“എന്നെ കാണുമ്പോള്‍ കൃത്യമായ് നീയെങ്ങനെ ഊമയാകുന്നു..?”
“അറിയില്ല, എന്റെ ശരീരം തളര്‍ന്നു പോകുന്നു.” അവള്‍ പറഞ്ഞു.
“നടക്കാം?” ആള്‍ക്കൂട്ടത്തിന്റെ അരോചകതയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.
“ഉം.”
നട്ടുച്ചവെയിലില്‍ മണല്‍തരികള്‍ വെന്തുരുകുന്നുണ്ടായിരുന്നു.
“ഇവിടെ ഇരിക്കാം?” തണല്‍ കണ്ടെത്തിയ സന്തോഷത്തോടെ അവള്‍ പറഞ്ഞു.
“ഉം.”
“ദൂരെ.. കടലിനപ്പുറത്തുള്ള… ഏഴാംകടലിനുമപ്പുറത്തുള്ള… ഏഴു ദ്വീപുകള്‍ക്കുമപ്പുറത്ത്…” വാക്കുകള്‍ മുഴുവിപ്പിക്കാനാകാതെ എന്റെ നാവ് വിഷമിച്ചു. മുഴുവനാക്കാതെ വിട്ടതിനു വേണ്ടി അവള്‍ വാശി പിടിക്കുമെന്നു കരുതിയ എന്നോട് അവള്‍ പറഞ്ഞു.
“എനിക്ക് നിന്റെ കഴുത്തിലെ മാല വേണം.”
“ഇത് സ്വര്‍ണമൊന്നുമല്ല”
“എന്നാലും എനിക്കത് വേണം.”
“ശരി.”
“നീ കെട്ടിതരണം.”
മനസ്സിലെ അമ്പരപ്പും സന്തോഷവും പുറത്തുകാണിക്കാതെ ഞാന്‍ അവള്‍ പറഞ്ഞതു പോലെ ചെയ്തു.
“അങ്ങനെ നമ്മുടെ വിവാഹം കഴിഞ്ഞു.” ചിരിച്ചു കൊണ്ട് അവളൊരു പ്രസ്താവനയിറക്കി.
“എനിക്ക് നിന്നെ കെട്ടിപ്പിടിച്ചുമ്മ വെക്കാന്‍ തോന്നുന്നു.” ഞാന്‍ പറഞ്ഞു.
എന്നോട് ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ പറഞ്ഞു.
“ചെയ്‌തോ!”
അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നപ്പോള്‍ ശരീരങ്ങള്‍ തമ്മിലുണ്ടായിരുന്ന അകലം കുറയുന്നത് ഞാനറിഞ്ഞു.
പെട്ടെന്നെന്നെ തള്ളിമാറ്റി അവള്‍ പറഞ്ഞു.
“പേടിയാകുന്നു.”
ഒരു മന്ദഹാസത്തോടെ ഞാന്‍ പറഞ്ഞു.
“എനിക്കും.!”
സൂര്യന്‍ പൂര്‍വ്വാധികം ശക്തിയില്‍ തിളച്ചു മറിഞ്ഞു.
ഇത്തിരി തണലില്‍ ഞാനും അവളും കടല്‍ക്കാറ്റും പിന്നെ ഞങ്ങളുടെ ചുണ്ടുകളും കുറഞ്ഞു കുറഞ്ഞില്ലാതാകുന്ന അകലങ്ങള്‍ക്കു വേണ്ടി കാത്തിരുന്നു.