദേശങ്ങളില്‍ അപ്രത്യക്ഷമാവുന്നതെന്തു കൊണ്ടാണ്? കൃത്യമായ മാലിന്യനിര്‍മ്മാര്‍ജ്ജനപ്രക്രിയകളിലൂടെ കടന്നുപോകുന്നവയാണ് നമ്മുടെ ആരാധനാലയങ്ങള്‍.അതിനു വേണ്ടി പ്രത്യേകം നിയമിച്ച വ്യക്തികളും ഇവിടങ്ങളിലുണ്ട്. ഇവരെക്കൂടാതെ പ്രധാനപ്പെട്ട മറ്റൊന്നുള്ളതെന്തെന്നാല്‍ സര്‍വ്വലോകപ്രപഞ്ചത്തിനുമതീതനായ ഒരാളുണ്ട് എന്ന വിശ്വാസമാണ്(വിശ്വാസത്തിന്‍റെ മൗഢ്യതയെക്കുറിച്ച് വിശദീകരിക്കേണ്ടതില്ല.). ഇതാണ് ആരാധനാലയങ്ങളില്‍ മാലിന്യനിക്ഷേപം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കാത്തതിലെ ചാലകശക്തി.
പാരിസ്ഥിതികപ്രശ്നമായ കുന്നും മലയുമൊക്കെ നിരത്തുന്നതിന് ഇരയാകാതിരിക്കാന്‍ പല കുന്നുകളെയും സഹായിക്കുന്നത് അതിനു മുകളിലുണ്ടെന്നു പറയപ്പെടുന്ന ദൈവികതയാണ്. ശബരിമലയുള്‍പ്പെടെയുള്ള പല മലകളും കുുന്നുകളും ഉദാഹരണങ്ങളാണ്. ഇവിടങ്ങളില്‍ കൃത്യമായ് നടക്കുന്ന മാലിന്യനിര്‍മ്മാര്‍ജനത്തിനു കാരണവും ഈ \’ദൈവകൃപ\’ തന്നെ.
അടുത്തിടെ ശ്രീലങ്കയില്‍ നിന്നും തലസ്ഥാനത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥ അമ്പരന്നത് സമ്പൂര്‍ണ്ണസാക്ഷരതയെക്കുറിച്ചോര്‍ത്തല്ല, മറിച്ച് സമ്പൂര്‍ണ്ണസാക്ഷരതയുണ്ടായിട്ടും കേരളത്തിലെ പൊതുസ്ഥലങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളെക്കുറിച്ചോര്‍ത്താണ്. മൂന്നു വര്‍ഷം മുന്‍പു വരെ സമാനസാഹചര്യങ്ങളില്‍ ജീവിച്ച തങ്ങള്‍ വരും തലമുറയെ പരിശീലിപ്പിച്ചെടുത്തതിന്‍റെ ഭാഗമായ് ശ്രീലങ്കയിലെ തെരുവോരങ്ങളില്‍ ഇപ്പോള്‍ മാലിന്യങ്ങളില്ല എന്നവര്‍ കൂട്ടിച്ചേര്‍ത്തു. നിര്‍ബന്ധിതശുചീകരണം അടിച്ചേല്‍പ്പിക്കുകയല്ല അവര്‍ ചെയ്തത്. മറിച്ച് വ്യക്തമായ ദിശാബോധം കുട്ടികളില്‍ ഉളവാക്കുകയാണ്. തദ്വാരാ ശ്രീലങ്കയിലെ തെരുവുകള്‍ ഇന്ന് വൃത്തിയുള്ളവയാണ്.
വിദ്യാലയങ്ങളും ആരാധനാലയങ്ങള്‍ തന്നെയാണ്. ദൈവികത്വമുള്‍ക്കൊള്ളുന്നതുകൊണ്ടല്ല, വിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടുന്നത് വിദ്യാലയങ്ങളില്‍ വെച്ചാണ് എന്നതിനാലാണത്. അധ്യാപകരാണ് വിദ്യാലയങ്ങളിലെ ആരാധനാമൂര്‍ത്തികള്‍. അവരുടെ ഉദാഹരണങ്ങള്‍ ഐതിഹ്യങ്ങളില്‍ നിന്നും നേടിയെടുത്ത് അനുകരിക്കാനാണ് ഭക്തജനങ്ങള്‍ ശ്രമിക്കുക. വിദ്യാര്‍ത്ഥികളാണിവിടെ ഭക്തരായ് വര്‍ത്തിക്കുന്നത്.
മിഠായികടലാസ്സുകളില്‍ നിന്നും നാം ആരംഭിക്കണം. മാലിന്യസംസ്കരണം എന്നത് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്‍റെ ഉപോല്‍പന്നമാകണം. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലും തിരിച്ചറിവില്ലാതെ പ്രവര്‍ത്തിക്കാന്‍ ഇനിയൊരു തലമുറയെ നാം അനുവദിക്കരുത്. അതല്ലെങ്കില്‍ നമുക്ക് കുറേയധികം ആരാധനാലയങ്ങള്‍ ആവശ്യമായ് വരും. ഓരോ കാടിനു നടുവിലും കുന്നിനു മുകളിലും പുഴകള്‍ക്കും തോടിനും കുറുകേയും ഓരോ പറമ്പിലും വരെ ആരാധനാലയങ്ങള്‍ സ്ഥാപിക്കേണ്ടതായ് വരും. കപടവിശ്വാസങ്ങളിലൂന്നി നവജാതശിശുക്കളെ തൃശ്ശൂലത്തില്‍ കോര്‍ക്കാനല്ല മറിച്ച് അവര്‍ക്ക് വളരാന്‍ നല്ലൊരു പരിസരം നല്‍കാന്‍. വിളര്‍ച്ചയില്ലാതെ കളിച്ചു വളരാന്‍.
വാല്‍ക്കഷണം: വിശ്വാസം, അതല്ലേ എല്ലാം.