ജനനകിടക്കയിലും മരണ കിടക്കയിലും
വഴിയോരത്തും മണിമാളികയിലും
കടൽതീരത്തും കായൽ ചുഴികളിലും
കൂവിവിളിച്ചോതുന്ന തീവണ്ടികൾക്ക്
അകത്തും പുറത്തമൊരുപോലെ
കാണാം നിങ്ങൾക്ക് കനുവിനെ.
ജീവിതത്തിന്റേതായ
പല വേഷങ്ങളിൽ വേഷം കെട്ടലുകളിൽ
പരിചയത്തിന്റേയും അപരിചിതത്വത്തിന്റേതുമായ
പല വിധ മുഖംമൂടികൾ ധരിച്ച്
നിങ്ങൾക്ക് ചുറ്റും നൃത്തം
വെക്കുന്നവരിലുമുണ്ടാകാം കനു ദയാൽ.
ശീതീകരിച്ച മുറിയിലിരുന്ന്
സ്ക്രീനിലെ നാലു ബട്ടണുകളിൽ പൊരുതി
നിങ്ങൾ നേടിയെടുത്ത
അവകാശങ്ങളെക്കുറിച്ച്
കനുവിന് അറിയില്ലായിരുന്നു.
വഴിവിളക്കിന്റെ വെളിച്ചത്തിലും
നാലു ചുമരുകളുടെ ഇരുട്ടിലും
കനു തിരഞ്ഞ മൂന്നക്ഷരങ്ങളെ
വെളുത്ത വലിയ തിരശീലകളിൽ
പ്രണയം പ്രണയമെന്ന്
കൊട്ടിഘോഷിച്ചപ്പോഴും
സുരക്ഷ സുരക്ഷയെന്നാർത്തു
വിളിക്കുകയായിരുന്നു കനു.
അന്ത്യത്തിൽ
ആണിന്റേയോ പെണ്ണിന്റേയോ എന്ന്
തിരിച്ചറിയാനാകാത്ത വിധമേതോയൊരു
പട്ടി കടിച്ചു തുപ്പിയ ലിംഗം
കനുവിന്റെ കാലുകൾക്കിടയിൽ കിടന്ന്
വിങ്ങുന്നുണ്ടായിരുന്നു.