ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും ദിനങ്ങളായി കലണ്ടറില്‍ ഒതുങ്ങിക്കൂടേണ്ടവയല്ല നമ്മുടെ ഓണം എന്ന ഓര്‍മ്മപ്പെടുത്തലിലൂടെ തുടങ്ങട്ടെ..
എഴുതിയത് ആരാണെന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്ന
\”മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ\”
എന്ന ഓണപ്പാട്ട് തലമുറകളായ് പാടി പഠിച്ചുവരുന്ന നമ്മള്‍ ഈ വരികളുടെ സത്യാവസ്ഥ ഒരിക്കല്‍ പോലും പരിശോധിച്ചിട്ടില്ല. ഇനിയൊരിക്കല്‍ ഇത്തരമൊരു നാട് രൂപവത്കരിക്കാന്‍ സാധിക്കുമോ എന്നും ആലോചിച്ചു കാണില്ല. സാഹിത്യത്തെ സമയംകൊല്ലിയായി മാത്രം കണ്ടു ശീലിച്ചതിന്‍റെ ഭാഗമായി നഷ്ടപ്പെട്ട ചിന്താരീതിയിലൊന്നു മാത്രമാണത്.
ഏത് മുതലാളിഭീമന്‍റെ വായില്‍ കൊണ്ടുപോയി തല വെച്ചുകൊടുക്കാം എന്നതിനപ്പുറത്തേക്ക്, ഏത് ചാനലിലെ സിനിമകള്‍ കാണാം എന്നതിനപ്പുറത്തേക്ക് ഒരു ആലോചനയും നമ്മള്‍ ഓണക്കാലത്ത് നടത്താനിടയില്ല.
എന്തിലും ഏതിലും കമ്മ്യൂണിസം കാണുന്നത് മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകള്‍ മഞ്ഞയെ കാണുന്നതു പോലെയാണെന്നു പറയാന്‍ എളുപ്പമാണ്. എന്നാലും പറയാതെ വയ്യ, കമ്മ്യൂണിസ്റ്റ് ദര്‍ശ്ശനങ്ങളേക്കാള്‍ മഹത്തായ ചിലതിനെയാണ് മാവേലി നാടുവാണിടും കാലത്ത് പൂര്‍വികരാല്‍ വിഭാവനം ചെയ്യപ്പെട്ടത്. സാമ്പത്തികശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അതിനെ കൊന്നു തിന്നാനൊന്നും ഞാനില്ല, സാഹിത്യത്തിനും സാമ്പത്തികശാസ്ത്രത്തിനുമിടയില്‍ വിടവുകളുണ്ട് എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍.
മാവേലിയുടെ രൂപത്തേയും ഓണത്തിന്‍റെ തീരാത്ത ഗൃഹാതുരതയിലേക്കും നോക്കി വിസ്മൃതിയടയുന്നവരും, സദ്യവട്ടത്തിലെ വിഭവങ്ങളുടെ എണ്ണത്തെ അനന്തതയിലേക്ക് ആനയിക്കുന്നവരും, ആഘോഷത്തിമിര്‍പ്പില്‍ ഫയര്‍ എഞ്ചിനുകളും ആനവണ്ടികളുമെല്ലാം വാടകക്കെടുക്കുന്നവരുമെല്ലാം ഭാഗഭാക്കായ ഒരു സാമ്പത്തികശൃംഖല ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിനങ്ങളാണ് ഓണനാളുകള്‍. ഏതൊരു ശൃംഖലയേയും പോലെ തന്നെ താഴെ കിടയിലെ ജീവജാലങ്ങള്‍ക്ക് കിട്ടുന്ന പോഷകഗുണങ്ങള്‍ ഇവിടെയും നേരിയ തോതിലാണ്. പക്ഷേ, ആഹാരശൃംഖലയെ പോലെയുള്ളവയെ അപേക്ഷിച്ച് നോക്കിയാല്‍ സാമ്പത്തികശൃംഖലക്ക് അവകാശപ്പെടാവുന്ന ഒന്നുണ്ട്. അത് കീഴാളനും മേലാളനും ഒരു പോലെ അവകാശപ്പെടാവുന്ന സാമ്പത്തിക അഭിഗമ്യതയാണ്. തീര്‍ച്ചയായും അത്തരമൊരു സാമ്പത്തികനേട്ടം ആഗ്രഹിക്കുന്നവരും അര്‍ഹിക്കുന്നവരും നമ്മുടെ താഴെ ജീവിക്കുന്നുണ്ട്. ചുറ്റിലുമൊന്ന് കണ്ണോടിച്ചാല്‍ ദയവു തോന്നുന്ന ചില ജന്‍മങ്ങളെ കാണാം. അത്തരക്കാരെ ഈ അവസരത്തില്‍ ഓര്‍മ്മിപ്പിച്ച് സദ്യയിലെ ഒരു ഉരുള നിങ്ങളുടെ കണ്ഠനാളത്തില്‍ കുരുക്കുക എന്നതല്ല എന്‍റെ ലക്ഷ്യം. മറിച്ച് അവര്‍ക്കു വേണ്ടിയും നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കും എന്ന ഓര്‍മ്മപ്പെടുത്തലാണ്.
മനസ്സിന്‍റെ കമന്‍റ് ബോക്സുകള്‍ക്കപ്പുറത്തേക്ക് ചില വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കണമെന്ന ഓര്‍മ്മപ്പെടുത്തലോടെ നിര്‍ത്തട്ടെ…
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണദിനാശംസകള്‍.