അന്തമില്ലാത്ത നടത്തം.

രാവിലെ നനഞ്ഞ മഴ ഉണങ്ങിയിട്ടില്ല..
വിറച്ചു വിറച്ച്  ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് അച്ഛന്‍റെ ഫോണ്‍ വരുന്നത്.
സാര്‍ പഠിപ്പിച്ചോണ്ടിരിക്കുന്നതിന്റെ ഇടയില്‍ ഫോണ്‍ എടുത്തു സംസാരിക്കുന്നത് കണ്ടപ്പോളാണ് അനു ചോദ്യങ്ങളുമായി വരുന്നത്..
ആരാ?.. എന്താ..? സ്ഥിരം കുന്നായ്മകള്‍ തന്നെ.. അച്ഛനാണ്, രാവിലെ തിരക്കിട്ട് ഇറങ്ങിയപ്പോള്‍ ഭക്ഷണം എടുത്തിട്ടില്ല എന്നു അമ്മ വിളിച്ച് പറഞ്ഞത് കൊണ്ട് വിളിച്ചതാണ്.
അച്ഛന്റെ ഓഫീസിനു അടുത്ത് തന്നെയാണ് എന്റെ കോളേജും ..
ഉച്ചക്ക് ചെന്നാല്‍ ഭക്ഷണം ഒരുമിച്ച് കഴിക്കാം എന്ന് പറയാനാ വിളിച്ചതെന്ന് പറഞ്ഞിട്ടും അവള്‍ക്ക് വിശ്വാസം പോരാ.
അവസാനം ഫോണ്‍ എടുത്ത് കൊടുത്തപ്പോഴാണ് ഒന്നടങ്ങിയത്. വിളിച്ചത് അച്ഛനാണെന്ന് ഉറപ്പാക്കിയതിനു ശേഷവും അവള്‍ ഫോണില്‍ എന്തൊക്കെയോ നോക്കുന്നുണ്ടായിരുന്നു.
ഫോട്ടോസ് ആയിരിക്കും. ചെക്കന്മാരുടെ വല്ലതും ഉണ്ടോ എന്നറിയാന്‍ നോക്കുന്നതാവും..
പെട്ടെന്ന് തന്നെ ഫോണ്‍ തിരിച്ച് തന്നത് കണ്ടിട്ട് ഞാന്‍ ചോദിച്ചു, ആവശ്യമുള്ളത് ഒന്നും കിട്ടിയില്ലേ?
ഓ.. മൊത്തം കുടുംബ ഫോട്ടോയാ എന്നാ ഒഴുക്കന്‍ മറുപടി തന്നിട്ട് അവള്‍ ക്ലാസ്സ്‌ ശ്രദ്ധിക്കാന്‍ തുടങ്ങി.
എന്തോ പന്തികേടുണ്ടല്ലോ എന്ന് കരുതി ഫോണില്‍ ഒന്ന് കൂടി നോക്കിയ ഞാന്‍ കണ്ടത് കഴിഞ്ഞ ദിവസം നടന്ന അച്ഛന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോസ് ആയിരുന്നു.
ആഹ.. ചിലപ്പോ അവള്‍ക്ക് അത് കണ്ടു മടുത്തു കാണും.. ചുള്ളന്മാരോന്നും ഇല്ലല്ലോ..! അച്ഛന്‍ അല്ലെ.. അതും എന്‍റെ !! ഒരു ചാന്‍സും ഇല്ല..
ഉച്ചക്ക് ഒറ്റക്ക് നടക്കണ്ടേ എന്ന് വിചാരിച്ച് ഞാന്‍ അവളേയും കൂട്ടി അച്ഛന്റെ അടുത്തേക്ക് പോയി.
ഉച്ചക്ക് ഒരു അതിഥി കൂടി ഉണ്ടെന്നു പറഞ്ഞിരുന്നത് കൊണ്ട് അച്ഛന്‍ പരിച്ചയകുറവൊന്നും കാണിച്ചില്ല.
മാത്രമല്ല ആദ്യമായിട്ടായിരുന്നില്ല അവളെ അച്ഛന്‍ കാണുന്നതും.
അച്ഛന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുംമ്പോളും ഹോട്ടലിന്റെ ഭംഗിയാണവള്‍ നോക്കിയിരുന്നത്..
അവളുടെ സ്റ്റാര്‍ടിംഗ് ട്രബ്ള്‍ കണ്ട അച്ഛന്‍ തന്നെ അവര്‍ തമ്മിലുള്ള സംഭാഷണത്തിന് തുടക്കമിട്ടു.
\”എവടെയ മോള്‍ടെ വീട്?\”
പെട്ടെന്നുണ്ടായ ചോദ്യത്തില്‍ അവള്‍ തെല്ലൊന്നു പതറിയെങ്കിലും ഉത്തരം പറഞ്ഞു പിടിച്ചു നിക്കാന്‍ ശ്രമിച്ചു.
\”ഇവടെ.., ടൌണില്‍ തന്നെയാ.\”
അച്ഛന്‍ എന്ത് ചെയ്യുന്നു?
\”ഗള്‍ഫില്‍ ആയിരുന്നു. ഇപ്പൊ നാട്ടില്‍ ഉണ്ട്..\”
\”ഉം..\”
അവരുടെ ഇടയിലെ സംസാരത്തിനുള്ള ദ്രവ്യം തീര്‍ന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ ഇടക് കയറി.
\”കേട്ടോ അഛാ, ഇവള്‍ടെ അച്ഛന്‍ വന്നപ്പോ കൊണ്ട് വന്ന ചോക്ലേറ്റ് പോലും ഇത് വരെ ഞങ്ങള്‍ക്ക് ആര്‍ക്കും തന്നിട്ടില്ല ഈ ദുഷ്ട.. \”
\”നിനക്ക് ചോക്ലേറ്റ് വേണേല്‍ അത് പറഞ്ഞാല്‍ പോരെ.. അവളെ എന്തിനാ അതിനു പിരി കെറ്റുന്നേ..\”
അച്ഛന്റെ ആ പറച്ചിലില്‍ ഞാന്‍ ക്ലീന്‍ ബൌള്‍ഡായി..
ഇപ്പൊ നിങ്ങള് കമ്പനി ആയല്ലേ.. ഞാന്‍ ഔട്ട്‌.. ഹും .. കൊള്ളാം. എന്നും പറഞ്ഞു ഞാന്‍ പിന്‍വലിഞ്ഞു..
അനുവിനു .. എന്താ ഒരുത്സാഹം.. ഉന്മേഷം..
രണ്ടാളും നല്ല സംസാരം.. ഞാന്‍ വേഗം ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ഭക്ഷണവും വേഗം തീര്‍ത്ത് പിരിയുമ്പോള്‍ ഇനിയും കാണാം കേട്ടോ എന്ന് പറഞ്ഞാണ് അച്ഛന്‍ പോയത്..
തിരിച്ച് കോളേജിലേക്ക് നടക്കുമ്പോള്‍ ഞാന്‍ അവളോട് അച്ഛന്‍ വന്നിട്ട് എന്തോകെയുണ്ട് വിശേഷങ്ങള്‍ എന്ന് തിരക്കുവായിരുന്നു..
അതിനൊന്നും ഉത്തരം പറയാതെ അവള്‍ എന്റെ അച്ഛനെ പറ്റി ചോദിച്ചു കൊണ്ടേയിരുന്നു.
അത് കേട്ട് കുറച്ച് അസൂയ വന്ന ഞാന്‍ പിന്നെ ഒന്നും മിണ്ടാന്‍ പോയില്ല.
വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പോകാറാണ് പതിവ് .. അന്നും ഒരുമിച്ചായിരുന്നു നടത്തം..
ഈ വായാടി ആണേല്‍ വാ അടക്കുന്നില്ലല്ലോ എന്ന് ശപിച്ച് ഞാന്‍ അവള്‍ടെ കൂടെ നടന്നു..
ഒരു നിമിഷം കൊണ്ടാണെല്ലാം സംഭവിച്ചത്.. ഒരാള്‍ ഞങ്ങളെ കടന്നു പോകുന്നതും അയാളുടെ കൈകളില്‍ നിന്നും അവള്‍ കുതറുന്നതും പിന്നെ കരയുന്നതും ആണ് ഞാന്‍ കണ്ടത്.
തിരിഞ്ഞു നോക്കിയപ്പോള്‍ ഞങ്ങളെ കടന്നു പോയ ആള്‍ തിരിഞ്ഞു നിന്ന് കൂത്തിച്ചികള്‍ എന്ന് പറഞ്ഞത് പോലെ തോന്നി എനിക്ക്.
അത് കൂടി കേട്ടപ്പോള്‍ കലശലായ ദേഷ്യം വന്ന ഞാന്‍ അയാള്‍ടെ അടുത്തേക്ക് ചെന്നു.. ഓടാന്‍ തുടങ്ങിയ അയാളെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കുമ്പോഴും
ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. ആളുകള്‍ കൂടി..
എല്ലാവരും അയാള്‍ ചെയ്തത് എന്താണെന്നു ഊഹിച്ചു തുടങ്ങിയിരുന്നു.
അനു അപ്പോളും കരയുകയായിരുന്നു. പോലീസും ആള്‍ക്കൂട്ടവും ശിക്ഷ വിധിച്ച് പ്രതിയെ തൂക്കിലേറ്റുന്നത് കാണാന്‍ നില്‍ക്കാതെ ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.
\”നമുക്ക് പോവാം.\” അവള്‍ കരഞ്ഞു..
\”ശരി പോവാം\”
പോലീസുകാരോട് പോകുവാണെന്ന് പറഞ്ഞു ഞങ്ങള്‍ നടന്നു..
നടത്തത്തിനിടയില്‍ അവളെ ആശ്വസിപ്പിക്കാന്‍ വേണ്ടി ഞാന്‍ പലതും പറഞ്ഞു.
\”അയാള്‍ക്കു കിട്ടേണ്ടത് നാടുകാരും പോലീസും കൊടുത്തല്ലോ.. നിന്റെ വക ഞാനും കൊടുത്തിടുണ്ട് പിന്നെന്തിനാ വിഷമിക്കുന്നേ !\”
എന്റെ ചോദ്യം കേട്ടപോള്‍ അവള്‍ ഒന്ന് നിന്നു..
\”എന്നേ ഉണ്ടാക്കിയ അച്ഛനാ അത്..\”
ആ മറുപടി കേട്ട് ഞാന്‍ ഒരു നിമിഷം സ്തബ്ധയായി ..
അവള്‍ നടന്നു കൊണ്ടേയിരുന്നു..

Leave a Comment

Your email address will not be published. Required fields are marked *